കർണാടകയിലെ ഏഷ്യാനെറ്റ് സുവർണ ന്യൂസ് ഗ്രാഫിക്‌സിനെതിരെ വിമർശനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ കണക്കുകൾ സംബന്ധിച്ച വാർത്തകൾക്കൊപ്പം നൽകിയ ഇമേജുകൾക്കെതിരെയാണ് വിമർശനം ഉയരുന്നത്. രാജ്യത്തെ ജനസംഖ്യയുടെ മതാടിസ്ഥാനത്തിലുള്ള കണക്കിന്റെ വാർത്തിയിൽ ഹിന്ദു ജനവിഭാഗത്തിന് ഇന്ത്യൻ പതാകയും മുസ്ലീം വിഭാഗത്തിന് പാകിസ്ഥാൻ പാതാകയും നൽകിയതാണ് സുവർണ ന്യൂസിനെ വിവാദത്തിലാക്കിയത്. 1950–- 2015 കാലയളവിൽ രാജ്യത്ത് ഹിന്ദുക്കളുടെ ജനസംഖ്യാ വിഹിതം 7.8 ശതമാനം കുറഞ്ഞെന്ന ഉപദേശസമിതിയുടെ വസ്‌തുതാവിരുദ്ധം പ്രചാരണം വാർത്തയാക്കുന്നതിനിടെ ഹിന്ദുവിന് ഇന്ത്യൻ പതാകയും മുസ്ലീമിന് പാകിസ്ഥാൻ പതാകയുമാണ് ഗ്രാഫിക്‌സായി സുവർണ ന്യൂസ് നൽകിയത്.
സുവർണ ന്യൂസിന്റെ സംഘപരിവാർ വിധേയത്വമാണ് ഇതിലൂടെ തുറന്നുകാണിക്കപ്പെട്ടിരിക്കുന്നുവെന്നാണ് വിമർശനം. ചാനൽ വിദ്വേഷത്തിന്റെ മൊത്തക്കച്ചവടക്കാരായെന്നും സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശന കുറിപ്പുകളിൽ പറയുന്നു. 2008 മുതൽ ഏഷ്യാനെറ്റ് സുവർണ ന്യൂസിന്റെ മുഖ്യ ഷെയറുകളും ബി.ജെ.പി രാജ്യസഭാ അംഗമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലാണ്. എന്നാൽ വ്യാപക വിമർശനത്തിന് പിന്നാലെ തെറ്റ് പറ്റിയെന്ന് ഏഷ്യാനെറ്റ് സുവർണ സമ്മതിച്ചു. തെറ്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ തിരുത്തിയെന്നും ചാനൽ ട്വീറ്റ് ചെയ്തു.