ഉന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ്, ഭാരതീയ ദർശനങ്ങളിലും തത്വചിന്തയിലും അവഗാഹജ്ഞാനമുള്ള വ്യക്തിത്വം, പ്രഗത്ഭനായ മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ, പ്രതിഭാധനനായ സാഹിത്യനിരൂപകൻ, പണ്ഡിതനായ ചരിത്രകാരൻ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാവ്, സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളിലെല്ലാം ഒരിക്കലും മായാത്ത മുദ്രകൾ പതിപ്പിച്ച നേതാവായിരുന്നു സ. എൻ ഇ ബാലറാം.1994 ജൂലൈ 16ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹം പകർന്നുനൽകിയ ജീവിതമാതൃകയും സർഗ്ഗാത്മകതവും ബൗദ്ധികവുമായ രചനകളും എക്കാലവും വെളിച്ചം പകരുന്നതാണ്.
കമ്മ്യൂണിസ്റ്റുകാരെ ആശയപരമായി ആയുധമണിയിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ആചാര്യനായിരുന്നു ബാലറാം. മാർക്‌സിസം – ലെനിനിസത്തിൽ അനന്യസാധാരണമായ അറിവുണ്ടായിരുന്ന അദ്ദേഹം ലളിതമായ നിലയിൽ ആയിരങ്ങൾക്ക് അത് പകർന്നുനൽകി. ഭാരതീയ സാംസ്‌കാരിക പൈതൃകത്തിലും തത്വചിന്തയിലും പണ്ഡിതനായിരുന്ന ബാലറാം ചരിത്രത്തിലും സാഹിത്യത്തിലുമെല്ലാം തന്റേതായ മികച്ച സംഭാവനകൾ നൽകി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം.
ബാല്യത്തിൽ തന്നെ തന്റെ കുടുംബത്തിൽ നിന്ന് വേദോപനിഷത്തുക്കളിലും പുരാണേതിഹാസങ്ങളിലും പഠനം തുടങ്ങിയ ബാലറാം ജീവിതാന്ത്യംവരെ വിജ്ഞാനാന്വേഷണത്തിനായുള്ള വ്യഗ്രത പ്രകടിപ്പിച്ചിരുന്നു. ചെറുപ്പത്തിൽ ആധ്യാത്മികതയിൽ ആകൃഷ്ടനായ ബാലറാം സന്ന്യാസം വരിക്കുന്നതിനായി കൽക്കട്ടയിലെ ശ്രീരാമകൃഷ്ണാശ്രമത്തിൽ ചേർന്നിരുന്നു. എന്നാൽ സന്ന്യാസത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങൾക്കും കാഴ്ച്ചപ്പാടുകൾക്കുമനുസരിച്ചല്ല അവിടത്തെ യാഥാർഥ്യങ്ങൾ എന്ന് തിരിച്ചറിഞ്ഞപ്പോൾ സന്ന്യാസമാർഗ്ഗം ഉപേക്ഷിച്ച് ബാലറാം നാട്ടിലേക്കു മടങ്ങി. സ്വാതന്ത്ര്യസമരവും സാമൂഹ്യ അനാചാരങ്ങൾക്കെതിരായ പ്രക്ഷോഭവും ശക്തിപ്പെടുന്ന കാലമായിരുന്നു അത്. ബാലറാം കോൺഗ്രസുകാരനാവുകയും സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയാവുകയും ചെയ്തു.
അയിത്തത്തിനും ജാതിവിവേചനത്തിനുമെതിരായി പോരാടുന്ന പ്രസ്ഥാനമായിരുന്നു അന്ന് എസ്എൻഡിപി. അതിന്റെ തലശ്ശേരി ശാഖാ രൂപീകരണത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്നു ബാലറാം. ആ ശാഖയുടെ ആദ്യ സെക്രട്ടറിയായത് ബാലറാമും പ്രസിഡന്റായത് വി ആർ കൃഷ്ണയ്യരുമായിരുന്നു. ജാതി ഉച്ചനീചത്വങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുന്നതിനൊപ്പം ബാലറാം കൊടിയ ചൂഷണം അനുഭവിച്ചിരുന്ന തൊഴിലാളികളെയും സംഘടിപ്പിക്കുവാൻ മുന്നോട്ടുവന്നു. അന്നുതന്നെ മികച്ച സംഘാടക സാമർഥ്യം പ്രകടിപ്പിച്ച ബാലറാം ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കുകയും സമരങ്ങളിൽ അണിനിരത്തുകയും ചെയ്തു.
