Friday, November 22, 2024
spot_imgspot_img
HomeOpinionഓർമ്മ വേണം, നമ്മൾ താണ്ടിവന്ന വഴികൾ: ടിടി ജിസ്മോൻ

ഓർമ്മ വേണം, നമ്മൾ താണ്ടിവന്ന വഴികൾ: ടിടി ജിസ്മോൻ

ടി ടി ജിസ്മോൻ
(എഐവൈഎഫ് സംസ്ഥാന സെക്രട്ടറി)

കേരളത്തിന്റെ രാഷ്ട്രീയ, ചരിത്ര, സാമൂഹിക സമരങ്ങളിൽ ഉജ്ജ്വലമായ പങ്ക് വഹിച്ച പോരാട്ടമാണ് വൈക്കം സത്യാഗ്രഹം. കേരള നവോത്ഥാന ചരിത്രത്തിലെ ഒഴിച്ചുകൂടാനാകാത്ത ഏടാണ് വൈക്കം സത്യാഗ്രഹം. മാറ്റിനിർത്തപ്പെട്ടവർക്കൊപ്പം ചേർന്ന് സവർണരും അയിത്തത്തിനെതിരെ സമര രംഗത്തിറങ്ങിയ ആദ്യ പ്രക്ഷോഭം കൂടിയായിരുന്നു അത്. അയിത്തത്തിനും അനാചാരത്തിനുമെതിരെ നടന്ന ഐതിഹാസിക സമരത്തിന്റെ നൂറാം വർഷത്തിലേക്ക് കടന്നിരിക്കുയാണ്. വൈക്കം ക്ഷേത്രത്തിലേക്കുള്ള നാല് പൊതുവഴികളിൽ അയിത്തജാതിക്കാർക്ക് പ്രവേശനം നിഷേധിച്ച സവർണ നിലപാടിനെതിരെയാണ് വൈക്കം സത്യാഗ്രഹം ആരംഭിച്ചത്. 1924 മാർച്ച് 30ന് ആരംഭിച്ച മഹത്തായ പോരാട്ടം 604 ദിവസം നീണ്ടു നിന്നു. അവർണ വിഭാഗങ്ങൾക്ക് ക്ഷേത്രത്തിൽ മാത്രമല്ല അതിന് ചുറ്റുമുള്ള പൊതുവീഥികളിൽ പോലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന കാലം. അയിത്തം കൽപ്പിച്ചിരുന്നതിനാൽ അവർക്ക് ചുറ്റിക്കറങ്ങി വഴി നടക്കേണ്ടി വന്നിരുന്നു. ജാതീയമായ വേർതിരിവുകൾ ഇല്ലാതെയാകുന്നതിനുള്ള ഊർജം പകർന്നതും വിശ്വാസികളായ എല്ലാവർക്കും ക്ഷേത്രങ്ങൾക്കുള്ളിൽ കയറി പ്രാർഥന നടത്താനുള്ള സ്വാതന്ത്ര്യം നൽകിയ ക്ഷേത്രപ്രവേശന വിളംബരത്തിനുള്ള വഴിയൊരുക്കിയതും വൈക്കം സത്യഗ്രഹമെന്ന മഹത്തായ സമരംതന്നെയാണ്.

അവിഭക്ത കോൺഗ്രസ് ദേശീയ സ്വാതന്ത്ര്യപ്രക്ഷോഭം ശക്തമാക്കുന്നതിനിടയിൽ അയിത്തോച്ചാടനം ഔദ്യോഗിക അജൻഡയായി വരുന്നത് 1923ലെ കാക്കിനാഡ കോൺഗ്രസ് സമ്മേളനത്തിലായിരുന്നു. എന്നാൽ,ആ വർഷത്തിനുമുമ്പുതന്നെ ഇതിനായുള്ള ശക്തമായ ഇടപെടൽ കേരളത്തിൽനിന്നുണ്ടായി. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമൊക്കെയായി ചർച്ചകളും ആരംഭിച്ചിരുന്നു. 1917ൽ തിരുനെൽവേലി കോൺഗ്രസ് സമ്മേളനത്തിലാണ് കേരളത്തിൽനിന്നുള്ള പ്രമുഖ നേതാവ് ടി കെ മാധവൻ ഈ വിഷയം പൊതുശ്രദ്ധയിൽ എത്തിച്ചത്. ഈഴവ സമുദായം നേരിടുന്ന ശക്തമായ അവഗണനയും അധിക്ഷേപവും മുൻനിർത്തിയായിരുന്നു ടി കെ മാധവൻ ഇക്കാര്യം അവതരിപ്പിച്ചത്. ശക്തമായി ഇടപെടാമെന്ന് ഗാന്ധിജി ഉറപ്പുനൽകുകയും ചെയ്തു. പിന്നീട് ആറ് വർഷത്തിനുശേഷമാണ് കോൺഗ്രസ്‌ പ്രമേയം പാസാക്കുന്നത്.
1924 മാർച്ച് 30നാണ് വൈക്കം സത്യഗ്രഹം ആരംഭിച്ചത്. കുഞ്ഞാപ്പി എന്ന പുലയ യുവാവും ബാഹുലേയൻ എന്ന ഈഴവ യുവാവും ഗോവിന്ദപ്പണിക്കർ എന്ന നായർ യുവാവും ഒരുമിച്ചാണ് ക്ഷേത്രനിരത്തിലൂടെ നടന്ന് തീണ്ടൽപ്പലകയ്ക്കു സമീപമെത്തിയത്. പൊലീസ് ഇവരെ അറസ്റ്റ്‌ ചെയ്തുനീക്കി. ജാതിനിയമങ്ങളുടെ മറവിൽ പതിറ്റാണ്ടുകളായി സാമൂഹ്യനീതി നിഷേധിക്കപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങളുടെ യോജിപ്പാണ് വൈക്കത്തുണ്ടായത്. യഥാക്രമം പുലയ, ഈഴവ, നായർ സമുദായ-ക്കാരായ കുഞ്ഞാപ്പി, ബാഹുലേയൻ, വെണ്ണിയിൽ ഗോവിന്ദപ്പണിക്കർ എന്നിവർ, പ്രവേശനമില്ലെന്ന് എഴുതിയ വഴികളിലൂടെ ആയിരങ്ങളുടെ അകമ്പടിയോടെ കൈകോർത്ത് ചുവടുവച്ചു. കുഞ്ഞാപ്പിയെയും ബാഹുലേയനെയും തിരുവിതാംകൂർ പൊലീസ് തടഞ്ഞു. ഇതോടെ സത്യഗ്രഹ സമരം ആരംഭിക്കുകയായിരുന്നു.

