കൊച്ചി: പെരിയാറിലെ രാസമിലിന്യം മൂലം മത്സ്യങ്ങൾ ചത്തൊടുങ്ങിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നൽകിയ പരാതി മുഖ്യമന്തി ഡിജിപിക്ക് കൈമാറി. എഐവൈഎഫിനു വേണ്ടി സംസ്ഥാന പ്രസിഡന്റ് എൻ അരുണാണ് പെരിയാറിൽ അടിക്കടി ഉണ്ടാകുന്ന മത്സ്യക്കുരുതികളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
കമ്പനികളുടെ രാസ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിച്ച ശേഷം കടലിൽ കൊണ്ട് പോയി ഒഴുക്കണം എന്നാണ് നിയമം എന്നിരിക്കെ കമ്പനികൾ ഭൂമിക്കടിയിൽ കുഴലുകൾ സ്ഥാപിച്ച് ഇത് പെരിയാറിലേക്ക് ഒഴുക്കി വിടുകയാണ് പതിവ്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ നേരത്തെ തന്നെ പരിസ്ഥിതി പ്രവർത്തകരും മാധ്യമ പ്രവർത്തകരും പുറത്തു കൊണ്ട് വന്നിട്ടുള്ളതാണെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കിയിരുന്നു.
എടയാറിലെയും ഏലൂരിലെയും വിവിധ കമ്പനികളിൽ നിന്നും പെരിയാറിലേക്ക് അനധികൃതമായി ഒഴുക്കുന്ന രാസ മാലിന്യങ്ങളാണ് മത്സ്യക്കുരുതിക്ക് കാരണമാകുന്നത്. രാസ മാലിന്യങ്ങൾ പെരിയാറിലേക്ക് ഒഴുക്കുന്നു എന്ന പരാതി ഒരു ജുഡീഷ്യൽ കമ്മീഷനെ കൊണ്ട് അന്വേഷിപ്പിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും മനുഷ്യ ജീവന് ഭീഷണിയാകുന്ന പ്രവൃത്തി നടത്തിയ സ്ഥാപനങ്ങൾക്കും അതിന്റെ ഉടമകൾക്കുമെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നുമാണ് എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
പെരിയാറിലെ ജലം ശുദ്ധീകരിച്ച് കുടിവെള്ളമായി ഉപയോഗിക്കുന്ന പതിനായിരങ്ങളുടെ ജീവന് വരെ ഭീഷണിയാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇപ്പോൾ മത്സ്യങ്ങൾ വ്യാപകമായി ചത്തു പൊങ്ങിയതിനു കാരണം മഴ സമയത്ത് രാസ മാലിന്യങ്ങൾ തുറന്ന് വിട്ടത് കൊണ്ടാണെന്നും ഇതിന് മുൻപും ഇത്തരം സാഹചര്യങ്ങൾ ഉണ്ടായപ്പോൾ അന്വേഷണങ്ങൾക്ക് ഉത്തരവിടാറുണ്ടെങ്കിലും തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും എൻ അരുൺ പരാതിയിൽ വ്യക്തമാക്കിയിരുന്നു.