ജെസ്‌ലോ ഇമ്മാനുവൽ ജോയ്
ചൈന, റഷ്യ. 1960 കളിൽ, ഇന്ത്യയുടെ പേരിലും, റിവിഷനിസത്തിന്റെ പേരിലും, സാർവദേശീകമായ ഇടതുപക്ഷ മുന്നേറ്റത്തിന്റെ മുഖമാവാനുള്ള മത്സരത്തിന്റെ പേരിലും മറ്റും സോവിയറ്റ് യൂണിയന്റെ ഭാഗമായിയിരുന്ന അന്നത്തെ റഷ്യയും, ചൈനയും തമ്മിൽ നിരന്തരം ഉരസിയിരുന്ന കാലം. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ജനകീയ മുന്നേറ്റങ്ങളുടെ രണ്ട് മാതൃകകളായ ചൈനീസ് വപ്ലവത്തിന്റെയും, സോവിയറ്റ് വിപ്ലവത്തിന്റെയും ഉപജ്ഞാതാക്കൾ തമ്മിലു തർക്കത്തിന്റെ പ്രതിഫലനം ഇന്ത്യ അടക്കം ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ സാരമായ പ്രതിസന്ധികൾ സൃഷ്ടിച്ചു. കാലം മുന്നോട്ട് നീങ്ങിയപ്പോൾ, രാഷ്ട്രീയ സാഹചര്യങ്ങളും, നേതാക്കളും മാറി, അന്നത്തെ സോവിയറ്റ് യൂണിയൻ ഇന്നില്ല, ചൈന-റഷ്യൻ വൈരത്തിന്റെ കാലവും മാഞ്ഞു പോയിരിക്കുന്നു. ഇന്ന് റഷ്യൻ പ്രസഡന്റ് വ്‌ലാദിമിർ പുടിന്റെ ‘ പ്രിയ സുഹൃത്ത് ‘ ആണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്.
റഷ്യ യുക്രൈൻ സംഘർഷം രൂപപ്പെട്ടപ്പോൾ, അമേരിക്കയും നാറ്റോയും യുക്രൈൻ ഭാഗം ചേർന്നപ്പോൾ, യുഎന്നിൽ അടക്കം ചൈന പരസ്യമായി തന്നെ റഷ്യൻ അനുകൂല നിലപാട് സ്വീകരിച്ചത് ഈ സൗഹൃദത്തിന്റെ തെളിവാണ്. ഇരു രാജ്യങ്ങൾ തമ്മിലുള്ള ഈ സൗഹൃദ ബന്ധം വീണ്ടും ചർച്ചയാകുന്നത്, യുക്രൈൻ അധിനിവേശ ശ്രമം തുടങ്ങിയതിന് ശേഷം ഷി ജിൻ പിങ്ങ് നടത്തിയ ആദ്യ റഷ്യൻ സന്ദർശനത്തിന്റെ അടിസ്ഥാനത്തിലാണ്. വെറും നയതന്ത്ര ബന്ധം പുതുക്കൽ എന്നതിന് ഉപരി, റഷ്യ -യുക്രൈൻ സമാധാന ചർച്ചകളും സന്ദർശനത്തിന്റെ ഭാഗമാകും എന്ന റിപ്പോർട്ടുകൾ, രാഷ്ട്രീയ നിരീക്ഷകരുടെയും, ലോക രാജ്യങ്ങളുടെയും ശ്രദ്ധ ഷി-പുടിൻ കൂടി കാഴ്ച്ചയിലേക്ക് ആകർഷിച്ചു.
ചൈന-സോവിയറ്റ് (റഷ്യ) നയ ‘ തന്ത്രം ‘
സോവിയറ്റ് പതനത്തോടെ ഇടത് നയങ്ങൾ മാഞ്ഞ റഷ്യയും, പുതിയ ലോകത്തിന് ഉതകുന്ന സോഷ്യലിസ്റ്റ് മാതൃകയിലേക്ക് മുന്നേറുന്ന ചൈനയും പ്രത്യശാസ്ത്രപരമായി വളരെ അധികം അന്തരങ്ങൾ ഉള്ള രണ്ടു രാജ്യങ്ങൾ ആണെങ്കിലും, ദൃഢമായ നയതന്ത്ര ബന്ധത്തിന് ഇരുവർക്കും അത് തടസമാകുന്നില്ല. എന്നാൽ എല്ലാ കാലത്തും ഇത് ഇങ്ങനെ ആയിരുന്നില്ല, ലോക രാഷ്ട്രീയത്തിലെ മാറ്റങ്ങൾ നയത്തിലെ ‘ തന്ത്രങ്ങൾ ‘ മാറ്റി മറിച്ച ഒരു ചരിത്രം, ഇരു രാജ്യങ്ങൾ തമ്മിൽ ഉള്ള ബന്ധത്തിന് പറയാനുണ്ട്.