അയിത്തോച്ഛാടന പ്രവർത്തനത്തിന്റെ ഭാഗമായി അവർണർക്ക് ക്ഷേത്രപ്രവേശനം നൽകണമെന്നല്ല, ആ സ്ഥലത്തിനു ചുറ്റുമുള്ള തെരുവുകളിൽ അവരെക്കൂടി നടത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ക്ഷേത്രപ്രവേശന വിളംബരത്തിന് 12 വർഷം മുൻപ് മുഴങ്ങിയ ആ മുദ്രാവാക്യം വിപ്ലവകരവും ഏതാണ്ട് അന്ന് അസാധ്യവുമായിരുന്നു.

പിന്നോക്ക വിഭാഗക്കാർ വൈക്കം ക്ഷേത്രമതിലിൽ നിന്ന് ദൂരെ മാത്രമേ നിൽക്കാവൂ, ക്ഷേത്രത്തിലേക്കുള്ള നിരത്തുകൾ പോലും ഉപയോഗിക്കാൻ പാടില്ല എന്നൊക്കെയായിരുന്നു ചട്ടം. തീണ്ടായ്മ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ക്രൂരമായ മർദ്ദനവും പിഴയും സാമൂഹിക ഉപരോധവും നേരിടേണ്ടി വന്നു. വൈക്കം സത്യഗ്രഹം വളരെവേഗം ഇന്ത്യയൊട്ടാകെ ശ്രദ്ധയാകർഷിച്ചു. സി.രാജഗോപാലാചാരി, ആചാര്യ വിനോബഭാവേ, എസ്. ശ്രീനിവാസ അയ്യങ്കാർ, സ്വാമി ശ്രദ്ധാനന്ദൻ, ഇ.വി. രാമസ്വാമി നായ്ക്കർ തുടങ്ങിയവർ വൈക്കത്തെത്തുകയുണ്ടായി. ഇ.വി. രാമസ്വാമി നായ്ക്കർ സത്യഗ്രഹത്തിൽ പങ്കെടുത്തതിനാൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. ഗാന്ധിജിയുടെ സത്യഗ്രഹമാർഗത്തിന്റെ പ്രഥമ പാഠങ്ങൾ തിരുവിതാംകൂറിലെ ജനങ്ങളെ പഠിപ്പിച്ചത് വൈക്കം സത്യഗ്രഹമാണ്. സത്യഗ്രഹികളുടെ കണ്ണിൽ ചുണ്ണാമ്പെഴുതുക, പൊലിസിന്റെ മർദ്ദനം തുടങ്ങി ക്രൂരകൃത്യങ്ങൾ പോലും നടന്നു. എങ്കിലും ധർമഭടന്മാർ അക്ഷോഭ്യരായി ദേശാഭിമാനത്തിന്റെയും സഹനശക്തിയുടെയും ത്യാഗനിഷ്ഠയുടെയും പാഠങ്ങൾ നാട്ടുകാർക്ക് കാണിച്ചുകൊടുത്തു. മഴക്കാലത്ത് മണിക്കൂറുകളോളം മുട്ടോളം വെള്ളത്തിൽ നിന്നുകൊണ്ട് ഗാന്ധിജിയുടെ അഹിംസാ മാതൃകയിലുള്ള സത്യഗ്രഹമനുഷ്ഠിച്ചവരുടെ ദൃഢനിശ്ചയവും ത്യാഗസന്നദ്ധതയും ആരേയും ആവേശം കൊള്ളിക്കുന്നതായിരുന്നു. സത്യഗ്രഹികൾ അറസ്റ്റിനും മർദ്ദനത്തിനും വിധേയമായപ്പോൾ ഗാന്ധിജി 1925 മാർച്ചിൽ വൈക്കം സന്ദർശിക്കുകയും തുടർന്ന് റീജന്റുമായും ദിവാനുമായും ചർച്ചകൾ നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായി സത്യഗ്രഹ സ്ഥലത്തെ പൊലിസ് ഇടപെടലുകൾ അവസാനിച്ചു.

