അച്യുത മേനോൻ സ്മൃതി യാത്ര സ്പെഷ്യൽ
(പ്രൊഫ: വിശ്വമംഗലം സുന്ദരേശന്റെ സി അച്യുത മേനോൻ, ജീവിത ചിത്രങ്ങൾ എന്ന കൃതിയിൽ നിന്നും)
1939 – ൽ രണ്ടാം ലോകയുദ്ധം ആരംഭിച്ചു. യുദ്ധത്തിന്റെ ഗതിവിഗതികളിൽ ഇന്ത്യയിലെ പ്രബുദ്ധവിഭാഗം ജിജ്ഞാസ പുലർത്തി. യുദ്ധഗതി ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു സഹായകമായ സാഹചര്യം സൃഷ്ടിക്കുമെന്ന പ്രത്യാശ വളർന്നുവന്നു. ഇന്ത്യയിലെ ദേശീയനേതാക്കളുമായി കൂടിയാലോചിക്കാതെ വൈസ്രോയി ” ലിൻ ലിത് ഗോ’ ഇന്ത്യ ബ്രിട്ടനോടൊപ്പം യുദ്ധത്തിൽ ചേർന്നിരിക്കുന്നു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏകപക്ഷീയമായ ഈ പ്രഖ്യാപനം ദേശീയപ്രസ്ഥാനത്തെ ചൊടിപ്പിച്ചു. ഇതിനെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം അലയടിച്ചുയർന്നു. വൈസ്രോയിയുടെ പ്രഖ്യാപനത്തിൽ പ്രതിഷേധിക്കുവാൻ തൃശൂരിലും പ്രകടനവും സമ്മേളനവും നടക്കുകയുണ്ടായി. തൃശ്ശൂരിൽ നടന്ന ശ്രദ്ധേയമായ സമ്മേളനത്തിലെ മുഖ്യപ്രസംഗകനായിരുന്നു സി അച്യുതമേനോൻ. അതിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റു ചെയ്തു. 1940 സെപ്റ്റംബറിലായിരുന്നു സംഭവം. കേസിൽ അച്യുതമേനോനെ ഒരു വർഷത്തെ കഠിനതടവിന് ശിക്ഷിച്ചു കൊണ്ട് വിധിയുണ്ടായി.
അച്യുതമേനോൻ വിയ്യൂർ ജയിലിൽ അടയ്ക്കപ്പെട്ടു. ശിക്ഷയുടെ കാലാവധി പൂർത്തിയാക്കി പുറത്തുവന്നു എങ്കിലും അച്യുതമേനോന് പുറംലോകത്തെ ജീവിതം ഏറെനാൾ അനുവദിക്കപ്പെട്ടില്ല . പുറത്തുവന്നപാടെ അദ്ദേഹം യുദ്ധവിരുദ്ധ പ്രസ്ഥാനത്തിൽ അലിഞ്ഞുചേർന്നു. യുദ്ധവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാകുകയും പ്രസംഗവേദികളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തുകൊണ്ടിരുന്നു വീണ്ടും അദ്ദേഹം കേസിൽ പ്രതിയാവുകയും ജയിൽശിക്ഷയ്ക്ക് വിധേയനാവുകയും ചെയ്തു. 1942 – ൽ അങ്ങനെ വീണ്ടും അദ്ദേഹം ജയിലിലെത്തി. ശിക്ഷാകാലാവധി വീണ്ടും ഒരു വർഷം ജയിൽവാസം രണ്ടും വിയ്യൂർ സെൻട്രൽ ജയിലിൽ തന്നെയായിരുന്നു.
