രേഖകളില്ലാതെ കാറിൽ കടത്തിയ 2 കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി പിടിയിൽ. ബിജെപി ബംഗളൂരു ഓഫീസ് സെക്രട്ടറി ലോകേഷ് അമ്പേക്കല്ലു വെങ്കിടേഷ് പ്രസാദ്, ഗംഗാധർ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച ചംമ്രാജ്പേട്ടിൽ സ്റ്റാറ്റിക് സർവയിലൻസ് ടീം( എസ്എസ്ടി) നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലാകുന്നത്. മൂന്ന് പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിക്കാത്തതിനാലും പണം സ്വീകരിക്കുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്താതതിനാലുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പാർട്ടി പ്രധിനിധികൾക്കും മത്സരാർഥികൾക്കും പതിനായിരം രൂപയിൽ കൂടുതലുള്ള തുക ചെക്ക് വഴിയും ഓൺലൈനായും മാത്രമെ നൽകാൻ സാധിക്കുകയുളളു എന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ നിബന്ധനയുണ്ട്. രാഷ്ട്രീയ പാർട്ടികൾ ഭീമമായ തുക ഇടപാട് നടത്തരുതെന്നും കമ്മീഷൻ നിർദേശമുണ്ട്.