രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ-എൻഡിഎ സഖ്യം ആദ്യമായി നേർക്കുനേർ പോരാടിയ തെരഞ്ഞെടുപ്പിലാണ് ഫലം വരുന്നത്. ബംഗാളിൽ നാലിടത്ത് കോൺഗ്രസ്, തമിഴനാട്ടിൽ ഒരിടത്ത് ഡിഎംകെ, ഹിമാചലിൽ ഒരു സീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ ബിജെപിയും ലീഡ് ചെയ്യുന്നു.
വോട്ടെണ്ണലിൽ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ ബിഹാറിലെ റുപൗലി മണ്ഡലത്തിൽ, ജനതാദളിന്റെ (യുണൈറ്റഡ്) കലാധർ പ്രസാദ് മണ്ഡൽ 6588 വോട്ടുകൾക്ക് മുന്നിലാണ്. 2433 വോട്ടുകളുടെ ലീഡാണുള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥിയായ ശങ്കർ സിംഗ് 4155 വോട്ടുകൾക്ക് പിന്നിലാണ്.
ഹിമാചൽ പ്രദേശിലെ ഹമിർപുർ മണ്ഡലത്തിൽ കോൺഗ്രസിന്റെ പുഷ്പീന്ദർ വർമ 3004 വോട്ടുകൾക്ക് മുന്നിലെത്തി. മാറി മറായാവുന്ന ഫലസൂചനകളിൽ 200 വോട്ടുകളുടെ ലീഡാണ് ആദ്യം ലഭിച്ചത്. ഇവിടെ ബിജെപിയുടെ ആശിഷ് ശർമ്മ 2804 വോട്ടുകൾക്ക് പിന്നിലാണ്. പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ, ആം ആദ്മി പാർട്ടിയുടെ മൊഹീന്ദർ ഭഗത് 3971 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു, ഇവിടെ കോൺഗ്രസിന്റെ സുരീന്ദർ കൗർ നിലവിൽ 1722 വോട്ടുകൾക്ക് പിന്നിലാണ്.
ഹിമാചൽ പ്രദേശിലെ ഡെഹ്റ മണ്ഡലത്തിൽ 360 വോട്ടിന്റെ ലീഡോടെ 4942 വോട്ടുകൾക്ക് ബിജെപിയുടെ ഹോഷ്യാർ സിങ് മുന്നിലെത്തി. 4582 വോട്ടുകൾക്ക് കോൺഗ്രസിന്റെ കമലേഷ് തായാണ് രണ്ടാം സ്ഥാനത്ത്. റുപൗലി (ബിഹാർ), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാൾ), വിക്രവണ്ടി (തമിഴ്‌നാട്), അമർവാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂർ (ഉത്തരാഖണ്ഡ്), ജലന്ധർ വെസ്റ്റ് (പഞ്ചാബ്), ഡെഹ്‌റ, ഹാമിർപുർ, നലഗഢ് (ഹിമാചൽ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സാമാജികരുടെ മരണത്തേയും രാജിയേയും തുടർന്നാണ് ഇവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.