നിയമ സഭ ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന യുഡിഎഫിന് പാലക്കാട്ടെയും ചേലക്കരയിലെയും പാളയത്തിലെ പടകൾ തലവേദനയാകുന്നു.
സ്ഥാനാർത്ഥി പി സരിനു പിന്നാലെ പാലക്കാട് കോൺഗ്രസിൽ നിന്ന് നിരവധി പേർ രാജിക്കൊരുങ്ങി ഇടത്പക്ഷത്തോട് ചേരാനിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ചേലക്കരയിലാകട്ടെ കോൺഗ്രസിൽ നിന്ന് രാജിവെച്ച എൻ കെ സുധീർ അൻവറിന്റെ ഡിഎംകെ സ്ഥാനാർത്ഥിയായി രംഗപ്രവേശനം ചെയ്തതാണ് യുഡിഎഫിനെ അസ്വസ്ഥമാക്കുന്നത്. തെരഞ്ഞെടുപ്പിൽ പിന്തുണ തേടി യുഡിഎഫ് നേതൃത്വം അൻവറിനെ കഴിഞ്ഞ ദിവസം സമീപിച്ചത് അവരുടെ ആശങ്ക എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.
സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവർ അൻവറിനെ കാണുകയായിരുന്നു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തോട് കോൺഗ്രസിലെയും യൂത്ത് കോൺഗ്രസിലെയും നല്ലൊരു വിഭാഗം നേതാക്കളും പ്രവർത്തകരും എതിരാണ്. പത്തനംതിട്ടയിൽ നിന്നും രാഹുലിനെ ഇറക്കുമതി ചെയ്തതിന്റെ പിന്നിൽ സതീശന്റെയും ഷാഫി പറമ്പിലിന്റെയും സങ്കുചിത താല്പര്യമാണെന്ന് പ്രവർത്തകർ ഒന്നടങ്കം പറയുന്നു.
പാലക്കാട്ടു നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് തന്റെ വികാരം പ്രകടിപ്പിച്ചത്. പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും ഇതിൻറെ രക്തസാക്ഷിയാണ് കെ. മുരളീധരനെന്നും ഷാനിബ് തുറന്നടിച്ചിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് കാരണം മേൽ സൂചിപ്പിച്ച കരാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെപിസിസി തെരഞ്ഞെടുപ്പ് സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും പങ്കെടുക്കാതെ ഏക പക്ഷീയമായി സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിൽ മുതിർന്ന നേതാക്കൾക്കിടയിലും അതൃപ്തി പ്രകടമാണ്.
പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയെന്ന ഡിസിസിയുടെയും പ്രാദേശിക നേതാക്കളുടെയും താല്പര്യത്തിന് വിരുദ്ധമായി കൈകൊണ്ട തീരുമാനത്തിൽ അത് കൊണ്ട് തന്നെ പ്രവർത്തകർക്കിടയിൽ രോഷം അണപൊട്ടുകയാണ്. തന്നെയുമല്ല ബിജെപി – യുഡിഎഫ് അവിശുദ്ധ സഖ്യമെന്ന മുൻ യൂത്ത് കോൺഗ്രസ് നേതാവിന്റെ ആരോപണത്തോടെ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ് കോൺഗ്രസ്. പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിൽ ഷാഫിയുടെ വടകര സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഇടത് പക്ഷം ഉയർത്തിയ ആരോപണങ്ങൾ അക്ഷരാർഥത്തിൽ ശരിയെന്ന് തെളിയുക കൂടി ചെയ്യുകയാണ്.
ചേലക്കരയിലാകട്ടെ രമ്യ ഹരിദാസിന്റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധമുയർത്തിക്കൊണ്ടാണ് എൻ കെ സുധീർ പാർട്ടി വിട്ടത്. എംപിയായിരുന്നപ്പോൾ രമ്യ മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തില്ലെന്നും പട്ടികജാതി വിഭാഗത്തിലെ ജനങ്ങൾക്കുവേണ്ടി ഒരു ചെറുവിരൽ പോലും അനക്കിയില്ലെന്നും സുധീർ ആരോപിക്കുന്നുണ്ട്. നിരവധി രാജ്യങ്ങളിൽ ടൂർ നടത്തിയെന്നല്ലാതെ ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നും സുധീർ പറയുന്നു. ആലത്തൂർ എം പി എന്ന നിലയിലുള്ള രമ്യയുടെ പരാജയമാണ് 2024 ലെ തോൽവിക്ക് വഴി വെച്ചതെന്നും ജന പിന്തുണയില്ലാത്ത സ്ഥാനാർഥി യു ഡി എഫിന്റെ നില കൂടുതൽ പരിതാപകരമാക്കുമെന്നുമാണ് യു ഡി എഫ് പ്രവർത്തകരുടെ പക്ഷം. സ്ഥാനാർത്ഥി മോഹികളുടെ നീണ്ട നിര തന്നെ ചേലക്കരയിൽ ഉണ്ടായിരുന്നു. മണ്ഡലത്തിലെ സാധാരണ പ്രവർത്തകർക്കും അനഭിമതയാണ് രമ്യ ഹരിദാസ്.
അതേസമയം ഇടത് കേന്ദ്രങ്ങളാകട്ടെ തികഞ്ഞ ആത്മവിശ്വാസത്തിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്.
ഇടത് പക്ഷത്തിന് വൈകാരിക ബന്ധമുള്ള പാലക്കാട് ഇക്കുറി ചുവപ്പണിയുമെന്ന് തന്നെയാണ് മണ്ഡലത്തിലെ നിഷ് പക്ഷ വോട്ടർമാർ അടക്കമുള്ളവർ പറയുന്നത്. 2006 ലാണ് ഇടത് മുന്നണി അവസാനമായി പാലക്കാട് ജയിച്ചത്. അന്നത്തേതിന് സമാനമായ രാഷ്ട്രീയ സാഹചര്യം തന്നെയാണ് ഇക്കുറി നില നിൽക്കുന്നത് എന്നതാണ് വാസ്തവം.
ചേലക്കരയിൽ സമ്പൂർണ്ണ വിജയം ഉറപ്പിച്ചു കൊണ്ടുളള പ്രവർത്തനങ്ങളുമായി മുന്നണി ഏറെ ദൂരം മുന്നോട്ടു പൊയിക്കഴിഞ്ഞു. കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും ഇടത് സ്ഥാനാർഥികളെ മാത്രം തുടർച്ചയായി വിജയിപ്പിച്ച മണ്ഡലം ഇക്കുറി 2021 ലെ കെ രാധാകൃഷ്ണന്റെ 39400 ന്റെ ഭൂരിപക്ഷവും മറി കടക്കുമെന്നാണ് എൽ ഡി എഫ് നേതാക്കൾ പറയുന്നത്. ഏതായാലും പാളയത്തിൽ ഉയർന്നു വന്ന പടകൾ യു ഡി എഫ് കേന്ദ്രങ്ങളിൽ അങ്കലാപ്പ് സൃഷ്ടിക്കുമ്പോൾ ജന മനസ്സുകൾ കീഴടക്കി ഇടത് സാരഥികൾ ബഹുദൂരം മുന്നേറുന്ന കാഴ്ചയാണ് പാലക്കാടും ചേലക്കരയും കാണാൻ കഴിയുന്നത്.