തൃശൂർ: അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് സാംസ്കാരിക കേരളം. പൊതുദർശനത്തിനായി മൃതദേഹം ഇരിങ്ങാലക്കുട ടൗൺഹാളിൽ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ നിരവധിപ്പേരാണ് തങ്ങളുടെ ഇഷ്ട താരത്തെ അവസാനയാത്ര നൽകാൻ എത്തിയത്. പ്രിയനടനെ അവസാനമായി ഒന്നുകാണാൻ ജനസാഗരമാണ് ഇരിങ്ങാലക്കുട ടൗൺ ഹാളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്.
രാവിലെ പതിനൊന്നരവരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് മൃതദേഹം വിലാപയാത്രയായി ജന്മനാടായ ഇരിങ്ങാലക്കുടയിലേയ്ക്ക് കൊണ്ടുപോയയത്. ഇരിങ്ങാലക്കുടയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം അദ്ദേഹത്തിന്റെ വീടായ ‘പാർപ്പിട’ത്തിലെത്തിക്കും. വൈകീട്ട് അഞ്ച് മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടക്കും.
ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആദരാഞ്ജലിയർപ്പിക്കാനെത്തിയത്. നടന്മാരായ മമ്മൂട്ടി, ജയസൂര്യ, ഹരിശ്രീ അശോകൻ, മുകേഷ്, കുഞ്ചൻ, ദുൽഖർ സൽമാൻ, ബാബുരാജ്, സംവിധായൻ ലാൽ ജോസ്, മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ, പി പ്രസാദ്, സജി ചെറിയാൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ വി സ് സുനിൽ കുമാർ എംഎൽഎ എന്നിവരുൾപ്പെടെ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. രാവിലെ 8 മുതൽ 11.30 വരെയായിരുന്നു ഇവിടെ പൊതുദർശനം. ഇന്നസന്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
ഞായറാഴ്ച രാത്രി പത്തരയ്ക്ക് എറണാകുളം ലേക്ഷോർ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. 700ലധികം സിനിമകളിൽ അഭിനയിച്ച ഇന്നസെന്റിന് 1989ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പതിനെട്ടുവർഷം ചലച്ചിത്രഅഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് ആയിരുന്നു. 2014ൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ നിന്ന് എൽഡിഎഫ് സ്വതന്ത്രനായി പാർലമെന്റിൽ എത്തി.