നീറ്റ് പരീക്ഷാഫലത്തിൽ ക്രമക്കേടുകൾ നടന്നതായി ഐഐടി മദ്രാസ് നടത്തിയ ഡേറ്റ അനലിറ്റിക്‌സ് പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു കേന്ദ്രസർക്കാർ. പരീക്ഷാഫലത്തിൽ യാതൊരു വിധ ക്രമക്കേടും നടന്നിട്ടില്ല എന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
സംശയാസ്പദമായ കേസുകൾ തിരിച്ചറിയുന്നതിനും ക്രമക്കേടുകൾ നടത്താത്ത വിദ്യാർത്ഥികളെ വേർതിരിക്കുന്നതിനും ഡേറ്റ അനലിറ്റിക്സ് ഉപയോഗിക്കുന്നത് പ്രായോഗികമാണോയെന്ന് തിങ്കളാഴ്ച കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. ഇതുമായി ബന്ദപ്പെട്ട് ഐഐടി മദ്രാസിനോട് ഇതേ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടതായി കോടതിക്ക് മുൻപിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
മാർക്ക് വിതരണം, പരീക്ഷ നടന്ന നഗരം, പരീക്ഷാകേന്ദ്രം തിരിച്ചുള്ള റാങ്ക് വിതരണം, വിവിധ മാർക്ക് പരിധിയിൽ വന്നിരിക്കുന്ന പരീക്ഷാർഥികൾ തുടങ്ങിയ മാനദണ്ഡങ്ങൾ ഉപയോഗിച്ച് നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട ഡാറ്റയുടെ സമഗ്രവും വിപുലവുമായ സാങ്കേതിക വിലയിരുത്തൽ ഐഐടി മദ്രാസ് നടത്തിയതായി കേന്ദ്രം പറഞ്ഞു. എല്ലാ പ്രമുഖ പരീക്ഷയുടെയും സാങ്കേതിക വിലയിരുത്തലിൽ ദൃശ്യമാകുന്ന ബെൽ ആകൃതിയിലുള്ള ഗ്രാഫാണ് നീറ്റ്-യുജി പരീക്ഷയുടെ ഡേറ്റ അനലിറ്റിക്‌സ് പരിശോധനയിലും മദ്രാസ് ഐഐടി കണ്ടെത്തിയിരിക്കുന്നത്. ഇതിൻ പ്രകാരം പരീക്ഷയിൽ ക്രമക്കേടുകളോ അസ്വാഭാവികതകളോ നടന്നിട്ടില്ല.
മുൻവർഷങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി 2024ലെ പരീക്ഷാഫലത്തോടൊപ്പം 2023ലെ പരീക്ഷാഫലത്തെയും വിശകലനം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള മൊത്തം സീറ്റുകളുടെ എണ്ണം ഏകദേശം 1,10,000 ആയതിനാൽ, ആദ്യത്തെ 1,40,000 റാങ്കുകളിലാണ് പരിശോധന കേന്ദ്രീകരിച്ചത്. പരീക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ നടന്നിരുന്നുവെങ്കിൽ ആദ്യത്തെ അഞ്ച് ശതമാനം അഥവാ 7000 വരെയുള്ള റാങ്കുകളിൽ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികതകൾ കണ്ടെത്താൻ കഴിഞ്ഞേനെയെന്നും കേന്ദ്രം സുപ്രീം കോടതിക്ക് മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.