മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസിന് പരിക്കേറ്റ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മുളന്തുരുത്തി സ്വദേശികളായ ഏബൽ ലെജി(27), ബിജു കെ പി(50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കണ്ടാൽ അറിയാവുന്ന 32 പേർക്കെതിരെയും കേസെടുക്കുകയും ചെയ്തു.
ഇന്നലെ ഇരുവിഭാഗത്തിന്റെയും പെരുന്നാൾ പ്രദക്ഷിണദിനാചരണത്തിനിടെയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രാത്രി 11 മണിയോടെ മാർത്തോമ്മൻ പള്ളിയുടെ മുന്നിലൂടെ യാക്കോബായ പക്ഷം തങ്ങളുടെ ചാപ്പലിലേക്ക് നടത്തിയ പ്രദക്ഷിണത്തിനിടെ ഓർത്തഡോക്സ് പക്ഷം പള്ളിക്കുള്ളിൽ നിന്ന് ഉച്ചത്തിൽ വാദ്യോപകരണങ്ങൾ ഉപയോഗിച്ചുവെന്നും ഇത് നിലവിലുള്ള ധാരണയുടെ ലംഘനമാണെന്നും കാട്ടി മുളന്തുരുത്തി സിഐയോട് യാക്കോബായപക്ഷം പരാതിപ്പെട്ടു. ഇത് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് എത്തിയ പൊലീസ് സംഘത്തിന് നേരെയാണ് കയ്യേറ്റവും മർദ്ദനവും ഉണ്ടായത്. മുളന്തുരുത്തി സ്വദേശിയായ ഏബേൽ സജി സിഐ മനേഷ് പൗലോസിന്റെ മുഖത്തടിക്കുകയായിരുന്നു. മറ്റ് രണ്ട് പൊലീസുകാർക്ക് നേരെയും ആക്രമണം ഉണ്ടായി.