കേരളം രാജ്യത്തിന് സംഭാവന ചെയ്ത സമാദരണീയനായ നേതാവ് പ്രതിഭാധനനായ ഒരു സാഹിത്യകാരൻകൂടിയായിരുന്നു. ഭാഷ കേവലം വാക്കുകളുടെ കൂട്ടമല്ലെന്നും അത് ഒരു ജനതയുടെ ജീവിതത്തിന്റേയും സംസ്കാരത്തിന്റേയും ആവിഷ്കാര രൂപമാണെന്നുമുള്ള ചരിത്രപരമായ കാഴ്ചപ്പാടിലൂന്നിക്കൊണ്ടുള്ള രചനകൾ ആയിരുന്നു അച്യുത മേനോന്റേത്. സാഹിത്യത്തിലും കലയിലും അഗാധ താൽപ്പര്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ശൈലി, ലളിതവും പ്രസാദ സുന്ദരവുമായിരുന്നു.
തത്വശാസ്ത്ര വിജ്ഞാനം നന്നായുണ്ടായിരുന്നുവെങ്കിലും പക്ഷേ, അതിന്റെ ഭാഷയിൽ സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്ന പ്രകൃതമായിരുന്നില്ല സഖാവിന്റേത്. എച്ച് ജി വെൽസിന്റ ‘ലോകചരിത്രസംഗ്രഹം ‘പരിഭാഷ അച്യുത മേനോന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ്. ലോക ചരിത്രത്തിന്റെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദിമ ഘട്ടം മുതലുള്ള കാലഘട്ടത്തെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണമാണിതിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ബ്രിട്ടീഷ് വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ 1941-ൽ അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കപ്പെട്ട സമയം ജയിലിൽ വെച്ചാണ് സഖാവ് പുസ്തക പരിഭാഷ നടത്തുന്നത്.
‘സോവിയറ്റ് നാടെ’ന്ന ഗ്രന്ഥത്തിൽ വിവേചനങ്ങളും ചൂഷണങ്ങളും നിലനിൽക്കുന്ന യാഥാസ്ഥിതിക വ്യവസ്ഥിതിയെ മാറ്റിമറിച്ചുകൊണ്ട് സമത്വാധിഷ്‌ഠിതമായ പുതിയൊരു സമൂഹം കെട്ടിപ്പടുക്കുകയെന്ന റഷ്യൻ വിപ്ലവത്തിന്റെ അടിസ്ഥാന ആശയവും വിപ്ലവത്തിൽനിന്നും സോവിയറ്റ് യൂണിയനിൽനിന്നും പ്രചോദനമുൾക്കൊണ്ട ചിന്താധാരകളും പ്രതിപാദ്യ വിഷയമാക്കുകയായിരുന്നു. സമാനതകളില്ലാത്ത ത്യാഗത്തിന്റെയും പോരാട്ടങ്ങളുടെയും ഇന്നലെകളിലെ ചരിത്രം ‘കേരളം-പ്രശ്നങ്ങളും സാധ്യതകളും’ എന്ന പുസ്തകത്തിൽ വായിക്കാം.
നവ സമൂഹ നിർമ്മിതിക്ക് വേണ്ടിയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമരങ്ങളും ഭാവി കേരളത്തെ സംബന്ധിച്ച ദീർഘ വീക്ഷണങ്ങളും വസ്തു നിഷ്ടമായിത്തന്നെ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. അതോടൊപ്പം കമ്മ്യൂണിസ്റ്റ് ദർശനങ്ങൾക്കനുസൃതമായി കേരളത്തിന്റെ സാഹചര്യങ്ങളെ വിശകലനം ചെയ്യാനും അതനുസരിച്ച് സമൂഹത്തെ പുതുക്കിപ്പണിയാനും ഈ പുസ്തകത്തിലൂടെ അച്യുത മേനോൻ ശ്രമിച്ചിട്ടുണ്ട്. ‘ഗ്ലാസ് നോസ്റ്റ്‌പെരിസ്‌ട്രോയിക്ക’ കാലത്തും അതിനുശേഷവും റഷ്യന്‍ സമൂഹം അഭിമുഖീകരിച്ച രാഷ്ട്രീയ അനുഭവങ്ങളുടെ വേറിട്ട വിശകലനമാണ് ‘പെരിസ്ട്രോയിക്കയും അതിന്റെ തുടർച്ചയും’ എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നത്.
അച്യുത മേനോന്റെ ‘കിസാൻ പാഠപുസ്തകം’, ‘സ്മരണയുടെ ഏടുകൾ’, ‘വായനയുടെ ഉതിർമണികൾ’ ‘ഉപന്യാസമാലിക ‘ എന്നീ പുസ്തകങ്ങളും ആഴത്തിലുള്ള ചരിത്രപരമായ ഉള്‍ക്കാഴ്ചകൾ നിറഞ്ഞതായിരുന്നു. ‘മനുഷ്യൻ സ്വയം നിർമ്മിക്കുന്നു’ എന്ന ലോക പ്രശസ്ത പുസ്തകം സഖാവ് വിവർത്തനം ചെയ്തിട്ടുണ്ട്. പുരാവസ്തുശാത്രത്തിൽ പ്രത്യേക പഠനം നടത്തിയ ആസ്ട്രേലിയൻ ഭാഷാശാസ്തജ്ഞനായിരുന്ന ഗോർഡൻ ചൈൽഡ് എന്ന് അറിയപ്പെട്ട വിരെ ഗോർഡൻ ചൈൽഡ് ആണ് അതിന്റെ രചയിതാവ്.
https://youngindianews.in/c-achyutamenon-stopped-barbaric-practices-in-viyyur-jail/
ചരിത്രാതീതകാലഘട്ടത്തെ കുറിച്ച് മാർക്സിസ്റ്റ് കാഴ്ചപ്പാട് പുലർത്തിയ വ്യക്തിയായിരുന്നു ഇദ്ദേഹം. ‘എന്റെ ബാല്യകാലസ്മരണകൾ ‘എന്ന ഓർമ്മക്കുറിപ്പിൽ മനുഷ്യസ്‌നേഹിയും നിഷ്കളങ്കനുമായ കമ്യൂണിസ്റ്റുകാരനെയാണ് വായിക്കാൻ കഴിയുന്നത്. 1978-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടുകയുണ്ടായി. ‘സി. അച്യുതമേനോൻ സമ്പൂർണ കൃതികൾ’ 15 വാല്യങ്ങളിലായി പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി.
കമ്മ്യൂണിസത്തിന്റെ അടിസ്ഥാനസങ്കല്‍പ്പം അച്യുത മേനോന്റെ ഓരോ കൃതികളിലുംവായിച്ചെടുക്കാവുന്നതാണ്. കേവല രാഷ്ട്രീയ കാഴ്ചപ്പാടുകൾ എന്നതിനപ്പുറം പൊതു വിഷയങ്ങളെ രാഷ്ട്രീയചരിത്രമാക്കി അവതരിപ്പിക്കാനുളള ശ്രമങ്ങളും അച്യുത മേനോൻ തന്റെ സൃഷ്ടികളിലൂടെ നടത്തിയിട്ടുണ്ട്.