പൗരത്വ നിയമഭേദഗതി ഒരിക്കലും പിൻവലിക്കില്ലെന്നും സിഎഎ നടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വഭേഗഗതി നിയമം നടപ്പാക്കുന്നതിൽ ന്യൂനപക്ഷങ്ങളോ മറ്റ് ഏതെങ്കിലും വിഭാഗങ്ങളോ ഭയപ്പെടേണ്ടതില്ലെന്നും ആരുടെയും പൗരത്വം എടുത്തുകളയാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും അമിത് ഷാ പറഞ്ഞു.
സിഎഎ ഒരിക്കലും പിൻവലിക്കില്ല. നമ്മുടെ രാജ്യത്ത് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുന്നത് സർക്കാരിന്റെ പരമാധികാര തീരുമാനമാണ്, അതിൽ ഞങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ജൈനർക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും പാർസി അഭയാർഥികൾക്കും അവകാശങ്ങളും പൗരത്വവും നൽകാൻ മാത്രമാണ് സിഎഎയെന്നും അമിത് ഷാ പറഞ്ഞു.
കേരള, തമിഴ്നാട്, പശ്ചിമ ബംഗാൾ സർക്കാരുകൾക്ക് പൗരത്വഭേദഗതി നിയമം നടപ്പാക്കാതിരിക്കാനാവില്ല. ഇത് കേന്ദ്രസർക്കാരിന്റെ വിഷയമാണെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.