എൻ അരുൺ
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്
1996 ലെ കേരള നിയമ സഭ തെരഞ്ഞെടുപ്പ്, ചേർത്തല നിയമസഭ മണ്ഡലത്തിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി സി കെ ചന്ദ്രപ്പൻ മത്സരിക്കുന്നു. എതിരാളി അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി. ശിവഗിരിയിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സ്വാമി ശാശ്വതീകാനന്ദയും ശിഷ്യരും ആന്റണിക്കെതിരെ സ്വന്തം നിലയിൽ പ്രചാരണ രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപകടം സംഭവിച്ചു ആശുപത്രിയിലായിരിക്കെ തന്നെ സന്ദർശിക്കാനെത്തിയ ശാശ്വതീകാനന്ദയോട് ആന്റണിക്കെതിരെയുള്ള പ്രചരണം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു പൊതു ജീവിതത്തിലുട നീളം മൂല്യ ബോധത്തോടെ പ്രവർത്തിച്ച സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതിരൂപമായ കമ്മ്യൂണിസ്റ്റ് നേതാവ്.
അതായിരുന്നു സഖാവ് സി കെ ചന്ദ്രപ്പൻ, ശരിയായ വിപ്ലവ രാഷ്ട്രീയവുമായുള്ള സജീവ ബന്ധത്തിലൂടെ മാത്രമേ തൊഴിലാളി വർഗ്ഗ സംസ്കാരത്തിന്റെയും നൈതികതയുടെയും ഉന്നതവും മഹിതവുമായ നിലവാരം സാക്ഷാത്കരിക്കാൻ സാധ്യമാകൂ എന്ന് ജീവിതം കൊണ്ട് തെളിയിച്ച വിപ്ലവകാരി.
കേരളത്തിൽ എഐഎസ്എഫ് കെട്ടിപ്പടുക്കുന്നതിൽ അഹോരാത്രം പ്രവർത്തിച്ച സഖാവ് തുടർന്ന് എഐവൈഎഫിനെ സംസ്ഥാനത്തും ദേശീയ രംഗത്തും കരുത്തോടെ നയിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ജ്വലിക്കുന്ന അധ്യായമായി നില കൊള്ളുന്ന ഗോവൻ വിമോചന സമരത്തിൽ സഖാവ് പങ്കെടുത്തത് എഐഎസ്എഫിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ചിറ്റൂർ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയുമായിരുന്നപ്പോഴാണ്.
എഐഎസ്എഫിന്റെ അറുപതാം വാർഷിക സ്മരണികയിൽ ഗോവൻ വിമോചന സമര പോരാട്ട അനുഭവങ്ങളെ സി കെ ഇപ്രകാരം വരച്ചു കാട്ടുന്നുണ്ട്.
” പ്രായേണ രാഷ്ട്രീയ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ദുർബലമായിരുന്ന പാലക്കാട്ടെ ചിറ്റൂർ കോളേജിൽ നിന്ന് ഒരു കുട്ടി ഗോവ വിമോചന സമരത്തിൽ പങ്കെടുക്കുവാൻ പോകുന്നുവെന്ന വാർത്ത കോളേജിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. നാട്ടിലും വാർത്ത ഭൂകമ്പം സൃഷ്ടിച്ചു. മണിക്കൂറുകൾ കൊണ്ട് ഞാൻ അവർക്ക് വളരെ പ്രിയപ്പെട്ടവനായി. പെൺകുട്ടികളും ആൺകുട്ടികളുമൊക്കെ സമ്മിശ്ര വികാരത്തോടെ എന്നോട് സംസാരിച്ചു. കൈ നിറയെ സംഭാവനകൾ നൽകി.
ഇക്കാര്യത്തിൽ അധ്യാപകരും പിന്നിലായിരുന്നില്ല. അവരൊന്നും പറഞ്ഞില്ല എങ്കിലും അവരുടെ ആർദ്രമായ കണ്ണുകൾ വാചാലമായി സംസാരിച്ചു.
