എൻ അരുൺ
(എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് )
രാജ്യത്തെ സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങളിലേക്ക് എത്തിക്കാനുള്ള ബിജെപി സർക്കാരിന്റെ ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമായി നടപ്പാക്കാൻ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമം പൗരത്വാവകാശത്തെ മതവിശ്വാസവുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത ഇന്ത്യൻ ഭരണഘടന വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ്. നിയമത്തിന്റെ രൂപീകരണവും അതിന്റെ നിലനിൽപ്പുതന്നെയും വിവേചനത്തെ അടിസ്ഥാനപ്പെടുത്തിയാകുന്നത് രാജ്യത്തിന്റെ ജനാധിപത്യ-മതേതര ഘടനയുടെ അന്ത :സത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നിരിക്കെ ഇന്ത്യയുടെ ബഹു സ്വരതയെയും മത നിരപേക്ഷ പാരമ്പര്യങ്ങളെയും വെല്ലുവിളിച്ചു കൊണ്ടാണ് മതാധിഷ്ഠിത രാഷ്ട്രത്തിനായുള്ള പൊളിച്ചെഴുത്തു നടത്താൻ ശ്രമിക്കുന്നത് കേന്ദ്ര സർക്കാർ.
അത് കൊണ്ട് തന്നെ മത ന്യൂന പക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി വീക്ഷിക്കുകയും മത നിരപേക്ഷ രാഷ്ട്രത്തിൽ മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് അംഗീകാരം നൽകുന്നതുമായ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ എന്തു വില കൊടുത്തും പ്രതിരോധിക്കുക തന്നെ ചെയ്യണം!
ഒരു നിയമ രൂപീകരണത്തിനു മുതിരുമ്പോൾ അത് യുക്തിഭദ്രമായിരിക്കണമെന്ന ഭരണഘടനാ സമീപനത്തെ ലംഘിച്ച് ഇന്ത്യയുമായി അതിർത്തി പങ്കിടാത്ത അഫ്ഗാനിസ്ഥാനെയടക്കം മൂന്ന് രാജ്യങ്ങളെ പൗരത്വത്തിന്നായി തെരഞ്ഞെടുത്തപ്പോൾ
ചില അതിർത്തിരാജ്യങ്ങൾ ഉൾപ്പെടാതെ പോയതിന് പിന്നിൽ കേന്ദ്രത്തിന്റെ ഭരണ ഘടന വിരുദ്ധമായ രാഷ്ട്രീയ അജണ്ട തന്നെയാനുള്ളത്.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസം 31ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറി വന്ന മുസ്‌ലിം വിഭാഗം ഒഴികെയുള്ളവർക്ക് ഇന്ത്യൻ പൗരത്വം ലഭ്യമാക്കുന്നതിനായുള്ള നിയമനിർമാണമാണ് നടന്നിട്ടുള്ളത്. ഇസ്ലാമിക രാജ്യങ്ങളിൽ മുസ്ലിംകൾ ന്യൂന പക്ഷമല്ലെന്നും അത് കൊണ്ട് ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതും വിവേചനങ്ങൾക്കിരയാകുന്നതുമായ മുസ്ലിം ഇതര വിഭാഗങ്ങളെയാണ് പൗരത്വത്തിന്നായി പരിഗണിക്കേണ്ടത് എന്നുമാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിമർശനങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികരണം.
മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുമുള്ള പീഡനങ്ങളിൽ നിന്ന് അഭയം തേടി ഇന്ത്യയിൽ വന്നവരാണ് പൗരത്വത്തിന് പരിഗണിക്കുന്ന ആറ് ന്യൂനപക്ഷ വിഭാഗങ്ങളിലേയും അഭയാർത്ഥികളെന്ന് പറയുമ്പോൾ ചൈന, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, ശ്രീലങ്ക എന്നീ അതിർത്തി രാജ്യങ്ങളിൽ നിന്ന് പീഡനാനന്തരം കടന്ന് വരുന്നവരുടെ വിഷയത്തിൽ തികഞ്ഞ മൗനം അവലംബിക്കുകയാണ് കേന്ദ്രം. മുസ്ലിംകളിൽ തന്നെ അഹമ്മദീയ വിഭാഗത്തിൽ പെട്ടവരും ഷിയാ വിഭാഗക്കാരും പാകിസ്താനിൽ കടുത്ത വിവേചനം അനുഭവിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം.
ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മ്യാൻമർ പ്രവിശ്യയായ രാഖൈനിൽ വസിക്കുന്ന മുസ്‌ലിം വിഭാഗമായ റോഹിംഗ്യകൾക്ക് മ്യാൻമർ ഭരണകൂടം പൗരത്വം വക വെച്ചു നൽകുവാനോ പ്രാഥമികാവകാശങ്ങൾ അംഗീകരിച്ചു കൊടുക്കുവാനോ തയ്യാറാകുന്നില്ല. ഇവിടെയാണ് കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പും കൃത്യമായ രാഷ്ട്രീയ അജണ്ടയും വെളിപ്പെട്ടു വരുന്നത്. ഇന്ത്യൻ മതേതരത്വത്തിന്റെ അന്തഃസത്ത രാഷ്‌ട്രത്തിന് ഔദ്യോഗിക മതമില്ലെന്നതും ഭരണ നടപടികളിൽ ഒരു മതത്തിന്റെയും സ്വാധീനമോ അപരവത്കരണമോ നിഴലിക്കരുതെന്നതാണെന്നുമിരിക്കെ അഭയാർത്ഥികൾക്ക് നൽകുന്ന മാനുഷിക പരിഗണയിൽ പോലും മതത്തെ മാന ദണ്ഡമാക്കുകയാണ് ആർഎസ്‌എസിന്റെ ഹിന്ദുത്വ വർഗീയ പ്രത്യയശാസ്‌ത്രം.
പൗരത്വ നിയമം സൃഷ്ടിച്ചിട്ടുള്ള ഏറ്റവും ഗുരുതരമായ മറ്റൊരു പ്രശ്‌നം രാജ്യത്തെ ഏതൊരുവന്റെയും പൗരത്വം ചോദ്യം ചെയ്യപ്പെടുമെന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്നത് തന്നെയാണ്. പ്രത്യക്ഷത്തിൽ അപ്രകാരമുള്ള വകുപ്പുകൾ കണ്ടെത്താൻ സാധിക്കുകയില്ലെങ്കിലും രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള തയ്യാറെടുപ്പ് തന്നെയാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. പൗരത്വ രജിസ്റ്റർ നടപ്പാക്കിയ അസമിൽ ദശാബ്ദങ്ങളായി ജീവിച്ചുവന്ന സാധാരണജനങ്ങളിൽ 19 ലക്ഷം പേർ ഒറ്റയടിക്കു പൗരന്മാരല്ലാതായി. പൗരത്വ രജിസ്റ്ററിന്റെ നടപടി പ്രകാരം തെളിയിക്കപ്പെടാത്ത ഏതൊരു പൗരത്വവും റദ്ദുചെയ്യപ്പെടുമെന്നതാണ് വസ്തുത.
അതിൽ മുസൽമാനെന്നോ ഹൈന്ദവനെന്നോ ക്രൈസ്തവനെന്നോ ഇതര മതക്കാരനെന്നോ ഭേദമുണ്ടാകില്ല. അങ്ങിനെ ഒരു വ്യക്തിയുടെ പൗരത്വമെന്നത് നിയമത്തിനുപരി ഭരണകൂടത്തിന്റെ വിധിയായും ഔദാര്യമായും മാറ്റപ്പെടും. പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ ക്കണ്ട് വർഗീയ ധ്രുവീകരണത്തിലൂടെ നേട്ടം കൊയ്യാനുള്ള ബിജെപി നീക്കത്തെ എന്ത് വില കൊടുത്തും നാം ചെറുക്കേണ്ടതുണ്ട്. ബഹു സ്വര രാജ്യത്ത് മതത്തെ അടിസ്ഥാനമാക്കി പൗരത്വം അനുവദിക്കുന്നതിലൂടെയും നിഷേധിക്കുന്നതിലൂടെയും മത നിരപേക്ഷതയുടെ കടക്കലാണ് കത്തി വെക്കുന്നത്.
ജനങ്ങളെ വിഭജിച്ചും വേർ തിരിച്ചും കൊണ്ട് ഭരണ ഘടന മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സംഘ് പരിവാർ ഹിഡൻ അജണ്ടക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുവാനും പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നത് വരെ സമര രംഗത്ത് ഉറച്ചു നിൽക്കുവാനും എ ഐ വൈ എഫ് പ്രതിജ്ഞാ ബദ്ധമാണ്.