അഡ്വ. വിനീത വിൻസന്റ്
എഐവൈഎഫ് യുവതി സബ് കമ്മിറ്റി കൺവീനർ
സഖാവ് സി കെ ചന്ദ്രപ്പന്റെ അനുസ്മരണ ദിനം ഒരിക്കൽ കൂടി കടന്നുവരികയാണ്. ആദർശ ശുദ്ധിയുടെയും നിസ്വാർത്ഥ സേവനത്തിന്റെയും മാതൃക സൃഷ്ടിച്ച നേതാവായിരുന്നു സഖാവ് സി കെ ചന്ദ്രപ്പൻ. വിദ്യാർത്ഥി-യുവജന പ്രസ്ഥാനത്തിന്റെ നേതാവായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്തനായ പോരാളിയായി മാറിയ സഖാവിന്റെ കരുതലും സ്‌നേഹവും സമര പോരാട്ടങ്ങളിലെ നിറസാന്നിധ്യവും എല്ലാം യുവജന പ്രസ്ഥാന പ്രവർത്തകർക്ക് എന്നും ആവേശകരമായിരുന്നു. ആശയ വ്യക്തതയോടെ, ഉറച്ച നിലപാടുകളോടെ പ്രസ്ഥാനത്തെ നയിച്ച നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിന്നും പുതുതലമുറ ഏറെ പഠിക്കുവാനുണ്ട്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അമരക്കാരനായി അതി തീഷ്ണമായ സമരങ്ങളും ഇടപെടുലുകളും നടത്തുമ്പോഴും, യുവജന സംഘടനകൾ കാര്യക്ഷമമായി ഇടപെടണമെന്ന് സഖാവ് സികെയ്ക്ക് നിർബന്ധമുണ്ടായിരുന്നു. സഖാവ് സികെയിൽ നിന്ന് ഞാൻ പഠിച്ചതെന്താണ്? നിസ്വാർത്ഥമായ സേവനം എന്നുവേണമെങ്കിൽ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. മനുഷ്യരുടെ ദുഖവും ദുരിതവും മനസ്സിലാക്കി വേണം, എക്കാലത്തും ജീവിത്തിൽ മുന്നോട്ടുപോകാൻ എന്ന് സികെയെ വായിക്കുകയും അറിയുകയും ചെയ്തപ്പോൾ ബോധ്യമായ്.
എത്ര തീഷ്ണമായിരുന്നു സഖാവിന്റെ രാഷ്ട്രീയ ജീവിതം. ഗോവൻ വിമോചന സമരം മുതൽ, സമര വഴികൾ മാത്രം താണ്ടിവന്നൊരു മനുഷ്യൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ എങ്ങനെ പ്രവർത്തിക്കണമെന്ന് എക്കാലത്തും സഖാവിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. വഴിതെറ്റുമെന്ന് തോന്നുന്ന സമയത്തെല്ലാം, യുവജന-വിദ്യാർത്ഥി സംഘടന പ്രവർത്തകരെ തിരുത്താൻ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല.
സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യന്റെ മനസ്സുകളിലേക്കും അവരുടെ വേദനകളിലേക്കും ഇറങ്ങിച്ചെല്ലുന്ന രാഷ്ട്രീയ പ്രവർത്തകർക്ക് ശരിയായ ദിശാബോധത്തോടെ രാഷ്ട്രീയ പ്രവർത്തനം നടത്തുവാൻ കഴിയും. ഇന്നത്തെ കാലഘട്ടത്തിന്റെ ജീവിത സാഹചര്യങ്ങളെ എടുത്ത് പരിശോധിക്കുമ്പോൾ തിരക്കേറിയ മനുഷ്യർ മാത്രം ഉള്ള ഇടങ്ങളായി നമ്മുടെ സമൂഹം മാറിക്കഴിഞ്ഞു. അപരന്റെ പ്രശ്‌നങ്ങളിൽ ഇടപെടുവാൻ ഭയക്കുന്ന ഒരു പൊതു സമൂഹം ഇന്നും ജീവിക്കുന്നു എന്നത് വസ്തുതയാണ്. സ്വന്തം കുടുംബത്തിൽ പ്രതിസന്ധി ഉണ്ടാകുമ്പോൾ മറ്റാരുടെയെങ്കിലും ഹസ്തങ്ങളുടെ സാന്നിധ്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ, എന്തുകൊണ്ട് മറ്റുള്ളവരിലേക്ക് എത്തിപ്പെടാൻ കഴിയുന്നില്ല എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ സഖാവ് സി കെ ചന്ദ്രനെ പോലെയുള്ള നേതാക്കളുടെ രാഷ്ട്രീയ പ്രവർത്തന ശൈലി പുതുതലമുറ പിന്തുടരേണ്ടത് അനിവാര്യതയാണ്.
സ്വന്തം അവകാശങ്ങൾ എന്താണെന്ന് അറിയാതെ ജീവിക്കുന്ന ഒരു സമൂഹത്തിന്റെയും അവ നേടിയെടുക്കുവാൻ മേലധികാരികളോട് ശബ്ദിക്കുവാൻ കഴിയാതെ ജീവിക്കുന്ന നിശബ്ദ ജീവിതങ്ങളുടെയും ശബ്ദമാകുക എന്നതാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുഖ്യ കാതൽ. മറ്റൊന്നും പ്രതീക്ഷിക്കാതെ സ്വന്തം കഴിവും സമയവും എല്ലാം മറ്റുള്ളവർക്ക് വേണ്ടി നീക്കി വയ്ക്കുമ്പോൾ, ഒരു സാധാരണക്കാരന് നീതി ലഭിക്കുന്നുവെങ്കിൽ അവന്റെ ആവശ്യങ്ങൾ സാധിച്ചതിലുള്ള സന്തോഷം കൊണ്ട് കണ്ണു നനയുന്നുവെങ്കിൽ ആ സന്തോഷമാണ് തന്റെ സ്വത്ത് എന്ന ബോധ്യം ഉൾക്കൊണ്ട് ജീവിക്കുന്ന നിരവധി കമ്മ്യൂണിസ്റ്റുകാരെ സൃഷ്ടിച്ചെടുക്കാൻ സഖാവ് സികെയെപ്പോലുള്ളവർക്ക് കഴിഞ്ഞിട്ടുണ്ട്.
കാലഘട്ടം, എന്നും സങ്കീർണമാണ്. എക്കാലത്തും പ്രശ്‌നങ്ങൾ സംഭവിച്ചുകൊേേണ്ടയിരിക്കും. ആ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ മുന്നിട്ടിറങ്ങുമ്പോൾ, സമര പോരാട്ടങ്ങളുടെ മുന്നണിയിലേക്ക് നടക്കുമ്പോൾ, ഹൃദയത്തിലേക്ക് സികെ കടന്നുവരും, ഉറക്കെ വിളിക്കുന്ന ആ മുദ്രാവാക്യവും; ‘സഖാവ് സികെ എന്നും ഞങ്ങൾക്കാവേശം…’