വൈക്കം: വോളിബോൾ കോർട്ടുകൾ വീണ്ടും സജീവമാകുമ്പോൾ കായിക പ്രേമികളെകൊണ്ട് നിറയുകയാണ് തലയാഴം തോട്ടകത്തെ വളഞ്ഞമ്പലം എം പി സാനു ഫ്ലഡ്ലൈറ്റ് സ്റ്റേഡിയം. എഐവൈഎഫ് തലയാഴം നോർത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മൂന്നാമത് സി കെ ചന്ദ്രപ്പൻ സ്മാരക അഖിലകേരള വോളിബോൾ ടൂർണമെന്റിനു വലിയ ആവേശമാണ് വൈക്കം നിവാസികളായ വോളിബോൾ പ്രേമികൾ സമ്മാനിക്കുന്നത്. വോളിബോൾ ടൂർണമെന്റിന്റെ മൂന്നാം ദിനമായ ഇന്നും കടുത്ത പോരാട്ടമായിരിക്കും തലയാഴത്തിന്റെ മണ്ണ് സാക്ഷ്യം വഹിക്കുക. മൂന്നാംദിവസത്തെ മത്സരം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം നിർവഹിക്കും.
എട്ടു പുരുഷ ടീമുകളും രണ്ടു വനിതാ ടീമുകളും മാറ്റുരക്കുന്ന ടൂർണമെന്റിന്റെ രണ്ടാം ദിവസത്തെ മത്സരങ്ങൾ കായിക വകുപ്പ് മന്ത്രി അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു. സി.കെ ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എം ഡി ബാബു രാജ്, കേരള സ്റ്റേറ്റ് വോളിബോൾ ടെക്നിക്കൽ കമ്മിറ്റി കൺവീനർ എം എസ് അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് സെന്റ് തോമസ് കോളേജ് പാലായും ഡിസ്റ്റ് കോളേജ് അങ്കമാലിയും തമ്മിലും രണ്ടാം മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയും സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരിയും തമ്മിൽ ഏറ്റുമുട്ടി.