സ്ത്രീകള്‍ മുഖ്യധാരയിലേക്ക് കടന്നുവരാത്ത ഒരു കാലഘട്ടത്തില്‍ ഒരു വെല്ലുവിളി പോലെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും തുടര്‍ന്ന് രാഷ്ട്രീയ രംഗത്തേക്കും കടന്നുവന്ന യശോദ ടീച്ചർ നമ്മെ വിട്ടുപിരിഞ്ഞിട്ട് 13 വര്‍ഷം പിന്നിട്ടു. കല്ല്യാശ്ശേരി, ആന്തൂര്‍, പാപ്പിനിശ്ശേരി പ്രദേശങ്ങളില്‍ സാമ്രാജ്വത്വവിരുദ്ധ പ്രക്ഷോഭങ്ങളും മറ്റും സംഘടിപ്പിക്കുന്നതിലും കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളെ കെട്ടിപ്പടുക്കുന്നതിലും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു ടീച്ചറുടേത്. 1931ല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് അണ്‍ട്രെയിന്‍ഡ് ടീച്ചറായി കല്ല്യാശ്ശേരി സെന്‍ട്രല്‍ എല്‍ പി സ്‌കൂളില്‍ ചേര്‍ന്നു. അധ്യാപനരംഗത്ത് നിലനിന്ന അനീതികള്‍ക്കെതിരെ നടന്ന ഗുരുജന സമാജബഹിഷ്‌കരണസമരത്തില്‍ സജീവമായി പങ്കെടുത്തു കൊണ്ടാണ് ടീച്ചര്‍ പൊതുരംഗത്തേക്ക് കടന്നു വന്നത്. സമരത്തിന്റെ പേരില്‍ ടീച്ചറുടെ സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയുണ്ടായി. ഇതോടെ സാമൂഹ്യ-രാഷ്ട്രീയരംഗത്ത് ടീച്ചര്‍ സജീവമായി.
1937ല്‍ കീച്ചേരിയില്‍ ആദ്യ മഹിളാസംഘം രൂപീകരിക്കപ്പെട്ടത് ടീച്ചറുടെ നേതൃത്വത്തിലായിരുന്നു. 1939ല്‍ ടീച്ചര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.1940ല്‍ മലബാര്‍ മഹിളാസംഘം രൂപീകരിക്കാന്‍ വി പി ദേവകി, ആര്യപള്ളം, ഉമാദേവി അന്തര്‍ജ്ജനം എന്നിവരോടൊപ്പം നേതൃത്വപരമായ പങ്കു വഹിച്ചു. കേരളത്തിലെ ആദ്യത്തെ വനിത പത്രലേഖികയായ ടീച്ചര്‍ നാല്‍പ്പതുകളില്‍ പത്രപ്രവര്‍ത്തകയായും ഒളിത്താവളങ്ങളില്‍ നേതാക്കള്‍ക്ക് പാര്‍ട്ടി സന്ദേശങ്ങള്‍ എത്തിച്ചു കൊടുക്കുന്ന സന്ദേശവാഹകയായും സാഹസികമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
തൂക്കുമരം കാത്തു കഴിയുകയായിരുന്ന കയ്യൂര്‍ സഖാക്കളുടെ അന്തിമാഭിവാദ്യം ജനങ്ങളിലെത്തിച്ചത് ടീച്ചറുടെ ലേഖികയെന്ന നിലയിലുള്ള മികവിനുദാഹരണമാണ്. സാമ്രാജ്വത്വത്തിനെതിരായ പത്രറിപ്പോര്‍ട്ടുകള്‍ കണ്ടു കെട്ടുന്നതിനു വേണ്ടി രാത്രിയില്‍ വീടുവളഞ്ഞു പരിശോധന നടത്തുകയും ടീച്ചറെ ആക്രമിക്കുകയുമുണ്ടായി. 1948ലും കീച്ചേരിയിലും പറശ്ശിനിക്കടവിലും ടീച്ചര്‍ ക്രൂരമര്‍ദ്ദനത്തിനിരയായി. പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സിലും ജില്ലാ കൗണ്‍സിലിലും അംഗമായിരുന്നിട്ടുണ്ട്.മഹിളാസംഘം ദേശീയ കൗണ്‍സില്‍ അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും ടീച്ചര്‍ പ്രവര്‍ത്തിച്ചിരുന്നു. ടീച്ചറുടെ ആര്‍ഭാടരഹിതമായ വസ്ത്രധാരണരീതിയും ലളിതമായ ജീവിതശൈലിയും മാതൃകാപരമാണ്.