മുംബൈ: ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെച്ച് ചേതൻ ശർമ്മ. ചേതൻ ശർമ്മയുടെ വിവാദവെളിപ്പെടുത്തൽ പുറത്തുവന്നതിനു പിന്നാലെയാണ് രാജി. ബിസിസിഐ സെക്രട്ടറി ജയ്ഷായ്ക്കാണ് രാജികത്ത് സമർപ്പിച്ചിരിക്കുന്നത്. രാജി അംഗീകരിക്കുന്നതായി പിന്നീട് ജയ് ഷാ വ്യക്തമാക്കി.
ഒരു സ്വകാര്യ ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിൽ, ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട് ചേതൻ ശർമ്മ നടത്തിയ വെളിപ്പെടുത്തലുകൾ വിവാദമായിരുന്നു. പൂർണമായും ഫിറ്റ്‍നെസ് ഇല്ലാത്ത താരങ്ങളെ പോലും ഉത്തേജക മരുന്ന് കുത്തിവെച്ച് കളിക്കാനിറങ്ങുന്നുവെന്നായിരുന്നു ചേതന്റെ വിവാദ വെളിപ്പെടുത്തൽ.
വിരാട് കോഹ്‌ലിയും മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും തമ്മിലുള്ള പോരും, നിലവിലെ ഇന്ത്യൻ ടീമിൽ കോഹ് ലിയും നായകൻ രോഹിത് ശർമ്മയും തമ്മിലുള്ള ബന്ധങ്ങളുമടക്കം ചേതൻ ശർമ്മ വെളിപ്പെടുത്തിയിരുന്നു. വിരാടും രോഹിതും തമ്മിൽ പിണക്കങ്ങളില്ലെങ്കിലും, ഇരുവർക്കുമിടയിൽ ഈഗോ ക്ലാഷ് ഉണ്ടെന്ന് ചേതൻ ശർമ്മ പറഞ്ഞിരുന്നു.