ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനുര കുമാര ദിസായകെ അധികാരത്തിലേക്ക്. ഇടതുപക്ഷ പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് ദിസായകെ. 1965ൽ രൂപംകൊണ്ട ജെവിപിക്ക് ശ്രീലങ്കയിൽനിർണ്ണായക രാഷ്ട്രീയ സാഹചര്യങ്ങളിൽ ശക്തി തെളിയിക്കാൻ കഴിഞ്ഞിരുന്നു. ശ്രീലങ്കൻ ഇടതുപക്ഷത്തിന് എക്കാലവും ആവേശമായിരുന്ന രോഹന വിജെവീരയാണ് ജെവിപി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. ജനങ്ങളെ സാമൂഹികമായി രാഷ്ട്രീയവത്ക്കരിച്ചു കൊണ്ടു മാത്രമേ ‘വിപ്ലവം’ സാധ്യമാകൂ എന്നതായിരുന്നു വിജെവീര വിശ്വസിച്ചിരുന്നത്. ഇതോടെ ശ്രീലങ്ക ഉടനീളം സഞ്ചരിച്ച് ക്ലാസുകളും സംഘടനാ പ്രവർത്തനങ്ങളും നടത്തി ചെറുപ്പക്കാരെ സംഘടിപ്പിച്ചു പ്രവർത്തനം തുടങ്ങി.
സായുധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതിനെ തുടർന്ന് 46 -മത്തെ വയസ്സിൽ അദ്ദേഹത്തെ ശ്രീലങ്കൻ സൈന്യം പിടികൂടി വെടിവച്ചു കൊല്ലുകയായിരുന്നു. തമിഴർക്ക് കാര്യമായ സ്വാധീനമില്ലാത്ത സിംഹള ഭൂരിപക്ഷ പാർട്ടിയായ ജെവിപിക്ക് ആയുധമെടുത്തും ജനാധിപത്യ മാർഗത്തിലുമെല്ലാം പൊരുതിയ പാരമ്പര്യമാണുള്ളത്. 1965–ൽ രൂപീകൃതമായ പാർട്ടി ചെറിയ തോതിലാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും വളരെ വേഗം ശ്രീലങ്കൻ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന രീതിയിലേക്ക് വളർന്നു. ഇക്കാലത്താണ് പാർട്ടി അംഗങ്ങളായിരുന്ന ചെറുപ്പക്കാരെ ആയുധമണിയിക്കാൻ ജെവിപി സ്ഥാപകൻ രോഹന വിജെവീര ശ്രമമാരംഭിക്കുന്നത്.
1971–ൽ ഇതിന്റെ രണ്ടാം ഘട്ടമായി പോലീസ് സ്റ്റേഷനുകളും ശ്രീലങ്കയുടെ പല ഭാഗങ്ങളും പിടിച്ചെടുക്കുന്നതിലേക്ക് പാർട്ടിയുടെ ശക്തി വ്യാപിച്ചു. എന്നാൽ ശ്രീലങ്കൻ ഭരണകൂടത്തോട് ഏറ്റുമുട്ടി വിജയിക്കാനുള്ള ശേഷിയില്ലാതിരുന്ന ഈ സംഘത്തെ വേഗം തന്നെ സൈന്യം കീഴടക്കി. ജെവിപിയെ നിരോധിച്ചു. വിജെവീര അറസ്റ്റിലായി, ആദ്യം ജീവപര്യന്തവും പിന്നീട് 20 വർഷവുമാക്കി ശിക്ഷ കുറച്ചു. 1977–ൽ ജെആർ ജയവർധനെ അധികാരത്തിൽ വന്നതോടെ ‘എല്ലാവരേയും ഒരുമിച്ചു കൊണ്ടുപോവുക’ പദ്ധതിയുടെ ഭാഗമായി ജെവിപിക്ക് പ്രവർത്തനാനുമതി നൽകി. വിജെവീര മോചിതനായി.
ഇന്ത്യയുമായും ചൈനയുമായും വലിയ സഹകരണത്തിലല്ലാത്ത ജെ വി പി രാജീവ് ഗാന്ധിയുടെ പീസ് കീപ്പിങ് മൂവ്മെന്റ് സമയത്ത് ഇന്ത്യക്ക് എതിരായ നിലപാട് സ്വീകരിച്ചവരാണ്. അന്ന് പുലികൾക്കും ഇന്ത്യക്കും എതിരെ പോരാട്ടം നടത്തുന്നതിൽ അവർ മുൻപന്തിയിലുണ്ടായിരുന്നു.
ആ സമയത്ത് ഇവർക്ക് ആയുധം നൽകിയത് നോർത്ത് കൊറിയ ആയിരുന്നു. അന്ന് ആയുധങ്ങളുമായി വന്ന നോർത്ത് കൊറിയയുടെ ബോട്ടുകൾ ഇന്ത്യ വെടിവെച്ചു തകർത്തിരുന്നു. മറ്റു കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇവരെ സിഐഎ ചാരൻമാരായാണ് കണ്ടിരുന്നത്. 2019-ൽ മൂന്നു സീറ്റ് മാത്രമാണ് അവർക്ക് തെരഞ്ഞെടുപ്പിൽ ലഭിച്ചത്, എന്നാൽ അഞ്ച് വർഷം കൊണ്ട് അവർ രാജ്യത്തിന്റെ ഭരണം പിടിക്കുകയായിരുന്നു.