നിശബ്ദമായി അവരുടെ കണ്ണുകൾ പറഞ്ഞു ‘മരിച്ചു പോകരുത് ‘ എന്ന്.
എഐവൈഎഫ് ദേശീയ നേതൃ രംഗത്തിരിക്കവെ തൊഴിലില്ലായ്മക്കെതിരായ പ്രക്ഷോഭങ്ങളിലടക്കം യുവജനങ്ങളെ അണി നിരത്തുന്നതിൽ നേതൃ പരമായ പങ്കാണ് സഖാവ് ചന്ദ്രപ്പൻ വഹിച്ചത്. വിദ്യാർത്ഥികളെയും യുവാക്കളെയും വിപ്ലവപാതയിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ അവകാശപ്പോരാട്ടങ്ങളെ ശക്തമാക്കുന്നതിനും എസ് എഫ് – വൈ എഫ് നേതാവെന്ന നിലയിലുള്ള സഖാവിന്റെ ഇടപെടലുകൾ നിസ്തുല്യമായിരുന്നു.
ബഹു ജന സംഘടന പ്രവർത്തനത്തിലൂടെ ആർജ്ജിച്ചെടുത്ത അനുഭവ സമ്പത്തും ഏതു പ്രതികൂല സാഹചര്യത്തേയും ധീരമായി നേരിടാനുള്ള ആശയ ദാർഢ്യവും സഖാവ് സി കെ യുടെ മുഖ മുദ്രയായിരുന്നു.
മികച്ച പാർലമെന്റേറിയനുമായിരുന്നു സി കെ ചന്ദ്രപ്പൻ. 1971 ൽ തലശ്ശേരിയെയും 1977 ൽ കണ്ണൂരിനെയും 2004 ൽ തൃശൂരിനെയും പ്രതിനിധീകരിച്ച് ലോക സഭയിലെത്തിയ സഖാവ് അടിസ്ഥാന വർഗ്ഗത്തിന്റെ അവകാശങ്ങൾ നേടുന്നതിനുള്ള സമരവേദിയാക്കി പാർലമെന്റിനെ മാറ്റുകയുമുണ്ടായി.
ഭൂപരിഷ്കരണ നിയമം ഭരണ ഘടനയുടെ ഒൻപതാം ഷെഡ്യൂളിൽ ഉൾപെടുത്തണമെന്നും പതിനെട്ടാം വയസ്സിൽ വോട്ടവകാശം ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടു കൊണ്ടുള്ള സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചു കൊണ്ട് ഇന്ത്യൻ പാർലമെന്റിൽ കർഷകരുടെയും യുവജനങ്ങളുടെയും കരുത്തുറ്റ ശബ്ദമായി മാറുകയും ചെയ്തു ചന്ദ്രപ്പൻ.
മാർക്സിസ്റ്റ് പ്രത്യയ ശാസ്ത്ര മേഖലയിൽ വിട്ടു വീഴ്ചയില്ലാത്ത സമരം നിലനിർത്തുമ്പോൾ തന്നെ അതിന്റെ വിജ്ഞാന ശേഖരത്തെ സമ്പന്നമാക്കുകയും ചെയ്ത നേതാവ് ലാളിത്യത്തിലൂടെയും ആദർശം നിറഞ്ഞ ജീവിതത്തിലൂടെയും പൊതു പ്രവർത്തകർക്കാകമാനം മാതൃകയുമായിരുന്നു. ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെ സംബന്ധിച്ചുള്ള ആഴമേറിയ അവഗാഹവും പരന്ന വായനയും സി കെ ചന്ദ്രപ്പന്റെ സവിശേഷതയായിരുന്നു. വിപ്ലവ പാരമ്പര്യം വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ജ്വലിക്കുന്ന അഗ്നി നാളമായി ജീവിതാന്ത്യം വരെ മുറുകെ പിടിച്ച പ്രിയ സഖാവിന്റെ ഓർമ്മകൾക്ക് മരണമില്ല!