സൂപ്പർ സ്റ്റാറെന്നാൽ അഖിലകോടി ബ്രഹ്മാണ്ഡത്തിനു അധിപനല്ല. എന്നാൽ ആരാധക വൃന്ദങ്ങൾ സിനിമ താരങ്ങൾക്ക് നൽകുന്ന താരപരിവേഷം എത്ര വലുതാണ്. ആ അന്തമായ താരക്കൊഴുപ്പിനു അവസാനത്തെ ഇരയാണ് രേവതി. പുഷ്പ –2വിന്‍റെ പ്രീമിയര്‍ ഷോക്കിടെ ഹൈദരാബാദിലെ തിയറ്ററില്‍ തിക്കിലും തിരക്കിലുംപ്പെട്ട് ജീവൻ നഷ്ടമായ ആരാധിക. ചലച്ചിത്ര നടൻ അല്ലു അർജുന്റെ അറസ്റ്റിലേക്ക് വരെ നയിച്ച സംഭവം ആരാധകരേറ്റെടുക്കുന്ന രീതി പൊതുസമൂഹത്തിനു അംഗീകരിക്കാൻ കഴിയുന്നതല്ല. ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതിയാണ് തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.
ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. ഈ ഷോയ്ക്ക് തീയേറ്ററിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തുകയായിരുന്നു. താരത്തെ നേരിൽക്കാണാൻ ആരാധകർ തടിച്ചുകൂടിയപ്പോൾ അല്ലു അർജുന്റെയും അദ്ദേഹത്തിന്റെ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ ഇടപെടലുകളാണൊരു ജീവൻ നഷ്ടമാകുന്നതിലേക്ക് നയിച്ചത്. അല്ലു അര്‍ജുനെ പോലുള്ളൊരു താരം വരുമ്പോൾ അവിടെ ആളുകൾ തടിച്ചുകൂടും എന്നത് അദ്ദേഹത്തിനു ഇന്നേവരെ മനസിലാവാത്തതാണോ? അതോ തന്റെ താരജാഡ പ്രദർശിപ്പിക്കുന്നതിനു അദ്ദേഹം മനപ്പൂർവം അവസരമൊരുക്കിയതാണോ?
താരത്തിനു ആ തീയേറ്ററിൽ മാസ് കാണിക്കണമെങ്കിൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ സന്ദർശന വിവരം അറിയിക്കേണ്ടിയിരുന്നത് ആരുടെ കടമയായിരുന്നു. തിരശീലയിൽ ജനങ്ങളെ പ്രതിനിധികരിക്കുന്നവർ യഥാർത്ഥ ജീവിതത്തിൽ അവരുടെ അന്തകരായി മറുന്ന കാലമാണ് . എൻ എസ് സെക്ഷൻ 105 (മനഃപൂർവമുള്ള നരഹത്യ -കൊലപാതകത്തോളം വരാത്തത്), 118 (1) (മനഃപൂർവം മുറിവേൽപ്പിക്കൽ) എന്നിവയാണ് എഫ്.ഐ.ആറിൽ അല്ലു അർജുനെതിരെ രേഖപ്പെടുത്തിയിരിക്കുന്ന പ്രധാന വകുപ്പുകൾ.
എന്നാൽ അല്ലു അർജുന്റെ അറസ്റ്റിനെ അപലപിച്ചു കൊണ്ട് വ്യാപകമായ പ്രതികരണങ്ങൾ പല കോണുകളിൽ നിന്നുമുയർന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും സിനിമ ലോകവും അദ്ദേഹത്തിന്റെ ആരാധകരും അറസ്റ്റിനെതിരെ ശക്തമായി രംഗത്ത് വരികയുണ്ടായി. എന്നാൽ തിയറ്ററിലേക്ക് പോയാൽ സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമല്ലാതാകുമെന്നുള്ള പൊലീസിന്റെ നിരന്തര മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു അല്ലു അർജുൻ. ഇവിടെ നടന്‍റെ അംഗരക്ഷകര്‍ ഉണ്ടാക്കിയ തിക്കും തിരക്കുമാണ് മുപ്പത്തൊമ്പതുകാരി രേവതിയുടെ മരണത്തിലേക്ക് നയിച്ചത്. തിയറ്ററിൽ എത്തിയ അദ്ദേഹത്തിന്റെ ഇടപെടലുകളും ആരാധകരെ ഇളക്കി മറിക്കുന്ന തരത്തിലായിരുന്നു. അല്ലു അര്‍ജുനും സംഗീത സംവിധായകന്‍ ദേവിശ്രി പ്രസാദും ആരാധകര്‍ക്കൊപ്പം സിനിമ കണ്ടിറങ്ങവേയാണ് തിരക്കിനിടയിൽ രേവതി മരണ മടയുന്നത്.
ഈ സമയം താരത്തിനൊപ്പം സെല്‍ഫിയെടുക്കാനുള്ള ആരാധകരുടെ ശ്രമമാണു അത്യാഹിതമുണ്ടാക്കിയത്. ഇവിടെ വ്യക്തമായ പോലീസ് മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ട മുൻ കരുതൽ സ്വീകരിക്കാതെ ആരാധകരുടെ ആവേശത്തിൽ അല്ലു അർജുൻ മതി മറന്നു പോയതാണ് ഒരു വിലപ്പെട്ട ജീവന്റെ നഷ്ടത്തിന്നിടയാക്കിയത്. സാമൂഹ്യ പ്രതിബദ്ധതയുള്ള നടൻ എന്ന നിലയിൽ പോലിസ് നൽകിയ മുന്നറിയിപ്പിനനുസരിച്ച് പ്രവർത്തിച്ചിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന ദുരന്തം. നടനാണെങ്കിലും പൗരനെന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു വിനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി താരത്തിന് നാലാഴ്ചത്തെ ജാമ്യം കഴിഞ്ഞ ദിവസം അനുവദിച്ചത്. ഹൈക്കോടതി വിധിയിലൂടെ ആരാധകർക്ക് പറയാതെ പറയുന്ന മുന്നറിയിപ്പ് താരങ്ങളെല്ലാം തിരശീലയ്ക്കുള്ളിലാണ് അതിനുള്ള കൂലി അവർ ചോദിച്ച് വാങ്ങുന്നുണ്ട് ഇവരുടെ പിന്നാലെ നടന്നിട്ട് ഒരാരാധകനും ഒന്നും നേടാനില്ല നഷ്ടപ്പെടാൻ ധാരാളവും.