ചൈന ഭരിച്ചിരുന്ന കുവോമിന്താങ്ങിന്റെ, ചിയാങ്ങ് കായ് ഷെക്കിനും, അതിനെതിരെ ജനകീയ മുന്നേറ്റങ്ങൾ സംഘടിപ്പിച്ചിരുന്ന ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയെയും സോവിയറ്റ് യൂണിയൻ മാറി മാറി, പിന്തുണയ്ക്കുന്ന സ്ഥിരത ഇല്ലാത്ത ഒരു സാഹചര്യം ഉണ്ടായിരുന്നു എന്നാൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ, 1945 -ാം ആണ്ടിൽ, നാസി ജർമ്മനി കീഴടങ്ങിയ ശേഷം, ഹിരോഷിമ, നാഗാസാക്കി സംഭവങ്ങൾ നടന്ന അതേ ആഴ്ചയിൽ, മഞ്ചൂരിയെ ജപ്പാന്റെ അവസാന ശേഷിപ്പുക്കളിൽ നിന്നും സ്വതന്ത്രമാക്കി, പിടിച്ചെടുത്ത ആയുധങ്ങൾ ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ( സിസിപി. ) കൈമാറുകയും തുടർന്ന് മാവോയുടെ നേതൃത്വത്തിൽ സിസിപി. നടത്തിയ വിപ്ലവത്തിനും, ആഭ്യന്തര യുദ്ധത്തിന് ശേഷമുണ്ടായ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്ക് ( പിആർസി ) പൂർണ പിന്തുണയും, സൗഹൃദവും, സോവിയറ്റ് യൂണിയൻ നൽകുകയുണ്ടായി.
എന്നാൽ സ്റ്റാലിന്റെ മരണത്തോടെ ഈ ബന്ധം വീണ്ടും കലുഷിതമായി. സ്റ്റാലിന് ശേഷം വന്ന ക്രൂഷ്‌ചേവ് destalinization ലേക്ക് നീങ്ങിയപ്പോൾ, സ്റ്റാലിന്റെ അടുത്ത സുഹൃത്തു കൂടി ആയ മാവോയ്ക്ക് അതിൽ അതൃപ്തി തോന്നി. ഈ സംഘർഷം വളരെ രൂക്ഷമായ രീതിയിൽ തന്നെ മുൻപോട്ട് പോയി ക്രൂഷ്‌ചേവും മാവോയും പരസ്യമായി ഏറ്റുമുട്ടുന്ന സാഹചര്യം വരെ എത്തി. ലോകമെമ്പാടുമുള്ള കമ്മ്യുണിസ്റ്റ് പാർട്ടികളിൽ പലതും രണ്ട് തട്ടുകളിൽ നിക്കേണ്ട അവസ്ഥ ഉണ്ടായി, ആ ചേരി തിരിവിന്റെ അപജയങ്ങളും, വിഭജനങ്ങളും കൊണ്ടുവന്ന ബലക്ഷയവും ഇന്നും സാർവ്വദേശീക ഇടത്പക്ഷ പ്രസ്ഥാനത്തെ വേട്ടയാടുന്നുണ്ട്.
ചൈന സോവിയറ്റ് മാതൃക തള്ളി സാംസ്‌കാരിക വിപ്ലവവും മറ്റ് രീതികളും സ്വീകരിച്ചത് സോവിയറ്റ് യൂണിയനെ ചൊടിപ്പിച്ചു. അത് പ്രത്യശാസത്ര യുദ്ധം തുടങ്ങി വച്ചു. പിന്നീട് ഇരു സൈന്യങ്ങളും സിനോ സോവിയറ്റ് അതിർത്തിയിൽ പട്ടാളത്തെ വിന്യസിച്ചപ്പോൾ കാര്യങ്ങളുടെ ഗൗരവമേറി. സോവിയറ്റ് യൂണിയനാണ് മുതലാളിത്ത അമേരിക്കയേക്കാൾ കൂടുതൽ അപകടകാരി എന്ന് ചൈന പറയും വിധം ബന്ധം വഷളായി. അന്നത്തെ ചൈന -ഇന്ത്യ സാഹചര്യവും മറ്റും നമുക്ക് ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. മാവോയുടെ മരണത്തോടെ സംഘർഷങ്ങൾ കുറഞ്ഞു വന്നു. ഒടുവിൽ സോവിയറ്റ് യൂണിയന്റെ പതനത്തോടെ, റഷ്യ-ചൈന എന്ന പുതിയ അധ്യായത്തിന് തുടക്കം കുറിക്കപ്പെട്ടു.
റഷ്യ-ചൈന പുതു ലക്ഷ്യങ്ങൾ
കഴിഞ്ഞ ഒക്ടോബറിൽ ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പാർട്ടി കോൺഗ്രസിന്റെ ആദ്യ ആഴ്ചയിൽ ഷി ജിൻ പിങ് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പ്രധാനമായും രണ്ട് ലക്ഷ്യങ്ങൾ മുൻപോട്ട് വയ്ക്കുക ഉണ്ടായി, ഒന്ന്, 2035 ഓടെ ചൈനയെ ഒരു ആധുനിക സോഷ്യലിസ്റ്റ് ശക്തി ആക്കുക, രണ്ട്, 2049 ഓടെ ചൈനയെ ലോക ശക്തിയാക്കുക.
ഈ ലക്ഷ്യങ്ങൾ സാധ്യമാക്കാൻ അമേരിക്ക എന്ന കടമ്പ കടക്കണമെന്ന് ചൈന പണ്ടേക്ക് പണ്ടേ തന്നെ ഉൾക്കൊണ്ട ഒരു യാഥാർത്ഥ്യമാണ്. അത് കൊണ്ട് തന്നെയാണ്, സോവിയറ്റ് കാലത്തുണ്ടായിരുന്ന വ്യത്യാസങ്ങളെ മറന്ന്, സോവിയറ്റ് പതനത്തോടെ, അമേരിക്കയുമായുള്ള ഡി ഫാക്ടൊ ബന്ധം ഉപേക്ഷിക്കുകയും, പുതുതായി രൂപം കൊണ്ട റഷ്യയുമായി ആദ്യം ഫലപ്രദമായ ഒരു ബന്ധം എന്ന രീതിയിലും, പിന്നീടത് തന്ത്രപരമായ ബന്ധമായും ഒടുവിൽ അത് സൗഹൃദ സഹകരണ ബന്ധമാക്കി മാറ്റുകയും ചെയ്തത്. 2014 ൽ ക്രിമിയ പ്രശ്‌നത്തിൽ അമേരിക്ക റഷ്യക്ക് മേൽ ഉപരോധം കൊണ്ടുവന്നപ്പോൾ, ഉടനടി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ചൈനയുടെ നിലപാട് ഈ ചിത്രം പൂർണമാക്കുന്നു.
ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധവും, ശിഥിലമായ സൗദി-ഇറാൻ ബന്ധം ശക്തിപ്പെടുത്താൻ നടത്തിയ വിജയകരമായ ശ്രമങ്ങളും കൂട്ടി വായിക്കുമ്പോൾ, അമേരിക്കയുടെ നയതന്ത്ര പരാജയത്തെ ഒരു അവസരമായി എടുത്ത് അവിടെ വിജയം നേടാൻ ശ്രമിക്കുന്ന ചൈനയെ നമുക്ക് കാണാൻ സാധിക്കുന്നു.
