തിരുവനന്തപുരം: ഫാസിസ്റ്റ് നയ സമീപനമാണ് കേന്ദ്രസർക്കാർ പിന്തുടരുന്നതെന്നും, എതിർ ശബ്ദമുയർത്തുന്നവരെ ക്രൂരമായി വേട്ടയാടുകയാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ളവർ ഇന്ത്യൻ ഭരണകൂടത്തിന്റെ രക്തസാക്ഷി ആണെന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രൻ. ടീസ്റ്റ സതാൽവാദിനെയും ഗുജറാത്ത് മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഡോ.ആർ.ബി ശ്രീകുമാർ,സഞ്ജീവ് ഭട്ട്, മുഹമ്മദ് സുബൈർ എന്നിവരെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച നടപടിയിൽ പ്രതിഷേധിച്ച് ‘ഫാസിസം സർവ്വ നാശമാണ്’ എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി ഭരണകൂടത്തിനെതിരായി ശബ്ദിക്കുന്നവരെ വേട്ടയാടുകയാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും അതിനുദാഹരണങ്ങളാണ് ഇവരെല്ലാമെന്നും അദ്ദേഹം പറഞ്ഞു. എഐവൈഫ് ജില്ലാ പ്രസിഡൻ്റ് ആദർശ്കൃഷ്ണ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം അരുൺ കെ.എസ്, എ ഐ വൈ എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജെ.അരുൺ ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അൽ ജിഹാൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ശരൺ ശശാങ്കൻ, പ്രസിഡൻ്റ് ആൻ്റസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ.എസ് ജയൻ സ്വാഗതവും, സംസ്ഥാന കമ്മിറ്റി അംഗം എ.ജി അനുജ നന്ദിയും പറഞ്ഞു.