കുരീപ്പുഴ ശ്രീകുമാർ
ബാബരി മസ്ജിദ് തകർത്തത് ഇന്ത്യയുടെ ചരിത്രത്തോട് വർഗ്ഗീയ വാദികൾ ചെയ്ത ഏറ്റവും വലിയ ദ്രോഹമാണ്. നൂറ്റാണ്ടുകളോളം ഒരു മത വിഭാഗം ആരാധന നടത്തിയ അവരുടെ മസ്ജിദ് പൊളിച്ചു കളഞ്ഞത് മത വിദ്വേഷത്തിന്റെ അടയാളം മാത്രമല്ല ചരിത്ര ധ്വംസനം കൂടിയാണ്. മസ്ജിദ് നില നിന്നിരുന്നു എന്നത് ചരിത്ര വസ്തുതയാണെന്നിരിക്കെ ചരിത്രത്തിന്റെ അടയാളം കൂടിയാണ് ഹൈന്ദവ വർഗ്ഗീയ വാദികൾ നശിപ്പിച്ചു കളഞ്ഞത്.
ബാബരി മസ്ജിദ് തകർത്തതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ വർഗ്ഗീയ കലാപങ്ങൾ ഉടലെടുത്തു. മധ്യപ്രദേശിലും ഉത്തർ പ്രദേശിലും നിരവധി പേർ മരണ മടഞ്ഞു. അയോദ്ധ്യയിലും വലിയ രീതിയിൽ സംഘർഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടു. എന്നാൽ കേരളത്തിൽ ഉത്തരേന്ത്യക്ക് സമാനമായ രീതിയിൽ സംഘർഷാവസ്ഥ ഉടലെടുക്കാത്തതിന് കാരണമായി ഞാൻ മനസ്സിലാക്കുന്നത് നവോത്ഥാന പ്രസ്ഥാനങ്ങൾ വർഷങ്ങളായി ഇവിടെ നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങളാണ്.
മറ്റൊന്ന് നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടർച്ചയാണ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ. അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾകുമെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നടത്തിയ ത്യാഗോജ്ജ്വല പോരാട്ടങ്ങൾ ശ്രദ്ധേയമാണ്. തന്നെയുമല്ല ഇടതുപക്ഷ സർക്കാരിന്റെ ഭരണ കാലത്താണ് കേരളത്തിൽ സമ്പൂർണ്ണ സാക്ഷരത ഉണ്ടാകുന്നത്. സാക്ഷരത കൈ വരിച്ചതോട് കൂടി വായന വർധിക്കുകയും ജാതി മത ചിന്തകൾക്കതീതമായുള്ള മനുഷ്യത്വ നിലപാടുകളിലേക്ക് ജനങ്ങൾ കടന്ന് വരികയും ചെയ്തു. പൊതു വിദ്യഭ്യാസ മേഖലയിലുണ്ടായ കുതിച്ചു ചാട്ടം കേരളത്തിന്റെ ചിന്തയെ മാറ്റി മറിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. മതാധിഷ്ഠിത വിദ്യാഭ്യാസത്തിന് ബദലായുള്ള മതേതരത്വത്തിൽ ഊണിയുള്ള വിദ്യാഭ്യാസത്തിലൂടെ കേരളീയ സമൂഹം ആർജ്ജിച്ചെടുത്ത സാമൂഹ്യ ബോധവും ബാബരി മസ്ജിദ് തകർച്ചയെ തുടർന്നുള്ള കേരളത്തിന്റെ കലാപം സൃഷ്ടിക്കാതെയുള്ള പ്രതികരണത്തിന് ഇട വരുത്തി എന്ന് പറയാൻ കഴിയും.
കേരളത്തിലെ മുസ്ലിം സമൂഹവും പക്വതയാർന്ന ഇടപെടലാണ് അന്ന് നടത്തിയത്. ഇസ്ലാമിക സമൂഹവും പൊതു വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകുകയും പ്രസ്തുത വിദ്യാഭ്യാസത്തിൽ നിന്നുമുരിത്തിരിഞ്ഞ മാനവികത ഉയർത്തിപ്പിടിക്കുകയും ചെയ്തു എന്നതും എടുത്തു പറയേണ്ട സംഗതിയാണ്.
(തയ്യാറാക്കിയത്: ടി കെ മുസ്തഫ)