സന്തോഷ് എസ് പി
കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിലെ കഷ്ടത നിറഞ്ഞ കാലത്തിൻ്റെ കഥ പറഞ്ഞ് തന്നിരുന്ന സഖാവ് മാത്രമായിരുന്നില്ല സി എം തങ്കപ്പൻ എന്ന സിഎംടി. അദ്ദേഹത്തിന്റെ ജീവിത വീഥികളത്രയും അക്കാലത്തെ ത്യാഗപൂർണ്ണമായ കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ ചരിത്രങ്ങളായിരുന്നു. 1927ലായിരുന്നു സിഎംടിയുടെ ജനനം. അദ്ദേഹത്തിന്റെ 93-ാം വയസ്സ് വരെ മുറുകെ പിടിച്ച കമ്മ്യൂണിസ്റ്റ് ജീവിതം അതായിരുന്നു സിഎം തങ്കപ്പൻ എന്നറിയപ്പെടുന്ന വൈക്കത്തിന്റെ സിഎംടി. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനായിരുന്നു സിഎംടി. പട്ടാളക്കാർ നടത്തിയ ആദ്യ പണിമുടക്കിൽ പങ്കെടുത്തെന്ന കാരണത്താൽ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു നാട്ടിലെത്തിയ സഖാവ്. പിന്നീട് അദ്ദേഹം പാർട്ടി പ്രവർത്തനത്തിൻ്റെ മുൾവഴികൾ തിരഞ്ഞെടുത്തു.
കോട്ടയത്തെ ആദ്യ ടെക്കി (പാർട്ടി രഹസ്യം കൈമാറുന്നവൻ)താനായിരിന്നു എന്ന് വളരെ അഭിമാനത്തോട് കൂടി സഖാവ് പറയുമായിരുന്നു. പാർട്ടി രഹസ്യങ്ങൾ ചോരുന്ന ഇക്കാലത്ത് ചിന്തിക്കാനാവാത്ത കർമ്മം ചെയ്ത വിശ്വസ്ത പോരാളി. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി ഇടുക്കിയിലെ തേയിലത്തോട്ടങ്ങൾ കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഏറെ മികവുറ്റതായിരുന്നു.
വൈക്കം മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന അദ്ദേഹം നിരവധി തൊഴിലാളി യൂണിയനുകളുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1952-57 കാലഘട്ടത്തിൽ വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ സെക്രട്ടറിയായി പ്രവർത്തിച്ചു. 1957ൽ പാർട്ടി നിർദ്ദേശ പ്രകാരം ദേവികുളത്ത് തോട്ടം തൊഴിലാളി യൂണിയനും പാർട്ടിയും കെട്ടിപ്പടുക്കാൻ പാർട്ടി നിയോഗിച്ചത് സിഎംടിയെയായിരുന്നു. പാർട്ടി സംസ്ഥാന കമ്മറിയംഗം, കോട്ടയം ജില്ലാ കമ്മറ്റിയുടെ അസി.സെക്രട്ടറി തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
അതിരാവിലെ ഉറക്കമുണർന്ന് പശു പരിപാലനം കഴിഞ്ഞ്, വ്യായാമമുറകൾ ചെയ്ത്, പ്രഭാതചര്യകൾ എല്ലാം കഴിഞ്ഞ് പത്രം വായനയുടെ ലോകത്തേക്ക് ആണ്ടിറങ്ങുന്ന സഖാവ്…സി.പി.എം നേതാവായിരുന്ന ഇ എം കുഞ്ഞ് മുഹമ്മദ് പറഞ്ഞതോർമ്മയിൽ സിഎംടിയുടേയും, തൻ്റേയും, വീട്ടിൽ ഒളിവിലിരിക്കാത്ത സഖാക്കളില്ലായെന്ന വാക്ക്. എത്ര വിശ്വസ്തരായിരിന്നു പാർട്ടിക്ക് അവർ….വെള്ളമുണ്ടും, വെള്ളയുടുപ്പും, കാലൻകുടയും. ഹെർക്കുലീസ് സൈക്കിളും,ലതറിൻ്റെ ബാഗും, വെളുത്ത മനസ്സും, ഒത്ത ഉയരവും, അറിവിൻ്റെ നിറവുമായ സഖാവ് വിട്ട് പിരിഞ്ഞിട്ട് വർഷം രണ്ട് കഴിഞ്ഞു. സഖാവ് അവസാനമായി പറഞ്ഞ വാക്കിലുണ്ട് അദ്ദേഹവും പാർട്ടിയും തമ്മിലുള്ള ലയം. സഖാവ് ഡി രാജ വെള്ളൂരിലെ മാധവ സൗധം വീട്ടിലെത്തി സഖാവിന് മൊമൻ്റോ നൽകി ആദരിച്ചപ്പോൾ സിഎംടിയുടെ മനസ്സ് വായിക്കാൻ കഴിയുമായിരിന്നു അവിടെ കൂടിയവർക്കെല്ലാം. മനസ്സിൽ പറഞ്ഞ എന്നാൽ ഉറക്കെയായ വാക്കുകൾ
”ഇനിയെന്ത് വേണമെനിക്ക്….
ഇതിലധികം എന്ത് തരണം
എനിക്കീ പാർട്ടി”
ആർഎസ്എസിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ കേന്ദ്രസർക്കാർ നടത്തുന്ന വർഗീയതക്കെതിരെയും കോർപ്പറേറ്റ് പ്രീണനങ്ങളുടെയും കാലത്ത് സിഎംടിയെ പോലുള്ള കരുത്തുറ്റ കമ്മ്യൂണിസ്റ്റ് നേതൃനിരകളുടെ ഓർമ്മകൾ പ്രശസ്തിയേറുന്നതാണ്.ത്യാഗപൂർണമായ സിഎംടിയുടെ ജീവിതം വരുംതലമുറക്കുള്ള പാഠപുസ്തകമാക്കി മറ്റേണ്ടതാണ്. പുതിയ തലമുറയേറ്റെടുക്കേണ്ട സത്യമായ ജീവിതത്തിന്റെ നിത്യമായ യാത്രയാണ് സഖാവ് സിഎംടി.