അരൂർ: അരൂർ-തുറവൂർ മേൽപാത നിർമ്മാണവുമായി ബന്ധപ്പെട്ട് യാത്രക്കാരും പ്രദേശവാസികളും അനുഭവിക്കുന്ന ദുരിതങ്ങളിൽ പ്രതിഷേധിച്ച് നിർമ്മാണ കരാർ കമ്പനിയായ അശോക ബിൽകോണിന്റെ തുറവൂരിൽ പ്രവർത്തിക്കുന്ന ഓഫീസിലേക്ക് എഐവൈഎഫ് അരൂർ മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. തുറവൂർ കവലയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കരാർ കമ്പനി ഓഫീസിന് നൂറ് മീറ്റർ മുൻപ് തന്നെ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. ഇതിൽ പ്രകോപിതരായ പ്രവർത്തകർ ഓഫീസ് കോമ്പൗണ്ടിനുള്ളിലേക്ക് കയറി മുദ്രാവാക്യം വിളിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു.
ഒടുവിൽ എഐവൈഎഫ് പ്രവർത്തകരെ ഓഫീസിനു മുന്നിൽ സമരം ചെയ്യുവാൻ അനുവദിക്കുവാൻ പൊലീസ് നിർബന്ധിതരായി. വനിതാ പ്രവർത്തകരെ പുരുഷ പൊലീസ് തടയാൻ ശ്രമിച്ചതും വാക്ക് തർക്കത്തിന് കാരണമായി.
മേൽപാത നിർമാണവുമായി ബന്ധപ്പെട്ട് നിർമാണ കമ്പനിയുടെ കരാർ-നിയമ ലംഘനങ്ങൾ അധികൃതർ പരിശോധിക്കുക, ഉയരപ്പാത നിർമാണത്തിലെ അപാകതകൾ പരിഹരിക്കുക, ദേശീയപാത അതോറിറ്റിട്ടിയുടെ നിസ്സംഗത അവസാനിപ്പിക്കുക, അരൂർ മുതൽ തുറവൂർ വരെയുള്ള റോഡ് സഞ്ചാരയോഗ്യമാക്കുക, അഴുക്ക് ചാൽ നിർമ്മിച്ച് വെള്ളക്കെട്ട് പരിഹരിക്കുക, അപകടത്തിൽ മരണപ്പെട്ടവർക്ക് ധനസഹായം നൽകുക, സമാന്തരപാതകൾ നിർമ്മിച്ച് ഗതാഗതം സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയി ച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. പ്രതിഷേധ മാർച്ച് സിപിഐ മണ്ഡലം സെക്രട്ടറി പി എം അജിത്കുമാർ ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് അരൂർ മണ്ഡ ലം പ്രസിഡന്റ് ടി തിഞ്ചുമോൻ അധ്യക്ഷത വഹിച്ചു, മണ്ഡലം സെക്രട്ടറി സി അജിത് കുമാർ സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ് അശോക് കുമാർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ പി മനോജ് കുമാർ, എം പി ബിജു, മണ്ഡലം കമ്മിറ്റി അംഗം വി എൻ അൽത്താഫ്, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി നിതിൻ എ എസ് എന്നിവർ സംസാരിച്ചു. എഐവൈഎഫ് ജില്ലാ കമ്മിറ്റിയംഗങ്ങളായ പി പ്രമുദ്യ, ദിനൻ, റെജീന സെൽവി, നീതു കെ എസ്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം എൻ കെ മുരളി, കെ പി ദിലീപ് കുമാർ, എൽസി സെക്രട്ടറി കെ ബി സജീവ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി. റോഡുകൾ സഞ്ചാര യോഗ്യമാക്കിയില്ലെങ്കിൽ കൂടുതൽ ശക്തമായ സമരങ്ങളിലേക്ക് നീങ്ങുമെന്ന് എഐവൈഎഫ് നേതാക്കൾ അറിയിച്ചു.