തിരുവില്വാമല: ഹരിത ഭാവിയിലേക്കുള്ള യാത്ര എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി ചേലക്കര മണ്ഡലംതല ഉദ്ഘാടനം തിരുവില്വാമല മേഖലയിലെ കുറുമങ്ങാട് പ്രദേശത്ത് സംഘടിപ്പിച്ചു.
എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ടി.പി സുനിൽ വൃക്ഷതൈ നട്ട് വാരാചരണത്തിന്റെ മണ്ഡലതല ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള അവബോധം വളർത്തുക, പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, ജൈവവൈവിധ്യ നഷ്ടം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് പരിസ്ഥിതി സംരക്ഷണ വാരാചരണം കൊണ്ട് എഐവൈഎഫ് ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 5മുതൽ 12 വരെ നടക്കുന്ന പരിസ്ഥിതി സംരക്ഷണ വാരാചരണത്തിൽ മണ്ഡലത്തിലെ മേഖല,യൂണിറ്റ് കേന്ദ്രങ്ങളിലായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
എഐവൈഎഫ് ചേലക്കര മണ്ഡലം പ്രസിഡന്റ് പിആർ.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വികെ.പ്രവീൺ, ജോയിന്റ് സെക്രട്ടറി കെഎസ്. അഭിറാം,വൈസ് പ്രസിഡന്റ് എ.ബിജുമോൻ സിപിഐ ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുരേഷ് ബാബു, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.