കോൺഗ്രസ് പാർട്ടിയിൽ ഇടതുപക്ഷത്തോടൊപ്പമായിരുന്നു ബാലറാം. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ സജീവമായ അദ്ദേഹം മാർക്‌സിസത്തെയും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെയും കുറിച്ച് ഗഹനമായി പഠിക്കുകയും മോചനത്തിനും മുന്നേറ്റത്തിനുമുള്ള ശരിയായ വഴി അതാണെന്ന് തിരിച്ചറിയുകയും ചെയ്തിരുന്നു. 1939 ൽ തലശ്ശേരിയിലെ പാറപ്പുറത്ത് വച്ച് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ സമ്മേളനം നടക്കുമ്പോൾ അതിന്റെ മുഖ്യസംഘാടകനായി പ്രവർത്തിച്ചവരിൽ പ്രമുഖൻ അദ്ദേഹമായിരുന്നു.
തന്റെ വൈജ്ഞാനിക സമ്പത്തും ത്യാഗപൂർണമായ പ്രവർത്തനവുംകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതനേതാവായി അദ്ദേഹം ഉയർന്നു. നിരവധി ഘട്ടങ്ങളിലായി ആറു വർഷക്കാലം ബാലറാം ജയിൽവാസം അനുഭവിച്ചു. 1948 ൽ പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ ഒളിവുജീവിതവും നയിച്ചു. ജയിൽജീവിതകാലം പോലും ബാലറാമിന് പഠനത്തിന്റെയും എഴുത്തിന്റെയും കാലമായിരുന്നു. പട്ടാഭിസീതാരാമയ്യയ്ക്കും ആന്ധ്രാ കേസരി എന്നറിയപ്പെട്ടിരുന്ന ടി പ്രകാശത്തിനുമൊപ്പം ജയിലിൽ കഴിഞ്ഞിരുന്ന ബാലറാം ടാഗോറിന്റെ കൃതികളെ കുറിച്ചും പൗരാണിക ഇന്ത്യയെക്കുറിച്ചും പഠിക്കാനാണ് ആ കാലയളവ് വിനിയോഗിച്ചത്. ടാഗോർ കൃതികളുടെ പഠനത്തിനായി അദ്ദേഹം ബംഗാളിഭാഷപോലും പഠിച്ചു. ടാഗോർ കൃതികളെ സംബന്ധിച്ച ഗ്രന്ഥരചനയ്ക്കായി ജയിലിൽ വച്ച് ബാലറാം തയ്യാറാക്കിയ കുറിപ്പുകളൊക്കെയും ഒളിവുജീവിതകാലത്ത് പൊലീസുകാർ അദ്ദേഹത്തിന്റെ വീടു തകർത്തപ്പോൾ നഷ്ടപ്പെടുകയായിരുന്നു.
പാർട്ടി രൂപീകരണകാലം മുതൽ സംസ്ഥാന നേതൃനിരയുടെ ഭാഗമായിരുന്ന ബാലറാം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലും ദേശീയ എക്‌സിക്യൂട്ടീവിലും സെക്രട്ടേറിയറ്റിലും ദീർഘകാലം പ്രവർത്തിച്ചു. 1972 മുതൽ 1984 വരെയുള്ള പന്ത്രണ്ടുവർഷക്കാലം പാർട്ടി സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. കേരളത്തിന്റെ മുന്നേറ്റത്തിൽ നിർണായക സംഭാവന നൽകിയ അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് ചുരുങ്ങിയകാലം അദ്ദേഹം വ്യവസായം, വാർത്താവിതരണം വകുപ്പുകളുടെ മന്ത്രിയുമായിരുന്നു. 1957 ലും 60 ലും 70 ലും നിയമസഭ സാമാജികനായും രണ്ടുതവണ രാജ്യസഭാംഗമായും തിരഞ്ഞെടുക്കപ്പെട്ട ബാലറാം പാർലമെന്ററി രംഗത്തും തന്റെ വൈദഗ്ധ്യം പ്രകടിപ്പിച്ചു. ആദർശത്തിന്റെയും സത്യസന്ധതയുടെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാതിരുന്ന ബാലറാം ലളിതജീവിതം നയിക്കുന്നതിൽ ബദ്ധശ്രദ്ധ പുലർത്തുകയും ചെയ്തു.
