തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടന ശിൽപി ഡോ. ബി ആർ അബേദ്ക്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് അംബേദ്കർ പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പുഷ്‌പാർച്ചന നടത്തി. അബേദ്ക്കറുടെ 132-ാം ജന്മദിനത്തോടനുബന്ധിച്ച് നിയമ സഭ സമുചയത്തിൽ നടത്തിയ പരിപാടിയിലാണ് നിയമ നിർമാണ ശില്പിക്ക് ഡെപ്യൂട്ടി സ്പീക്കർ കേരളത്തിന്റെ ആദരം അർപ്പിച്ചത്.
ഇന്ത്യന്‍ ഭരണഘടനാശില്പിയും പ്രഥമ നിയമകാര്യമന്ത്രിയും ആധുനിക ഇന്ത്യന്‍ രാഷ്ട്രശില്പികളില്‍ പ്രമുഖനായ ഡോ. അംബേദ്കര്‍ ദളിത് വിമോചകന്‍, സാമൂഹിക വിപ്ലവകാരി, രാഷ്ട്രമീമാംസകന്‍, ധനതത്ത്വശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ചിന്തകന്‍, എഴുത്തുകാരന്‍, വാഗ്മി, ബുദ്ധമത പുനരുദ്ധാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. 1891 ഏപ്രിൽ 14-ന് മഹാരാഷ്ട്രയില്‍ രത്നഗിരി ജില്ലയിലെ അംബവാഡെ എന്ന ഗ്രാമത്തിൽ രാംജിസക്പാലിന്റെയും ഭീമാഭായിയുടെയും പതിനാലാമത്തെ പുത്രനായി പിറന്ന അംബേദ്കര്‍ നിശ്ചയദാര്‍ഢ്യത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് ഇന്ത്യാചരിത്രത്തില്‍ അഗ്രഗണ്യനായി മാറിയത്. ബ്രിട്ടീഷ് സൈന്യത്തില്‍ ഒരു പട്ടാളക്കാരനായിരുന്നു രാംജിസക്പാല്‍. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ അംബേദ്കറെ ഭീം എന്നാണ് വിളിച്ചിരുന്നത്.
അയിത്തജാതിക്കാരായി കണക്കാക്കപ്പെട്ടിരുന്ന മഹര്‍ സമുദായത്തില്‍ പിറന്നതിനാല്‍ ബാല്യകാലം മുതല്‍ ജാതിയുടെയും അയിത്തത്തിന്റെയും തിക്തഫലങ്ങള്‍ അനുഭവിച്ചുകൊണ്ടാണ് അംബേദ്കര്‍ വളര്‍ന്നതും ഉന്നത വിദ്യാഭ്യാസം നേടിയതും. അംബവഡേകര്‍ എന്നായിരുന്നു മാതാപിതാക്കള്‍ മകന് നല്‍കിയ പേര്. മഹാരാഷ്ട്രയിലെ സത്താറ എന്ന ഗ്രാമത്തിലാണ് അംബേദ്കര്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. അംബവഡേകറോട് സ്നേഹം തോന്നിയ അധ്യാപകനാണ് ബാലനായ അദ്ദേഹത്തിന്റെ പേര് അംബേദ്കര്‍ എന്നു തിരുത്തിയത്.
അധഃസ്ഥിത വിഭാഗങ്ങളുടെ അനിഷേധ്യ നേതാവ് എന്ന നിലയില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഡോ. അംബേദ്കര്‍ 1927-ല്‍ ബോംബെ നിയമനിര്‍മാണസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1934 വരെ അംഗമായി പ്രവര്‍ത്തിച്ചു. സഭയില്‍ അംഗമായിരിക്കെ തൊഴിലാളികള്‍, അയിത്തജാതിക്കാര്‍ തുടങ്ങിയ മര്‍ദിത വിഭാഗങ്ങളുടെ ക്ഷേമത്തെ സംബന്ധിക്കുന്ന നിരവധി ബില്ലുകള്‍ അദ്ദേഹം സഭയില്‍ അവതരിപ്പിച്ചു.