തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയിലുറച്ച് പരാതിക്കാരിയായി യുവതി. കഴിഞ്ഞ കുറച്ചു നാളുകളായി എൽദോസ് കുന്നപ്പിള്ളിയിൽ നിന്ന് ഏൽക്കേണ്ടി വന്ന മാനസിക ശാരീരിക പീഡനങ്ങളേക്കുറിച്ച് എടുത്തു പറഞ്ഞാണ് യുവതി മാധ്യമങ്ങളെ കണ്ടത്. കേസ് പിൻവലിക്കാൻ എൽദോസ് കുന്നപ്പിള്ളി എംഎൽഎ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും നിരവധിപേർ ഒത്തുതീർപ്പിനായി ശ്രമിക്കുന്നുണ്ടെന്നും പരാതിക്കാരി വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. എൽദോസ് ഹണിട്രാപ്പിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി ആരോപിച്ചു.
സെപ്റ്റംബർ 14-ന് കോവളത്തുവെച്ച് എംഎൽഎ മർദ്ദിച്ചപ്പോൾ അന്നവിടെ കണ്ടുനിന്ന നാട്ടുകാരാണ് പോലീസിനെ വിളിച്ചറിയിച്ചത്. പോലീസെത്തിയപ്പോൾ എംഎൽഎയാണെന്നും ഇത് തന്റെ ഭാര്യയാണെന്നുമാണ് എൽദോസ് പോലീസിനോട് പറഞ്ഞത്. പിന്നീട് വീട്ടിലെത്തിയശേഷവും എംഎൽഎ ഉപദ്രവിച്ചു. ഇതിനുശേഷം ജനറൽ ആശുപത്രിയിലെത്തി ചികിത്സതേടി. എംഎൽഎ തന്നെയാണ് അന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മദ്യപിച്ച് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയാണ് അന്നുതന്നെ കോവളത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും യുവതി പറഞ്ഞു.
എൽദേസുമായി സൗഹൃദം തുടങ്ങിയിട്ട് പത്ത് വർഷത്തോളമായി. ആദ്യതവണ എംഎൽഎ ആയപ്പോൾ അദ്ദേഹത്തിന്റെ പിഎ തന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് എൽദോസുമായി പരിചയത്തിലാകുന്നത്. 2022 ജൂൺ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. തന്റെ സ്വകാര്യതയെ തകർക്കാൻ വരെ എൽദോസ് ശ്രമിച്ചതോടെ അദ്ദേഹം മോശം വ്യക്തിയാണെന്ന് മനസിലായി. ഇതോടെയാണ് അകലാൻ ശ്രമിച്ചത്. ഇതിൽപ്രകോപിതനായ എൽദോസ് വീട്ടിൽക്കയറി പലപ്പോഴും മർദ്ദിച്ചതായും യുവതി വെളിപ്പെടുത്തി.
വീഡിയോ കൈവശമുണ്ടെന്നും ഹണിട്രാപ്പിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെയാണ് നാടുവിട്ട് പോകാൻ തീരുമാനിച്ച് വീട്ടിൽനിന്ന് ഇറങ്ങിപ്പോയത്. കന്യാകുമാരിയിൽവെച്ച് കടലിൽചാടി ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ നാട്ടുകാർ പിടിച്ചുവെച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് കേരളത്തിലെത്തിയതെന്നും യുവതി പറഞ്ഞു. എംഎൽഎക്കെതിരേ ലൈംഗിക ആരോപണ പരാതി ഉന്നയിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അതെല്ലാം കോടതിയിൽ പറഞ്ഞിട്ടുണ്ടെന്നും അതിൽകൂടുതലൊന്നും പറയാനില്ലെന്നും പരാതിക്കാരി മറുപടി നൽകി.