കൊച്ചി രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയ തടവുകാരിൽ ഒരാളായിരുന്നു അച്യുതമേനോൻ. വളരെ പ്രാകൃതമായ കുറേ കീഴ്വഴക്കങ്ങളായിരുന്നു അന്നത്തെ ജയിലുകളിൽ നടപ്പിലാക്കിയിരുന്നത്. അവിടെ നടന്നിരുന്ന മർദ്ദനങ്ങളും പീഡനങ്ങളും വിവരണാതീതമായിരുന്നു. ക്രിമിനൽ പുള്ളികൾക്കും രാഷ്ട്രീയതടവുകാർക്കും നൽകിയിരുന്നത് ഒരേ പരിഗണനയാണ്. വസ്ത്രവും തൊപ്പിയും ഭക്ഷണവുമെല്ലാം ഒരുപോലെ. എല്ലാ തടവുകാരും നിശ്ചിതമായ വേല ചെയ്യുവാൻ നിർബന്ധിതരായിരുന്നു. രാഷ്ട്രീയതടവുകാരെ രാത്രിയിൽ ഓരോ സിംഗിൾ സെല്ലിൽ അടയ്ക്കുമായിരുന്നു. രാഷ്ട്രീയതടവുകാർ എന്നൊരു വിഭാഗം അന്നു വിഭാവനം ചെയ്യപ്പെട്ടിരുന്നില്ല. കിടക്കാൻ നൽകിയിരുന്നത് ഓരോ കീറപ്പായ. മലമൂത്രവിസർജനത്തിന് ഓരോ മുറിയിലും മൺപാത്രം വച്ചിട്ടുണ്ടാവും അത് തടവിൽ കഴിയുന്നവർ തന്നെ ചുമന്നുകൊണ്ടുപോയി കളഞ്ഞ് പാത്രം വൃത്തിയാക്കി തിരികെ കൊണ്ടുവെയ്ക്കണം.
തടവുകാരൻ അച്ചടക്കം ലംഘിച്ചു എന്ന് അധികൃതർക്കു തോന്നിയാൽ അയാളെ മുക്കാലിയിൽ കെട്ടി അടിക്കുന്ന ശിക്ഷാരീതി അന്നുണ്ടായിരുന്നു. ക്രൂരവും അപരിഷ്കൃതവുമായ കീഴ്വഴക്കമായിരുന്നു അത്. അതിനെ ചോദ്യം ചെയ്യുവാൻ ജയിൽപുള്ളികൾ ധൈര്യപ്പെട്ടിരുന്നില്ല. ശരിയായോ തെറ്റായോ ഒരാൾ കുറ്റം ചെയ്തു എന്നു ജയിൽ ഉദ്യോഗസ്ഥനു തോന്നുകയേ വേണ്ടൂ ശിക്ഷ നടപ്പാക്കുവാൻ. കുറ്റവാളിയെ ശരീരദണ്ഡം ഏല്പിക്കുന്നതോടൊപ്പം ജയിലിലെ മറ്റുള്ള അന്തേവാസികളിൽ ഭീതി ജനിപ്പിക്കുവാനും ഉള്ള ഒന്നായിരുന്നു മുക്കാലിയിൽ കെട്ടി അടി . ആ ശിക്ഷാരീതി നടപ്പിലാക്കുന്നത് ഒരിക്കൽ മാത്രമേ അച്യുതമേനോന് കാണുവാൻ ഇടവന്നിട്ടുള്ളൂ. അന്നതിൽ അദ്ദേഹം സാഹസികമായിത്തന്നെ ഇടപെട്ടു. അതിനു ഫലമുണ്ടാവുകയും ചെയ്തു. വിയ്യൂർ ജയിലിലെ അവസാനത്തെ ‘മുക്കാലികെട്ടി അടി’ എന്ന ചരിത്രപ്രാധാന്യം അതിനുണ്ടായി. അക്കാര്യം അച്യുതമേനോൻ ഓർമ്മിക്കുന്നു.
“മരം കൊണ്ടുണ്ടാക്കിയ മുക്കാലിയിൽ കുറ്റം ചെയ്ത തടവുകാരനെ അരയ്ക്കു ചുറ്റും ലോഷനിൽ മുക്കിയ ഒരു തുണിമാത്രം ചുറ്റി നഗ്നനായി കമഴ്ത്തിക്കിടത്തി ശരീരവും കൈയും കാലുമെല്ലാം മുക്കാലിയോടു ചേർത്തു തോൽബെൽറ്റിട്ട് മുറുക്കിയതിനുശേഷം ഒരു വാർഡൻ ഒരു വലിയ ചൂരൽവടി എടുത്തുവീശി സർവശക്തിയുമുപയോഗിച്ച് ചന്തിയിൽ ആഞ്ഞടിക്കുകയാണ് ഈ ശിക്ഷയുടെ സമ്പ്രദായം. ഇങ്ങനെ അടിക്കുന്നതിന് വാർഡൻമാർക്ക് പ്രത്യേകം പരിശീലനം നൽകിയിരുന്നു. അതിൽ ചിലർ വിദഗ്ദ്ധന്മാരായി അറിയപ്പെടുക കൂടി ചെയ്തിരുന്നു. ഇങ്ങനെ ശിക്ഷിച്ചിരുന്നത് മറ്റു തടവുകാർക്ക് താക്കീതായിട്ടാണു പോലും. ഈ ശിക്ഷ കാണാൻ വേണ്ടി ജയിലിലുള്ള മുഴുവൻ തടവുകാരെയും അവരവരുടെ ബ്ലോക്കുകളുടെ ഉമ്മറത്ത് അണിനിരത്തി നിർത്തുമായിരുന്നു. ശിക്ഷ സാധാരണ വൈകുന്നേരത്തെ ഭക്ഷണത്തിനു ശേഷമായിരുന്ന തിനാൽ എല്ലാ തടവുകാരെയും ഒന്നിച്ച് കാണിക്കുവാൻ സൗകര്യമുണ്ടായിരുന്നു. ഇത്തരം ശിക്ഷാനടപടികളിൽ തടവുകാർക്കു ആകമാനം അമർഷമുണ്ടായിരുന്നു. അത് നിർത്തണമെന്നവർ ആഗ്രഹിച്ചു . ഒരിക്കൽ മാത്രമേ ഞാൻ ഈ ശിക്ഷ എന്റെ സ്വന്തം കണ്ണുകൊണ്ട് കണ്ടിട്ടുള്ളൂ. എന്റെ ബ്ലോക്കിന്റെ ഉമ്മറത്ത് മറ്റു തടവുകാരോടൊപ്പം ഞാൻ നിൽക്കുകയായിരുന്നു. ഈ ശിക്ഷ കണ്ടപ്പോൾ സഹിക്കവയ്യാതെ ഞാൻ മുക്കാലിയുടെ അടുത്തേക്ക് ഓടിച്ചെന്ന് ഉദ്യോഗസ്ഥന്മാരോട് അടി നിർത്തണമെന്ന് പറഞ്ഞു തടസ്സപ്പെടുത്താൻ ശ്രമിച്ചു. അതവർ സമ്മതിച്ചില്ലെന്നു പറയേണ്ടതില്ലല്ലോ. വാക്കുതർക്കത്തിനിടയിൽ ശിക്ഷയും കഴിഞ്ഞു. പിന്നീട് മുക്കാലിയിൽ കെട്ടി അടിക്കുന്ന ശിക്ഷ വിയ്യൂർ ജയിലിൽ നടന്നിട്ടില്ല .
ജയിലിലെ മറ്റൊരു പ്രാകൃത ശിക്ഷാരീതിയാണ് കോണോഫയൽ പരേഡ്. മുക്കാലിയിൽ കെട്ടി അടിപോലെ ഇതും ഔദ്യോഗികമായ ജയിൽചട്ടങ്ങളിൽ പെടുന്ന കാര്യമല്ല. എന്നോ തുടങ്ങി തുടർന്നുവരുന്നൊരു കീഴ്വഴക്കം മാത്രം. കോണോഫയൽ പരേഡും വിയ്യൂർ ജയിലിൽ അവസാനിപ്പിച്ച ചരിത്രപുരുഷൻ അച്യുതമേനോനാണെന്നുള്ള കാര്യവും സ്മരണാർഹമാണ്. ആഴ്ചയിൽ ഒരു ദിവസം ജില്ലാ ആശുപത്രിയിലെ ഡോക്ടർ തടവുകാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കുവാൻ ജയിലിലെത്തും . തടവുകാർ അവരവരുടെ മുറിക്കു പുറത്ത് നിരയായി നിൽക്കണം. കൗപീനം മാത്രമായിരിക്കും തടവുകാരുടെ വസ്ത്രം, ജയി ലധികൃതരും ഡോക്ടറും മുന്നിലെത്തുമ്പോൾ തടവുകാർ കൗപീനം അഴിച്ചുമാറ്റണമത്രേ , ആരോഗ്യപരിശോധനയ്ക്ക് മുന്നിലെത്തിയ സംഘ ത്തോട് പൊതുസ്ഥലത്തുവച്ച് കൗപീനം അഴിച്ചുമാറ്റാനാവില്ലെന്നു അച്യുതമേനോൻ തറപ്പിച്ചു പറഞ്ഞു. ജയിലധികൃതരും ഡോക്ടറും ഞെട്ടിത്തരിച്ചു നിന്നു . അങ്ങനെയൊരു പ്രതിഷേധ ശബ്ദം അതിനുമുമ്പ് അവരുടെ ചെവികളിൽ വന്നലച്ചിട്ടില്ല. ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ പരിശോധകസംഘം സ്തംഭിച്ചുനിന്നു. എന്നിട്ട് വന്നതുപോലെ തിരിച്ചു പോവുകയും ചെയ്തു. വിയ്യൂർ ജയിലിലെ അവസാനത്തെ കോണോഫയൽ പരേഡ് ആയിരുന്നു അത്.
