ഇംഫാൽ: സിപിഐ ദേശീയനേതാവ് ആനി രാജയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിനു കേസ്. മണിപ്പൂർ പൊലീസാണ് ആനി രാജയ്ക്കെതിരെ രാജ്യ ദ്രോഹകുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. മണിപ്പൂർ കലാപം സർക്കാർ സ്പോൺസേർഡ് എന്ന് വിശേഷിപ്പിച്ചതിനെതിരായാണ് മണിപ്പൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ആനി രാജ ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് രാജ്യ ദ്രോഹ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. എൻഎഫ്ഐഡബ്ല്യു ജനറൽ സെക്രട്ടറി ആനി രാജ, ദേശീയ സെക്രട്ടറി നിഷ സിദ്ദു, ഡൽഹി ആസ്ഥാനമായുള്ള അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവര്‍ക്കെതിരെയാണ് കേസ്. സിപിഐയുടെ മഹിളാ സംഘടനയായ എന്‍എഫ്ഐഡബ്ല്യു വിന്റെ നേതൃത്വത്തിൽ മണിപ്പൂരിലെ സംഘർഷ ബാധിത പ്രദേശങ്ങളും ക്യാമ്പുകളും ആനിരാജയടക്കം കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. ഇതിനിടെ മണിപ്പൂർ കലാപം സംസ്ഥാന സർക്കാരിന്റെ സ്പോൺസർ ചെയ്തതാണെന്ന് ആനിരാജ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചിരുന്നു. ഇതിന്റെ പേരിലാണ് ഇംഫാൽ പൊലീസ് സ്റ്റേഷനിൽ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ബിജെപി പ്രവര്‍ത്തകനായ എൽ ലിബൻ സിങ് നല്‍കിയ പരാതിയിലാണ് നടപടി. സംസ്ഥാനത്ത് മെയ്തി സ്ത്രീകള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തില്‍ പെരുമാറി എന്ന ആരോപണവും പരാതിയിലുണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.