Thursday, November 21, 2024
spot_imgspot_img
HomeKeralaനാല് നിലകൾ, ഓപ്പൺ എയർ ഓഡിറ്റോറിയം, വിശാലമായ ലൈബ്രറി: തലയെടുപ്പോടെ സികെ ചന്ദ്രപ്പൻ സ്മാരകം

നാല് നിലകൾ, ഓപ്പൺ എയർ ഓഡിറ്റോറിയം, വിശാലമായ ലൈബ്രറി: തലയെടുപ്പോടെ സികെ ചന്ദ്രപ്പൻ സ്മാരകം

കൊട്ടാരക്കര: താഴത്തുകുളക്കടയിൽ കല്ലടയാറിന്റെ തീരത്ത് നിർമ്മാണം പൂർത്തിയാക്കിയ സി കെ ചന്ദ്രപ്പൻ സ്മാരക മന്ദിരം നാളെ വൈകിട്ട് അഞ്ചിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിന് തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആർ ചന്ദ്രമോഹനൻ പതാക ഉയർത്തും. ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംഘാടകസമിതി കൺവീനർ ആർ രാജേന്ദ്രൻ സ്വാഗതം പറയും. സി കെ ചന്ദ്രപ്പന്റെ ഫോട്ടോ അനാച്ഛാദനം ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ്‌ വിശ്വവും ലൈബ്രറി ഉദ്ഘാടനം ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനും നിർവഹിക്കും.

ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ്‌ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ഇ ചന്ദ്രശേഖരൻ, മുല്ലക്കര രത്നാകരൻ, മന്ത്രിമാരായ ജെ ചിഞ്ചുറാണി, കെ രാജൻ, പി പ്രസാദ്, ജി ആർ അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കൊട്ടാരക്കര മണ്ഡലം സെക്രട്ടറി എ എസ് ഷാജി നന്ദി പറയും.

സിപിഐ കേരള സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ ജനങ്ങളിൽ നിന്നും, പാർട്ടി അംഗങ്ങളിൽ നിന്നും ശേഖരിച്ച തുക ചെലവഴിച്ച് നാലു നിലകളിൽ പൂർത്തിയാക്കിയ മന്ദിരത്തിന്റെ തറക്കല്ലിട്ടത് 2016 മാർച്ച് 22ന് ജനറൽ സെക്രട്ടറി ആയിരുന്ന സുധാകർ റെഡ്ഡിയാണ്. നിർമ്മാണ ഉദ്ഘാടനം 2019 ഡിസംബർ 19ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിച്ചു.

500 സീറ്റുകൾ ഉള്ള ഓപ്പൺ ആഡിറ്റോറിയം , വിശ്രമമുറികൾ , ഒരേസമയം 200 പേർക്ക് താമസിച്ചുകൊണ്ട് പഠന ഗവേഷണത്തിനും പരിശീലനത്തിനും ഏർപ്പെടാനുള്ള സൗകര്യങ്ങൾ, അന്തർദേശീയ നിലവാരത്തിലുള്ള ലൈബ്രറി, കോൺഫറൻസ് ഹാൾ, ജനസേവാദൾ അംഗങ്ങൾക്ക് ദുരന്തനിവാരണത്തിലും മറ്റു സേവന പ്രവർത്തനങ്ങളിലും പരിശീലനം നൽകുന്നതിനുള്ള സൗകര്യം, അപൂർവ്വയിനം ചെടികൾ ഉൾക്കൊള്ളുന്ന ഗാർഡൻ, ഔഷധസസ്യങ്ങളുടെയും ഫലവൃക്ഷത്തൈകളുടെയും നഴ്സറി തുടങ്ങിയ സൗകര്യങ്ങളും സി കെ ചന്ദ്രപ്പൻ സ്മാരകത്തിന്റെ സവിശേഷതകളാണ്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares