കൊല്ലം: എസ്എൻ വനിതാകോളജ് കോമ്പൗണ്ടിനുള്ളിൽ അവശനിലയിലായിരുന്ന വളർത്ത് നായയുടെ ചികിത്സയ്ക്കായി മന്ത്രി ചിഞ്ചുറാണിയുടെ അടിയന്തര ഇടപെടൽ. കൊല്ലം എസ്.എൻ വനിതാകോളജിൽ 15 വർഷമായി കാവൽക്കാരിയും അന്തേവാസിയുമാണ് ജോക്കി എന്ന നായ.
ഈ നായയുടെ ചികിത്സയ്ക്കായി മൃഗസംരക്ഷണ വകുപ്പിനെ ബന്ധപ്പെട്ടിരുന്നെങ്കിലും നായയെ നേരിട്ടെത്തിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ നായയെ ആശുപത്രിയിലെത്തിക്കാൻ കഴിയുന്ന സാഹചര്യമല്ലായിരുന്നു.
നായയുടെ ആരോഗ്യാവസ്ഥ ദയനീയമായതോടെ കോളജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ, ബോട്ടണി വിഭാഗം അസി. പ്രൊഫ. പി.ജെ. അർച്ചന എന്നിവർ ചേർന്ന് മന്ത്രിയെ ബന്ധപ്പെടുകയായിരുന്നു. കൊല്ലം എസ്.എൻ വനിതാകോളജിലെ പൂർവവിദ്യാർത്ഥിനികൂടിയാണ് മന്ത്രി ചിഞ്ചുറാണി.
മന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ വെറ്ററിനറി സെന്ററിലെ സർജൻ ഡോ. എസ്. കിരൺബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് നായയ്ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയത്.