പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ യഷ് കേന്ദ്രകഥാപാത്രമായ റോക്കിഭായിയായി എത്തിയ സിനിമയാണ് കെജിഎഫ്. ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് കെജിഎഫ് സ്വന്തമാക്കിയിരിക്കുന്നത്. യഥാർത്ഥ കെജിഎഫ് ആയ കോലാർ സ്വർണ ഖനിക്കും പറയാനുണ്ട് ഒരു കഥ. തൊഴിലാളിവർഗത്തിന്റെ പോരാട്ടത്തിന്റെ കഥ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(സിപിഐ) യുടെ നേതൃത്വത്തിൽ നടന്ന സമര ചരിത്രത്തിന്റെ കഥ.
മെച്ചപ്പെട്ട വേതനത്തിനായും മികച്ച തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുന്നതിനു വേണ്ടിയും ശക്തമായ സമര പരിപാടികളായിരുന്നു 1946 കാലഘട്ടത്തിൽ കോലാർ സ്വർണ ഖനികളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം നിന്ന് അവിടത്തെ ഖനിത്തൊഴിലാളികൾ നടത്തി വന്നിരുന്നത്. കെ എസ് വാസൻ,വി എം ഗോവിന്ദൻ,ടി എസ് മണി എന്നിവരായിരുന്നു ഖനിയിലെ തൊഴിലാളി വർഗത്തിനായി ബ്രിട്ടീഷ് അധികാരികൾക്കെതിരെ മുന്നിൽ നിന്ന് സമരം നയിച്ച കമ്മ്യൂണിസ്റ്റ് നേതാക്കൾ. 1946ൽ ഖനിയിലെ തൊഴിലാളികൾ 78 ദിവസം നീണ്ടുനിന്ന സമരം നടത്തിയിരുന്നു. ഈ സമരത്തിന്റെ നേതൃത്വം നൽകാൻ സിപിഐ നിയോഗിച്ചത് വാസൻ,ഗോവിന്ദൻ, മണി എന്നീ മൂവർ സംഘത്തെയായിരുന്നു.
പാർട്ടി തങ്ങളിലേൽപ്പിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് ഖനിയിൽ എത്തി അവർ തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടി. ഖനിയിൽ യൂണിയന്റെ പ്രവർത്തനങ്ങൾക്കായുള്ള അവകാശം നേടിയെടുക്കാനും ഇവർക്കായി. തൊഴിലാളികൾക്ക് അർഹതപ്പെട്ട 18 ഇന അവകാശങ്ങൾ നേടിയെടുത്ത ശേഷമാണ് ആ സമരം അവസാനിപ്പിച്ചത്.
സമരത്തിന് ശേഷം ഇവർ പോലീസുകാരുടെ നോട്ടപ്പുള്ളികളായിരുന്നു. 1946 നവംബർ നാലിന് വാസനെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നു. ഇതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ഖനിയുടെ സമീപമുള്ള മലയാളി ഗ്രൗണ്ടിൽ തടിച്ചു കൂടി. എന്നാൽ, പൊലീസിന്റെ അഴിഞ്ഞാട്ടമായിരുന്നു ഇവിടെ നടന്നത്. പൊലീസ് തൊഴിലാളികൾക്ക് നേരെ ലാത്തിവീശുകയും വെടിവെക്കുകയും ചെയ്തു. ആറ് തൊഴിലാളികളാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. രാമയ്യ, കണ്ണൻ, ചിന്നപ്പൻ, കാളിയപ്പൻ, സുബ്രമണി, രാമസ്വാമി എന്നിവരാണ് കൊല്ലപ്പെട്ടത്.
1946-ൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായി കെജിഎഫിൽ ഇന്ന് സ്മാരകമുണ്ട്. 1952ൽ കോലാർ ഗോൾഡ് ഫീൽഡ് നിയോജക മണ്ഡലത്തിൽനിന്നുള്ള ആദ്യ എംഎൽഎ കെഎസ് വാസൻ ആയിരുന്നു. മാരകമായി കുത്തേറ്റ തൊഴിലാളി നേതാവായിരുന്ന വാസൻ. 1957ൽ കമ്മ്യൂണിസ്റ്റും മറ്റൊരു തൊഴിലാളി നേതാവുമായ എം സി നരസിംഹൻ വിജയിച്ചു. 1962വരെ കമ്മ്യൂണിസ്റ്റുകളാണ് കെജിഎഫിൽ നിന്ന് നിയമസഭയിലെത്തിയത്.