ന്യൂഡല്‍ഹി: ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. പിന്‍ഗാമിയായി അടുത്ത ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. നിലവില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയാണ് സഞ്ജീവ് ഖന്ന.
ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍, ഇന്ത്യയുടെ 51-മത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേല്‍ക്കും. നവംബര്‍ 10 നാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ചീഫ് ജസ്റ്റിസിന്റെ പേര് ശുപാര്‍ശ ചെയ്തത്. ചീഫ് ജസ്റ്റിസ് പദവിയില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ആറു മാസമാണ് കാലാവധിയുണ്ടാകുക. 2025 മെയ് 13 ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കും. 2022 നവംബര്‍ 9 നാണ് ജസ്റ്റിസ് ചന്ദ്രചൂഢ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.