തിരുവനന്തപുരം: നാമജപ ഘോഷയാത്രയ്ക്കെതിരെ കേസെടുത്ത് പൊലീസ്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് കേസ്.എൻ എസ് എസ് വൈസ് പ്രസിഡന്റെ സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി കൊണ്ടാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന ആയിരത്തോളം പേരെയും പ്രതി ചേർത്തു. പാളയം മുതൽ പഴവങ്ങാടി വരെയാണ് ഘോഷയാത്ര നടത്തിയത്.
സ്പീക്കർ എ എൻ ഷംസീർ ഗണപതിയെ സംബന്ധിച്ച് നടത്തിയ പരാമർശം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് ആയിരുന്നു എൻ എസ് എസ് ബുധനാഴ്ച നാമജപ ഘോഷയാത്ര നടത്തിയത്.പാളയത്തെ ഗണപതി ക്ഷേത്രത്തിൽ തേങ്ങയുടച്ചാണ് യാത്രയാരംഭിച്ചത്.ഗണേശ വിഗ്രഹത്തോടൊപ്പം ഗണപതി സ്തുതികളുമായി നിരവധിപേർ ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ ദീപാരാധനയോടെയാണ് റാലി സമാപിച്ചത്. രാവിലെ പഴവങ്ങാടിയിൽ 101 തേങ്ങയുടക്കുകയും ഗണപതി ഹോമം നടത്തുകയും ചെയ്തിരുന്നു.