ഡൽഹി: ജമ്മു കശ്മീരിലെ ബദാല്‍ ഗ്രാമത്തില്‍ 17 പേര്‍ അജ്ഞാത രോഗം ബാധിച്ച് മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരം പുറത്തുവന്നു. മരിച്ചവരുടെ ശരീരത്തിനകത്ത് കീടനാശിനിയായ ആല്‍ഡികാര്‍ബിന്റെയും കാഡ്മിയത്തിന്റെയും അംശം കണ്ടെത്തി. ലക്‌നോവിലെ സിഎസ്‌ഐആര്‍-ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സിക്കോളജി റിസര്‍ച്ച് മരിച്ചവരുടെ ദേഹത്തുനിന്നെടുത്ത സാമ്പിളുകളില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കീടനാശിനിയില്‍ ഉപയോഗിക്കുന്ന ആല്‍ഡികാര്‍ബ്, കാഡ്മിയം എന്നിവയടക്കമുള്ള ന്യൂറോടോക്‌സിനുകളുടെ അംശം കണ്ടെത്തിയത്. ഭക്ഷണത്തിലൂടെയാണ് ഇവ ഉള്ളിലെത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
രജൗരിയിലെ ബദാല്‍ ഗ്രാമത്തിലാണ് ഡിസംബര്‍ ഏഴ് മുതല്‍ ജനുവരി 19 വരെ തുടര്‍ച്ചയായി 17 പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. മൂന്ന് കുടുംബങ്ങളില്‍ പെട്ടവരാണ് മരിച്ചത്. ഇവരില്‍ 13 കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നും വിവാഹ സദ്യ കഴിച്ചവരാണ് മരിച്ചവരെല്ലാം. വിവാഹം നടന്ന വീട്ടിലെ ഗൃഹനാഥന്‍ അടക്കം അഞ്ചുപേരാണ് ആദ്യം ഇരയായത്. തുടര്‍ന്ന് അയല്‍പ്പക്കത്തെ രണ്ടു കുടുംബങ്ങളില്‍നിന്നായി 12 പേര്‍ മരണപ്പെട്ടു. സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തിച്ചവരാണ് പൊടുന്നനെ ബോധരഹിതരായി മരിച്ചത്. 53 ദിവസമായിട്ടും ഈ ദുരൂഹ മരണങ്ങളില്‍ കൃത്യമായ വിശദീകരണം ലഭിക്കാത്തത് കശ്മീരിലാകെ പരിഭ്രാന്തി പരത്തിയിരുന്നു. തുടര്‍ന്ന്, വിവിധ മെഡിക്കല്‍ കോളജുകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും മുന്‍കൈയില്‍ സംഭവത്തില്‍ അന്വേഷണമാരംഭിച്ചു.കേന്ദ്ര സര്‍ക്കാര്‍ 11 അംഗ വിദഗ്ധ സമിതിയെ ഇവിടേക്ക് നിയോഗിച്ചു. പ്രദേശത്തെ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. 200ലേറെ പേരെ ആശുപത്രിയില്‍ ക്വാറന്റീനിലാക്കി.