നിലയ്ക്കൽ: കഴിഞ്ഞ ഒമ്പത് വർഷമായി ബിജെപി രാജ്യത്ത് നടത്തുന്ന ഭരണം രാജ്യത്തെ യുവാക്കളെ ദുരിതത്തിലേക്ക് തള്ളി വിട്ടെന്ന് എഐവൈഎഫ് ദേശീയ സെക്രട്ടറി ആർ തിരുമലൈ. എഐവൈഎഫ് സംസ്ഥാന ക്യാമ്പിനെ ആഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ എണ്ണത്തിൽ ഇന്ത്യയാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മുന്നിലുള്ളത്.140 കോടി ജനങ്ങളിൽ 80 കോടി ജനങ്ങളും യുവാക്കളാണ്. എന്നാൽ ഇത്രയും യുവജനങ്ങളെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ രാജ്യത്തെ ഭരണധികാരികൾക്ക് സാധിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിജെപി സർക്കാർ രാജ്യത്തിന്റെ ജനാധിപത്യത്തേയും നിയമസംഹിതയും തകർത്തെറിയുകയാണ്. ബിജെപിക്ക് എതിരായവർ അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് സിബിഐ, ഇ ഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഭരണ സംവിധാനത്തിനു ഭീഷണി ആവും വിധം ഉപയോഗപ്പെടുത്തുകയാണ്. ഡൽഹി ഉപമുഖ്യമന്ത്രി ആയ മനീഷ് സിസോദിയക്കെതിരായ കേസ് ഇതിന് ഒരു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തന്നെ എറ്റവും കൂടുതൽ അഴിമതി നടത്തുന്ന സംസ്ഥാനം ബിജെപി ഭരിക്കന്ന കർണ്ണാടകയാണ്. കഴിഞ്ഞ ദിവസം അവിടത്തെ വെറും ഒരു എംഎൽഎയും അദ്ദേഹത്തിന്റെ മകനും ലക്ഷകണക്കിനു കോഴപ്പണം സ്വന്തമാക്കിയിരുന്നു. എന്ത് കൊണ്ട് അഴിമതിക്കെതിരെ പൊരുതുന്നു എന്ന് പറയുന്ന കേന്ദ്ര ഏജൻസി കർണാടക കോഴക്കേസിൽ നടപടി എടുക്കാൻ മുതിരാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. ആ കേസിൽ ഉൾപ്പെട്ടവർക്കെല്ലാം നിരുപാധികം ജാമ്യം അനുവദിക്കാൻ ബിജെപി ഭരിക്കുന കേന്ദ്ര സംസ്ഥാന സർകാരുകൾക്കായി എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.