ടി കെ മാധവൻ, കെ കേളപ്പൻ, കെ പി കേശവമേനോൻ തുടങ്ങിയവരായിരുന്നു സമരത്തിന്റെ പ്രധാന സംഘാടകർ. ടി കെ കൃഷ്ണസ്വാമി അയ്യർ, കെ കുമാർ, എ കെ പിള്ള, ചിറ്റേഴത്ത് ശങ്കുപ്പിള്ള, ബാരിസ്റ്റർ ജോർജ് ജോസഫ്, അയ്യമുത്തു ഗൗണ്ടർ, കെ വേലായുധമേനോൻ തുടങ്ങിയ മുൻനിര പോരാളികളെയും വിസ്മരിക്കാനാകില്ല. സവർണവിഭാഗത്തിലെ ഉൽപ്പതിഷ്ണുക്കളും പങ്കെടുത്തിരുന്നു. 1924 നവംബർ ഒന്നിന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്ക് ആരംഭിച്ച മാർച്ച്, സമരത്തിലെ ഒരു നിർണായക വഴിത്തിരിവാണ്. സമരം വിജയം കണ്ടശേഷമാണ് രാമസ്വാമി നായ്ക്കർ മടങ്ങിയത്. സനാതന ഹിന്ദുവായിരുന്നെങ്കിലും വൈശ്യനായതിനാൽ പഠിപ്പുരയിലിരുത്തി സംഭാഷണം നടത്തിയ അയിത്താചാരത്തിന്റെ സനാതന വക്താവായ ഇണ്ടം തുരുത്തി നമ്പൂതിരി പിന്നീട് ഗാന്ധിജി ഇരുന്ന സ്ഥലം ചാണകവെള്ളം തളിച്ച് ശുദ്ധമാക്കിയതും ഈ പ്രശ്‌നത്തിൽ തിരുവിതാംകൂർ ഭരണകൂടം ഇടപെടാൻ മടികാണിച്ചതും ചരിത്ര സത്യം. പശുവിനും പട്ടിക്കും യഥേഷ്ടം സഞ്ചരിക്കാവുന്ന പൊതുവഴിയിൽ കൂടി അയിത്തജാതിക്കാരന് സഞ്ചരിക്കാൻ പാടില്ലെന്ന് പരസ്യം ചെയ്തിരുന്ന തീണ്ടൽപ്പലകകൾ പിഴുതെറിയപ്പെട്ടതും ഇണ്ടംതുരുത്തി മന പിന്നീട് എഐടിയുസി യൂണിയനാഫിസായി മാറിയതും ചരിത്രം തന്നെ.

ജാതി-മത അടിമത്തത്തിന്റെയും അവഗണനയുടെയും ചങ്ങലകളാണ് സമരത്തിലൂടെ പൊട്ടിച്ചെറിഞ്ഞത്. അയിത്തത്തിന്റെ ഈറ്റില്ലങ്ങ-ളായിരുന്ന ക്ഷേത്രപരിസരങ്ങളിൽനിന്ന് ഉയർന്ന നവോത്ഥാന ജ്വാലകളിലാണ് ഇവിടെ നിലനിന്ന ഒട്ടനവധി ജാതി-വർണ വിവേചനങ്ങൾ എരിഞ്ഞ് ചാമ്പലായത്. ഈ മാറ്റത്തിന്റെ തുടർച്ചകൾ ഇന്നും നമ്മുടെ സമൂഹത്തിന് ഊർജമാകുന്നു. ഒരുകാലത്ത് ക്ഷേത്രപരിസരങ്ങളിൽനിന്ന് ആട്ടിയോടിക്കപ്പെട്ടവരുടെ പിന്മുറക്കാർ ജാതിമതിലുകൾ തകർത്ത് ക്ഷേത്ര ശ്രീകോവിലുകളിൽവരെ പ്രവേശിച്ചുകഴിഞ്ഞു. ഈ ഐതിഹാസിക സമര ചരിത്രത്തിന് 100 വയസ്സ് തികയുന്ന ഈ വേളയിൽ അതിൽ അണിചേരാൻ എഐവൈഎഫും ഒരുങ്ങുകയാണ്. അതിന്റെ ഭാ​ഗമെന്നോണം, സ്മൃതി ജ്വലകൾ സംഘടിപ്പിക്കുകയാണ് എഐവൈഎഫ്. ഏപ്രിൽ 10 ന് സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും വീടുകളിലുമായി ഒരു ലക്ഷം ജ്വാലകൾ തെളിയിക്കുകയാണ്.

(സിപിഐ മുഖപത്രമായ ജനയു​ഗം പത്രത്തിൽ വന്ന ലേഖനം)

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares