ന്യൂഡൽഹി: മണിപ്പൂരിൽ കാർഗിൽ ജവാന്റെ ഭാര്യ ഉൾപ്പെടെ രണ്ട് കുക്കി സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തുകയും മാനഭംഗപ്പെടുത്തുകയും അതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ സി. ബി. ഐ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.
സംഭവത്തിൽ എന്തു നടപടിയെടുത്തെന്ന് വിശദീകരിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി. ബി. ഐ അന്വേഷണം പ്രഖ്യാപിച്ചത്.
കിരാത സംഭവത്തിൽ രാജ്യത്താകെ പ്രതിഷേധം തിളച്ചതും പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ കടന്നാക്രമണവും മണിപ്പൂരിലെ കൊടും ക്രൂരതകളുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്തു വരുന്നതും വിദേശത്തെ സർക്കാരിന്റെ പ്രതിഛായ മങ്ങിയതും കേന്ദ്രത്തെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു.
ജൂലായ് 19ന് പുറത്തുവന്ന വീഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം ഏഴുപേർ അറസ്റ്റിലായി. മേയ് 4നാണ് കാങ്‌പോക്പി ജില്ലയിലെ ബിഫൈനോം ഗ്രാമത്തിൽ മെയ്‌തീ ജനക്കൂട്ടം 40, 20 വയസുള്ള രണ്ടു സ്‌ത്രീകളെ പീഡിപ്പിച്ചത്.