ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍, കഴിഞ്ഞദിവസം ഇസ്രയേല്‍ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പ് ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തുകയുണ്ടായി. ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ സ്ഥിതി ചെയ്യുന്ന ഈ അഭയാര്‍ത്ഥി ക്യാമ്പ്, പലസ്തീനിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി സെറ്റില്‍മെന്റുകളില്‍ ഒന്നാണ്. സ്ഥിരമായി ഇസ്രയേല്‍ ആക്രമണം നടക്കുന്ന മേഖല.
പലസ്തീന്‍ സാധുയ സംഘടന ‘ജെനിന്‍ ബ്രിഗേഡ്’ എന്നറിയിപ്പെടുന്ന സംഘത്തിന് വേണ്ടിയുള്ള തെരച്ചലിന്റെ ഭാഗമായാണ് അഭയാര്‍ത്ഥികളുടെ സെറ്റില്‍മെന്റിലേക്ക് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖല, ഹമാസിന്റെ ശക്തികേന്ദ്രമാണ്. ഇവിടെ നിരവധി ഒളിത്താവളങ്ങളുണ്ടെന്നും ഹമാസിന്റെ പ്രധാനപ്പെട്ട പല നേതാക്കളും ഈ ഒളിത്താവളങ്ങളില്‍ കഴിയുന്നുണ്ടെന്നുമാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. വ്യോമാക്രമണത്തില്‍ തകര്‍ന്ന അല്‍ അന്‍സാര്‍ മസ്ജിദ് ജനിന്‍ ബ്രിഗേഡിന്റെ നിയന്ത്രണത്തിലാണ് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.
‘രക്തസാക്ഷികളുടെ തലസ്ഥാനം’
1953ലാണ് ഈ ക്യാമ്പ് സ്ഥാപിതമാകുന്നത്. ‘രക്തസാക്ഷികളുടെ തലസ്ഥാനം’ എന്നാണ് ഹമാസും മറ്റു തീവ്രവാദ ഗ്രൂപ്പുകളും ജനിന്‍ ക്യാമ്പിനെ വിശേഷിപ്പിക്കുന്നത്. പലസ്തീന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലായനം ചെയ്ത് എത്തിയവരാണ് ഇവിടെയുള്ളത്. പലസ്തീനില്‍ ഏറ്റവുംകൂടുതല്‍ ജനസംഖ്യയുള്ള മേഖല കൂടിയാണ് ഇത്. തിങ്ങിനിറഞ്ഞ സെറ്റില്‍മെന്റ് കെട്ടിടങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ പാര്‍ക്കുന്ന മേഖലയില്‍, പക്ഷേ, തീവ്ര സ്വഭമുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.
ഹമാസും ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പും ജെനിന്‍ ബ്രിഗേഡും അടക്കം നിരവധി തീവ്രവാദ സംഘടനകള്‍ക്ക് ഇവിടെ വേരോട്ടുണ്ട്. അതില്‍ ഏറ്റവും ശക്തമായ സ്വാധീനമുള്ളത് ഹമാസിനാണ്. 2002 ഏപ്രിലില്‍ ജെനിനില്‍ ഹമാസും ഇസ്രയേലും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇസ്രയേലില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 30പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇസ്രയേല്‍ ആക്രമണം. ഏപ്രില്‍ ഒന്നിന് ആരംഭിച്ച ഏറ്റുമുട്ടല്‍ പത്ത് ദിവസം കഴിഞ്ഞ് ഹമാസ് സംഘം കീഴടങ്ങിയപ്പോഴാണ് ഇസ്രയേല്‍ അവസാനിപ്പിച്ചത്. 2022ല്‍ ജെനിനില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ തിരച്ചിലിനിടെ വെടിയേറ്റ് അല്‍ ജസീറ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടിരുന്നു.
ഈ വര്‍ഷം ജൂണില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 2,000 ഇസ്രയേല്‍ സൈനികരാണ് അന്ന് ജെനിനിലേക്ക് ഇരച്ചുകയറിയത്. സേനയ്ക്ക് വഴിയൊരുക്കാനായി കൂറ്റന്‍ ബുള്‍ഡോസറുകള്‍ കൊണ്ട് കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയായിരുന്നു ഇസ്രയേലിന്റെ മുന്നേറ്റം.
ഈ മുന്നേറ്റത്തിന് കനത്ത വില കൊടുക്കേണ്ടിവരുമെന്ന് അന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്‍ അഖ്‌സ പള്ളിയിലുള്ള ഇസ്രയേലിന്റെ ഇടപെടലുകള്‍ക്ക് പുറമേ, ജെനിനിലേക്കുള്ള വന്‍തോതിലുള്ള സൈനിക നീക്കങ്ങളും ഒക്ടോബര്‍ ഏഴിലെ മിന്നല്‍ ആക്രമണത്തിന് ഹമാസിനെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്നാണ്. ആ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ജെനിന്‍ ഒരു ടേണിങ് പൊയിന്റ് ആണ്. യുദ്ധത്തിന്റെ അടുത്ത ഘട്ടം പ്രഖ്യാപിച്ച ഇസ്രയേല്‍ ആദ്യം ലക്ഷ്യം വയ്ക്കുന്നതും ജെനിന്‍ ക്യാമ്പാണ്. ജെനിനിലേക്ക് ടാങ്കുകള്‍ കയറുമ്പോള്‍, 2002ലേത് പോലെ ഹമാസ് ആയുധം താഴെ വയ്ക്കുമെന്ന് ഇസ്രയേല്‍ കണക്കുകൂട്ടുന്നുണ്ടാകാം. ജെനിലേക്കുള്ള കടന്നുകയറ്റം, ഹമാസിന്റെ കയ്യിലുള്ള തങ്ങളുടെ 200 പൗരന്‍മാരുടെ മോചനത്തിലേക്കുള്ള വഴിത്തിരിവായും ഇസ്രയേല്‍ കാണുന്നു.