ജയിലിൽ നടപ്പിലുണ്ടായിരുന്ന പ്രാകൃതമായ ചിട്ടവട്ടങ്ങളെ യഥാവസരം ചോദ്യം ചെയ്യുന്നതിനും മാറ്റിത്തീർക്കുന്നതിനും ജയിലിനുള്ളിൽ ധീരമായി പോരാടിയ യുവരാഷ്ട്രീയ നേതാവായിരുന്നു സി അച്യുതമേനോൻ. അദ്ദേഹം പ്രകടിപ്പിച്ച പ്രതിഷേധങ്ങളും ആവശ്യങ്ങളും ന്യായ യുക്തങ്ങളാണെന്നു ജയിലധികൃതർക്കും തോന്നാതിരുന്നില്ല. ഒരേസമയം നീതിയുക്തവും കുലീനവുമായ ആ വ്യക്തിത്വം ആകെക്കൂടി ആകർഷകമായിരുന്നു. ജയിലധികൃതർ അതിനു വിലപ്പെട്ട പരിഗണനയാണ് നൽകിയിരുന്നത്. ജയിലിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് അച്യുതമേനോന്റെ നേതൃത്വത്തിൽ രാഷ്ട്രീയത്തടവുകാർ നടത്തിയ നിരാഹാരസത്യാഗ്രഹത്തിനു ഫലമുണ്ടായി. തടവുകാരുടെ ആവശ്യങ്ങളോട് ജയിലധികൃതർ ആദ്യം നിഷേധാത്മകമായ നിലപാട് സ്വീകരിച്ചെങ്കിലും പിന്നീടത് മാറ്റുവാൻ നിർബന്ധിതരായി. പ്രധാന ആവശ്യങ്ങളായ വായിക്കുവാൻ പത്രങ്ങളും പുസ്തകങ്ങളും എഴുതുവാൻ ആവശ്യമായ പേപ്പറും പെൻസിലും അനുവദിച്ചു കിട്ടി. ആ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുവാൻ അച്യുതമേനോന് കഴിഞ്ഞു .
ജയിലിനുള്ളിൽ മനുഷ്യാവകാശങ്ങൾക്കും നീതിക്കും വേണ്ടി അച്യുതമേനോൻ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. മനുഷ്യത്വം തീണ്ടിയിട്ടില്ലാത്ത അപരിഷ്കൃതമായ കീഴ്വഴക്കങ്ങളെയും നടപടികളെയുമാണ് അച്യുതമേനോൻ എതിർത്തത് . യാതൊരു മാനദണ്ഡവു തത്വദീക്ഷയും കൂടാതെ സ്ഥാനത്തും അസ്ഥാനത്തും എടുത്തുചാടുന്ന ക്ഷോഭമല്ല അച്യുതമേനോൻ പ്രകടിപ്പിച്ചത് . അവകാശങ്ങൾക്കു വേണ്ടി നിർഭയമായി പ്രതികരിക്കുമ്പോഴും ജയിൽനിയമങ്ങൾ മാനിക്കുന്ന മാന്യനായ തടവുകാരനായിരുന്നു അദ്ദേഹം. ആ രണ്ടാമത്തെ ജയിൽവാസവും ഒരു വർഷം കഴിഞ്ഞപ്പോൾ അവസാനിച്ചു. പിന്നീട് അച്യുതമേനോൻ ജയിൽ അനുഭവിക്കേണ്ടിവരുന്നത് രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞ് 1964-ലാണ്. അതിനകം രാഷ്ട്രീയത്തിലും ഭരണത്തിലും നിയമസഭയിലും പ്രാഗത്ഭ്യം തെളിയിച്ച സമാദരണീയനായ സമുന്നത വ്യക്തിയായി അച്യുതമേനോൻ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ചൈനീസ് ആക്രമണത്തിന്ഖെ പശ്ചാത്തലത്തിൽ അനേകം കമ്മ്യൂണിസ്റ്റ് നേതാക്കളെയും പ്രവർത്തകരെയും ജയിലിലടചിചപ്പോൾ അച്യുതമേനോനും അതിൽ ഉൾപ്പെട്ടു. മൂന്നാമത്തെ ജയിൽജീവിതം ഏറെനാൾ നീണ്ടുനിന്നില്ല. യുദ്ധം അവസാനിച്ചതോടെ കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന രാഷ്ട്രീയനേതാക്കളും പ്രവർത്തകരും മോചിതരായി.