ബാലറാമിലെ പണ്ഡിതൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല, രാജ്യത്തിനും സമൂഹത്തിനാകെയും വിലപിടിപ്പുള്ള സംഭാവനകളാണ് നൽകിയത്. ഭാരതീയ പൈതൃകത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ അറിവ് നിരവധി ലേഖനങ്ങളിലൂടെയും ഉത്കൃഷ്ട ഗ്രന്ഥങ്ങളിലൂടെയും പകർന്നുകിട്ടി. ഭാരതീയ സാംസ്‌കാരിക പൈതൃകത്തിലെ ഭൗതികശാസ്ത്രീയ ചിന്തകളെ യുക്തിഭദ്രതയോടെ അദ്ദേഹം ഉയർത്തിക്കാട്ടി. ഭാരതീയ തത്വചിന്തയിലെ പ്രബലമായ ഭൗതികവാദത്തെ തമസ്‌ക്കരിക്കുവാനും ആശയവാദത്തെ മുന്നോട്ടുവയ്ക്കാനും ശ്രമിച്ചവരെ ശക്തമായ വാദമുഖങ്ങൾ കൊണ്ട് അദ്ദേഹം നേരിട്ടു. ഭാരതീയ സംസ്‌കാരത്തെ തെറ്റായി വ്യാഖ്യാനിക്കുവാനും വർഗീയതയ്ക്കും മതമൗലികവാദത്തിനുമായി ഉപയോഗിക്കുവാനും പരിശ്രമിച്ച തത്പരശക്തികളെ പ്രതിരോധിക്കുന്നതിന് ബാലറാം നൽകിയ സംഭാവനകൾ കിടയറ്റതാണ്. ഹിന്ദുത്വവാദികളുടെ തെറ്റായ പ്രചാരണത്തിന്റെ മുനയൊടിക്കുന്നതിനായി അദ്ദേഹം രചിച്ച ലേഖനങ്ങളും പുസ്തകങ്ങളും മതേതരത്വത്തിനുവേണ്ടി നിലകൊള്ളുന്നവർക്ക് ലഭിച്ച മികച്ച ആയുധങ്ങളാണ് എന്നതിൽ തർക്കമില്ല. ചരിത്രാന്വേഷണത്തിലും താൽപര്യം പുലർത്തിയിരുന്ന അദ്ദേഹം ഈടുറ്റ ചരിത്രപരമായ സംഭാവനകളും നൽകി. തികഞ്ഞ വായനക്കാരനായിരുന്ന ബാലറാം നല്ല സാഹിത്യാസ്വാദകനുമായിരുന്നു. ഏറ്റവും പുതിയ ലോകക്ലാസിക്കുകൾ പോലും ആദ്യം തന്നെ തേടിപ്പിടിച്ച് വായിക്കുമായിരുന്ന അദ്ദേഹം പല സാഹിത്യസൃഷ്ടികളെയും കുറിച്ച് പഠനാർഹമായ നിരൂപണങ്ങൾ രചിക്കുകയും ചെയ്തു. തന്റെ സാഹിത്യവിമർശനങ്ങളിലും പഠനങ്ങളിലും സങ്കുചിത രാഷ്ട്രീയ വീക്ഷണം കടന്നുവരാതിരിക്കാൻ ബാലറാം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പാർട്ടി ഭിന്നിപ്പുണ്ടായപ്പോൾ ഏറെ വേദനിച്ച അദ്ദേഹം ഭിന്നിപ്പിലെ യുക്തിയില്ലായ്മയും അകാരണമായി ഉണ്ടായ ഭിന്നിപ്പിന്റെ അപകടങ്ങളും യുക്തിഭദ്രതയോടെ സമർത്ഥിച്ചു. ‘തർക്കത്തിന്റെ തായ്‌വേര്’ എന്ന ഗ്രന്ഥത്തിലൂടെ ബാലറാം പാർട്ടി ഭിന്നിപ്പിച്ചവരുടെ വാദങ്ങളെ നിഷ്‌കരുണം ഖണ്ഡിച്ചു.
ബഹുഭാഷാ പണ്ഡിതൻ, പ്രതിഭാധനനായ എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നിട്ടും വിനയം കൈവിടാതെ കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളുടെ പോലും ആദരവും സ്‌നേഹവും നിർലോഭം നേടാൻ കഴിഞ്ഞിരുന്ന ബാലറാം പക്ഷേ തെറ്റായ സമീപനങ്ങളോടും ഭരണകൂടനയങ്ങളോടും സന്ധിയില്ലാതെ പോരാടിയിരുന്നു.
മാർക്‌സിസത്തിന്റെ പ്രസക്തി ലോകമെങ്ങും വീണ്ടും വീണ്ടും തിരിച്ചറിയപ്പെടുന്ന ഈ കാലത്ത് ബാലറാം ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പണ്ഡിതർ ദീർഘവീക്ഷണത്തോടെ നടത്തിയ വിലയിരുത്തലുകൾ ശരിയാണെന്ന് ആവർത്തിച്ച് തെളിയിക്കപ്പെടുകയാണ്. മുതലാളിത്തം വന്യമായ നിലയിൽ കടന്നാക്രമണം നടത്തുമ്പോൾ ബാലറാമിനെ പോലുള്ളവർ പകർന്നുനൽകിയ സൈദ്ധാന്തിക പാഠങ്ങൾ കമ്മ്യൂണിസ്റ്റുകാർക്ക് കരുത്തുപകരും. മതമൗലികവാദികളും മതഭീകരതയും വെല്ലുവിളികൾ ഉയർത്തുമ്പോൾ മതനിരപേക്ഷതയുടെ കാവൽഭടനായി നിലകൊണ്ട ബാലറാം നൽകിയ ആശയപരമായ കരുത്ത് പ്രതിരോധത്തിന് ശക്തി പകരുകയും ചെയ്യുന്നു. കാലാതിവർത്തിയായ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ ബാലറാമിന്റെ നിത്യസ്മാരകങ്ങളാണ്.