പൗരന്മാർക്കിടയിൽ ഭരണഘടനാ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി എല്ലാ വർഷവും നവംബർ 26-ാം തീയതി ‘ഭരണഘടനാ ദിന’മായി ആഘോഷിക്കാനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ തീരുമാനം 2015 നവംബർ 19-ന് സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയമാണ് പുറപ്പെടുവിക്കുന്നത്. ഭരണഘടന രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച പ്രഥമ നിയമമന്ത്രി ഡോ. ഭീംറാവു അംബേദ്കറിനുള്ള ആദരവ് കൂടിയാണിത്.
ഭരണഘടനാ നിർമ്മാണത്തിൽ മുഖ്യ പങ്ക് തന്നെ വഹിച്ചിരുന്ന വ്യക്തിയെന്ന നിലയിൽ നവംബർ 26 ഭരണഘടനയുടെ പ്രാധാന്യം പ്രചരിപ്പിക്കാനും അംബേദ്കറുടെ ചിന്തകളും ആശയങ്ങളും പ്രബോധിപ്പിക്കാനുമുള്ള ദിനമായിക്കൂടി കണക്കാക്കുന്നു. ഭരണഘടന ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നു. അതിന്റെ പൗരന്മാർക്ക് നീതിയും സമത്വവും സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു. ഒപ്പം സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശ്രമവും അത് നടത്തുന്നു. 1950-ലെ ആദ്യ ഭരണഘടനാ പതിപ്പ് ന്യൂ ഡൽഹിയിലെ പാർലമെന്റ് ഹൗസിൽ ഹീലിയം നിറച്ച കേയ്സിൽ സൂക്ഷിച്ചിട്ടുണ്ട്.