കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ആർഎസ്എസ്-എബിവിപി നേതാക്കളെ നോമിനേറ്റ് ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് എഐവൈഎഫ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്ത് കാവിവൽക്കരിക്കാനായി ബിജെപി-സംഘ പരിവാർ നേതൃത്വവുമായി ഗൂഢാലോചന നടത്തിയാണ് ഗവർണർ ഇങ്ങനെയൊരു നീക്കം നടത്തിയതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിൽ വ്യക്തമാക്കി.
കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ മേഖലയിൽ സംഘ പരിവാറിന് സ്വീകാര്യത കിട്ടാത്തതിൽ അസ്വസ്ഥനായ ആരിഫ് മുഹമ്മദ് ഖാൻ തന്റെ കുബുദ്ധിയിൽ ആവിഷ്കരിച്ച പദ്ധതിയാണ് ഇതെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മേഖല കുളംതോണ്ടാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ഗവർണർ. സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നിരന്തരം ശ്രമിച്ചു പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യനായ ഗവർണർ തിരിച്ചടി മറച്ചു വെക്കാനാണ് ഇപ്പോൾ പുതിയ നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്. സർവകലാശലകളെ കാവി വൽക്കരിക്കാനുള്ള ഗവർണറുടെ ശ്രമം ഏത് വിധേനയും ചെറുത്തു തോൽപ്പിക്കുമെന്ന് എഐവൈഎഫ് പറഞ്ഞു.