കൊച്ചി കപ്പൽശാല നിർമിച്ച, അന്തർവാഹിനി ആക്രമണങ്ങളെ ചെറുക്കാൻ കരുത്തുള്ള മൂന്ന് കപ്പലുകൾ വ്യാഴാഴ്ച രാവിലെ 8.30ന് നീറ്റിലിറക്കും. നാവികസേനയുടെ ഭാഗമാകുന്ന കപ്പലുകൾ രാജ്യത്തിന്റെ പ്രതിരോധമേഖലയ്‌ക്ക് മുതൽക്കൂട്ടാകും. ആദ്യമായാണ് ഒരേ ശ്രേണിയിലുള്ള മൂന്ന് കപ്പൽ നാവിക സേനയുടെ ഭാഗമാകുന്നത്. വൈസ് ചീഫ് ഓഫ് നേവൽ സ്‌റ്റാഫ് വൈസ് അഡ്‌മിറൽ സഞ്‌ജയ് ജെ സിങ്ങിന്റെ ഭാര്യ സറീൻ ലോർഡ് സിങ്, ഏഴിമല നാവിക അക്കാദമി കമാൻഡന്റ് വൈസ് അഡ്‌മിറൽ പുനീത് ബഹലിന്റെ ഭാര്യ അഞ്‌ജലി ബഹൽ, ദക്ഷിണമേഖല നാവിക ആസ്ഥാനം കമാൻഡർ ഇൻ ചീഫ് വൈസ് അഡ്‌മിറൽ സുരാജ് ബെറിയുടെ ഭാര്യ കങ്കണ ബെറി എന്നിവർ ചേർന്നാണ് കപ്പലുകൾ നീറ്റിലിറക്കുക. 15 മീറ്റർ നീളവും 13 മീറ്റർ വീതിയുമുള്ളവയാണ് കപ്പലുകൾ. ആഴം കുറഞ്ഞയിടങ്ങളിലും സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് രൂപകൽപ്പന.