ഷി-പുടിൻ കൂടിക്കാഴ്ചയ്‌ക്കൊടുവിൽ ഒപ്പിട്ട കരാറുകൾ തന്നെ നോക്കാം, ഓസ്‌ട്രേലിയ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങൾ അടങ്ങുന്ന (AUKUS) സഖ്യത്തിന്റെ ആണവായുധ നിലപാടിനെ വിമർശിക്കുന്ന പ്രസ്താവനകൾ, ബ്രിക്‌സ് രാജ്യങ്ങളുടെ ഐക്യവും സഹകർണവും കൂടാതെ ആർഐസി ( റഷ്യ, ഇന്ത്യ, ചൈന ) ഐക്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ചർച്ചയിൽ പരാമർശിക്കപ്പെടുന്നു, ഇന്ത്യയുടെ ചേരി ചേരാ നയം മുന്നിൽ നിർത്തി അമേരിക്കയുമായുള്ള ഏതെങ്കിലും തരത്തിലുള്ള സഖ്യത്തിൽ നിന്നും ഇന്ത്യയെ പിന്തിരപ്പിക്കുക എന്നതും, കൂടാതെ യുറേഷ്യൻ ഐക്യം ബലപ്പെടുത്തി, പടിഞ്ഞാറ് നിന്നുള്ള കൈക്കടത്തൽ കുറയ്ക്കാനുമാണ് ചൈന ലക്ഷ്യം വയ്ക്കുന്നത്.
റഷ്യ-യുക്രൈൻ സംഘർഷത്തിൽ, രാജ്യങ്ങളുടെ മദ്ധ്യേ ഒറ്റപ്പെട്ട് നിൽക്കുന്ന റഷ്യക്ക് ഊർജം പകരുന്ന ഒന്നാണ് ഈ സൗഹൃദം, ചൈനയ്ക്ക് അതിലും വലിയ ലക്ഷ്യങ്ങളാണ് മുൻപിൽ ഉള്ളത്, തായ്‌വാൻ, ഹോങ് കോങ് എന്നീ വിഷയങ്ങളിലും, ഇന്ത്യൻ അതിർത്തി പ്രശ്‌നങ്ങളിലും നിശബ്ദമായൊരു പിന്തുണ എങ്കിലും സമ്പാദിക്കാനുള്ള ശ്രമമാണ് ഇതെന്ന് നമുക്ക് കാണാൻ സാധിക്കുന്നു.
ഉപസംഹാരം
ഷി, പുടിൻ; താഴെ തട്ടിൽ നിന്ന് ഉയർന്ന് വന്ന് ഒടുവിൽ രാജ്യത്തിന്റെ തലപ്പത്ത് ചോദ്യ ചെയ്യപ്പെടാൻ പറ്റാത്തവണ്ണം ഭരണഘടന വരെ തിരുത്തി അവരവരുടെ രാജ്യങ്ങളിൽ അധികാരം സമാഹരിച്ച രണ്ട് ഭരണാധികാരികൾ. ‘ഒരു മാറ്റം വരുന്നുണ്ട്’ എന്ന് ഷി ജിൻ പിങ്ങ് എന്ന ചൈനീസ് പ്രസിഡന്റ് സന്ദർശനത്തിനൊടുവിൽ പറയുമ്പോൾ, അത് മറ്റൊരു ശീത യുദ്ധ സമവാക്യത്തിന്റെ തുടക്കമാണെന്ന് മനസിലാക്കാം. റഷ്യ യുക്രൈൻ സംഘർഷത്തിനെ പറ്റി അധികം ചർച്ച നന്നിട്ടില്ല എന്നത് കൊണ്ട് തന്നെ, ഒരു ഭാഗത്ത് അമേരിക്കയും നാറ്റോയും പിന്നിലുള്ള യുക്രൈൻ ഇപ്പുറത്ത് ചൈനീസ് സാമ്പത്തിക പിന്തുണ ഉള്ള റഷ്യയും തമ്മിലുള്ള താപ-ശീത യുദ്ധം തുടരുക തന്നെ ചെയ്യും എന്ന് വേണം കരുതാൻ. പരമ്പരാഗത സുഹൃത്തായ റഷ്യയും, അതിർത്തിയിലെ എതിരാളി ആയ ചൈനയും, വലിയ അസ്വാരസ്യങ്ങൾ ഇല്ലാതെ മുൻപോട്ട് പോകുന്ന അമേരിക്കൻ ബന്ധവും എല്ലാം ചേർത്ത് വായ്ക്കുമ്പോൾ, ഇന്ത്യൻ വിദേശകാര്യം കൃത്യമായ നിലപാട് സ്വീകരിക്കേണ്ട ഒരു സന്ദർഭമാണ് വന്ന് ചേർന്നിരിക്കുന്നത്.