മൂന്നാം മോദി സർക്കാരിന്റെ ബജറ്റ് സഖ്യകക്ഷികളെ പ്രീതിപ്പെടുത്താൻ നടത്തിയ പ്രഹസനം. ഒരു പ്രയോജനവുമില്ലാത്ത വാഗ്ദാനങ്ങൾ മാത്രമായി ബജറ്റ് ഒതുങ്ങി. തെരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന ആദ്യത്തെ ബജറ്റ് ആയതിനാൽ എൻഡിഎ സഖ്യം തകരാതിരിക്കാൻ ബീഹാറിനും ആന്ധ്രാപ്രദേശിനും വാരിക്കോരി പ്രഖ്യാപനങ്ങൾ നൽകിയിട്ടുണ്ട്. ധനകമ്മി കുറയ്ക്കുന്നതിനായി ഒരു ഇടപെടലും നടത്തിയിട്ടില്ല. രാജ്യത്ത് ഉയർന്നു വരുന്ന വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ യാതൊരു നടപടിയും സ്വീകരിക്കാൻ നിർമ്മല രാമനു ഇത്തവണയും സാധിച്ചിട്ടില്ല.
ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാതെയുള്ള പുതിയ എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് സഖ്യകക്ഷികളുടെ സമ്മർദങ്ങൾക്ക് പൂർണ്ണായി വഴങ്ങി. പ്രധാനസഖ്യകളായ നിതീഷ് കുമാറിന്റെ ബിഹാറും ചന്ദ്രശേഖർ നായിഡുവിന്റെ ആന്ധ്രയ്ക്കും ബജറ്റിൽ വാരിക്കേരിയാണ് പദ്ധികളും ഫണ്ടുകളും നൽകിയത്.
ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പാക്കേജുകൾ നൽകി. ബിഹാറിന് പുതിയ വിമാനത്താവളവും മെഡിക്കൽ കോളേജുകളും അനുവദിക്കും. ബിഹാറിൽ ദേശീയപാത വികസനത്തിന് 26,000 കോടി. സംസ്ഥാനത്തിന് സാമ്പത്തി ഇടനാഴി. റോഡ്, എക്‌സ്പ്രസ് ഹൈവേ. വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടി. അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതൽ ധനസഹായം തുടങ്ങി വൻ പദ്ധതികളാണ് പ്രഖ്യാപിച്ചത്.ആന്ധ്രപ്രദേശിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചു. ആന്ധ്രയിൽ മൂലധന നിക്ഷേപം കൂടും. ആന്ധ്രയിലെ പിന്നാക്ക വിഭാഗങ്ങൾക്കായ പ്രത്യേക പദ്ധതി തുടങ്ങിയവയും പ്രഖ്യാപിച്ചു.
തീർത്തും കോർപറേറ്റുകൾക്കായി ഒരുക്കിയ സമ്പത്തിക പാക്കേജ് ആണ് ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചത്. ആദായനികുതി നിയമത്തിൽ സമഗ്ര പരിഷ്കാരണം നടത്തിയാണ് കോർപറേറ്റുകളെ കേന്ദ്രം പ്രീതിപ്പെടുത്തിയിരിക്കുന്നത്. ആദായനികുതി റിട്ടേൺ വൈകിയാൽ നിയമനടപടിയില്ല. കോർപറേറ്റ് നികുതി കുറച്ചു. വിദേശ സ്ഥാപനങ്ങൾക്കുള്ള കോർപറേറ്റ് നികുതി 35 ശതമാനമായി കുറച്ചു. പുതിയ സ്‌കീമിൽ ആദായ നികുതി സ്ലാബുകൾ പരിഷ്‌കരിച്ചു, സ്റ്റാൻഡേഡ് ഡിഡക്ഷൻ 50000ത്തിൽനിന്ന് 75,000 രൂപയാക്കി. മൂന്നുലക്ഷം രൂപ വരെ നികുതിയില്ല. മൂന്ന് മുതൽ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതൽ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 12 മുതൽ 15 ശതമാനം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവുമാണ് നികുതി.
ബജറ്റിൽ കേരളത്തിനെ പാടെ അവഗണിച്ചു. ഇത്തവണയും എയിംസ് ഇല്ല. പ്രത്യേക പദ്ധതികളുമില്ല. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണം എന്നതുൾപ്പെടെയുള്ള കേരളത്തിന്റെ ആവശ്യങ്ങളും തള്ളി. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നതിന് പുറമേ പ്രകൃതിദുരന്തങ്ങളും നേരിട്ട് മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടത്. റെയിൽവെ, ദേശീയപാത വികസനത്തിനും സഹായമില്ല. കഴിഞ്ഞ 10 വർഷമായി കേരളത്തിനായി ഒരു പുതിയ പദ്ധതിയും നടപ്പാക്കിയിട്ടില്ല എന്നത് വാസതവം.