77-ാമത് കാൻ ചലച്ചിത്ര മേളയിലെ ഇന്ത്യ പവിലിയന്റെ പേര് ഭാരത് പവിലിയൻ എന്നാക്കി ബിജെപി സർക്കാർ. വാർത്താവിനിമയ മന്ത്രാലയം ആണ് പുതിയ വിവാദത്തിനു പിന്നിൽ. ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായുള്ള സഹകരണത്തിനായി ഉറ്റുനോക്കുമ്പോഴും രാജ്യത്തിന്റെ പരമ്പരാഗത കഥപറച്ചിൽ രീതികളുടെ അവകാശവാദത്തെ പേരുമാറ്റം പ്രതിനിധാനം ചെയ്യുന്നുവെന്നാണ് മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജുവിന്റെ അവകാശവാദം.
ചൊവ്വാഴ്‌ച ആരംഭിച്ച മേളയിൽ അമേരിക്കൻ നടി മെറിൽ സ്‌ട്രീപ്പിനെ ഓണററി പാം ഡി ഓർ നൽകി ആദരിച്ചു. ഗ്രാൻഡ് ലൂമിയർ തിയറ്ററിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോഷാണ് പുരസ്‌കാരം സമ്മാനിച്ചത്. ഒപ്പം ജോലി ചെയ്തിട്ടുള്ള പ്രതിഭാധനരായ കലാകാരന്മാരാണ് താൻ ചലച്ചിത്ര ലോകത്ത് തുടരാൻ കാരണമെന്ന് മെറിൽ പറഞ്ഞു. 25 വരെ നടക്കുന്ന മേളയിൽ പാം ഡി ഓർ പുരസ്‌കാരത്തിനുൾപ്പെടെ എട്ട് ഇന്ത്യൻ സിനിമകൾ മാറ്റുരയ്ക്കുന്നുണ്ട്.