വയനാടിനെ ചേർത്തു പിടിക്കാൻ കേരളക്കരയാകെ മുന്നോട്ട് വരുകയാണ്. തകർന്ന വയനാടിനെ സുരക്ഷ ഒരുക്കി കെട്ടിപ്പടുക്കാൻ കൈകോർക്കുന്നവരുടെ കൂട്ടത്തിൽ കൊച്ചു കുട്ടികളടക്കം ഉണ്ടെന്നത് നമ്മേ ആശ്ചര്യപ്പെടുത്തുന്നു. എഐവൈഎഫ് പണിതു നൽകുന്ന 10 വീടിനായി തങ്ങൾക്ക് കിട്ടിയ സമ്മാനങ്ങളും തങ്ങളുടെ കുടുക്കയും യാതൊരു മടിയും കൂടാതെ ദുരിതബാധിതർക്കായി സമ്മാനിക്കുന്ന ഒരു തലമുറ വളർന്നു വരുന്നുണ്ട്.
തൃശൂർ പാണഞ്ചേരിയിൽ അഞ്ച് വയസുകാരി ശിവന്യ സനിൽ താൻ സൈക്കിൾ വാങ്ങിക്കാൻ സ്വരുക്കൂട്ടിയ സമ്പാദ്യമാണ് വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്കായി എഐവൈഎഫിനു കൈമാറിയത്. സിപിഐ പാണഞ്ചേരി ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറയുടെയും അമൃത ദമ്പതികളുടെ മകളാണ് ശിവന്യ. യുകെജി വിദ്യാർത്ഥി കൂടിയായ ശിവന്യയിൽ നിന്നും എഐവൈഎഫ് ഒല്ലൂർ മണ്ഡലം പ്രസിഡന്റ് ജിനേഷ് പീച്ചി ഫണ്ട് ഏറ്റുവാങ്ങി.
എഐവൈഎഫ് ജില്ലാ ജോയ്ന്റ് സെക്രട്ടറിയും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ കനിഷ്കന്റെയും രശ്മിയുടെയും മകൾ കാർത്തിക തന്റെ സമ്പാദ്യനിധി ഭവന പദ്ധതിയിലേക്ക് സംഭാവന ചെയ്തു. എഐവൈഎഫ് ഒല്ലൂർ മണ്ഡലം സെക്രട്ടറി അഖിൽ പി എസ് കാർത്തികയിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി.
ഷാജി ഷാലിനി ദമ്പതികളുടെ മകൾ അമ്മു തന്റെ സമ്പാദ്യ കുടുക്ക ഭവനനിർമാണ പദ്ധതിയിലേക്ക് കൈമാറി. എഐവൈഎഫ് തൃശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി അമ്മുവിന്റെ കയ്യിൽ നിന്നും കുടുക്ക ഏറ്റുവാങ്ങി. എഐവൈഎഫ് ആളൂർ മേഖല കമ്മിറ്റി അംഗം കെ യു ജയദേവൻ രേഷ്മ ദമ്പതികളുടെ മക്കളായ നൈനികയും, നൈദിക്കും തങ്ങളുടെ സമ്പാദ്യ ശേഖരം എഐവൈഎഫ് തൃശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പറേരിക്ക് കൈമാറി.എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീറും ചടങ്ങിൽ പങ്കാളിയായി.
ഷിനോയ് ഷൈബിന ദമ്പതികളുടെ മകൻ ഇച്ചു എഐവൈെഎഫിന്റെ ഭവന പദ്ധതയിൽ പങ്കാളിയായി. കഴിഞ്ഞ ഒരു പാടു നാളുകളായി കൂട്ടിവച്ചിരുന്ന തുകയാണ് വയനാടിനായി എഐവൈഎഫ് ഒരുക്കുന്ന ഭവന നിർമ്മാണത്തിനായി സംഭാവന ചെയ്തത്. ഇച്ചു കുടുക്ക എഐവൈഎഫ് തൃശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പറേരിക്ക് കൈമാറി.
എഐവൈഎഫ് തൃശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പറേരിയുടെയും രമ്യയുടെയും മകൻ തനവ് തനിക്ക് വിഷുവിനു കൈനീട്ടമായി കിട്ടിയ സ്വർണ നാണയം ഭവന നിർമാണത്തിനായി കൈമാറി. എഐവൈഎഫ് ജില്ലാ ജോയ്ന്റ് സെക്രട്ടറിയും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ കനിഷ്കൻ തനവിന്റെ വസതിയിലെത്തി നാണയം ഏറ്റുവാങ്ങി.