“എവിടെയെങ്കിലും വെച്ച് മരണം എന്നെ കീഴ്പ്പെടുത്തുകയാണെങ്കിൽ എന്റെ പോർവിളി ഒരു ചെവിയിലെങ്കിലുമെത്തണം എന്റെ തോക്ക് ഏറ്റു വാങ്ങാൻ ഒരു കരമെങ്കിലും നീണ്ടെത്തണം, പോരാട്ടത്തിന്റെയും വിജയത്തിന്റെയും പുതു നാദങ്ങൾ ഉയരണം”
– ചെഗുവേര
പ്രിയ അൻസിൽ,
നിന്റെ പോർവിളി ഒരു ചെവിയിൽ അല്ല ഒരായിരം കാതുകളിലാണ് മുഴങ്ങുന്നത്, അവകാശ സമര പോരാട്ടങ്ങളിൽ ജീവിച്ചിരിക്കുന്നതിനേക്കാൾ കരുത്തോടെ നീ ഞങ്ങളിൽ ആവേശമായിരിക്കുന്നതും അത് കൊണ്ട് തന്നെയാണ്.
ലഹരി മാഫിയയുടെ കൊടിയ മർദ്ദനം നിമിത്തം ജീവൻ നഷ്‌ടപ്പെട്ട ധീര സഖാവ് ഇ എച്ച് അൻസിലിന്റെ ഓർമ്മകൾക്ക് ഇന്ന് പത്ത് വയസ്സ്. 2014 നവംബർ 18 നാണ് തൃപ്രയാർ എകാദശി കഴിഞ്ഞു മടങ്ങി വരുന്ന വഴിയിൽ നാട്ടികയിൽ വെച്ച് അൻസിലിന് ലഹരി ഗുണ്ട സംഘത്തിന്റെ ക്രൂര മർദ്ദനമേൽക്കുന്നത്.
തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരിക്കെ നവംബർ 20 ന് ആശുപത്രിക്കിടക്കയിൽ വെച്ച് മരണമടയുകയായിരുന്നു. തൃശൂർ മണലൂർ മണ്ഡലത്തിലെ ചെട്ടിക്കാട് എഐവൈഎഫ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അൻസിൽ ലഹരിക്കും ലഹരി മാഫിയക്കുമെതിരെയുള്ള പോരാട്ടത്തിൽ മുൻ പന്തിയിൽ നിന്നിരുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ചെറുപ്പക്കാരനായിരുന്നു.
അത് കൊണ്ട് തന്നെ സഖാവ് അൻസിൽ ലഹരി മാഫിയകളുടെയും മറ്റ് സാമൂഹ്യ വിരുദ്ധരുടെയും കണ്ണിലെ കരടായിരുന്നു!
മദ്യവും മയക്കു മരുന്നുമടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും നമ്മുടെ സംസ്ഥാനത്ത് ഈയടുത്ത കാലത്തായി വർധിക്കുന്നത് ആശങ്കയുളവാക്കുന്നു.
മാനസിക ശാരീരിക തലങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലുമുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതത്തിന്റെ ഇരയാണ് നമ്മുടെ പ്രിയപ്പെട്ട സഖാവ് അൻസിൽ. ലഹരി സ്ഥിരമായി ഉപയോഗിക്കുന്നവർ അത് ലഭിക്കാതെ മുന്നോട്ട് പോകുവാൻ കഴിയാത്ത മാനസിക നിലവാരത്തിൽ എത്തപ്പെടുകയും ഏതൊരവസ്ഥയിലും ലഹരിയെ കുറിച്ച് മാത്രം ചിന്തിച്ച് നിഷ്‌ക്രിയരായിരിക്കുന്ന അവസ്ഥയിൽ കാണപ്പെടുകയും ചെയ്യുന്നു.
തലമുറയെ വഴി തെറ്റിക്കുന്നതിനായി മയക്കു മരുന്നു മാഫിയ സംഘങ്ങൾ വല വിരിച്ചു മുന്നോട്ട് പോകുമ്പോൾ ആൺ പെൺ ഭേദമന്യേ വിദ്യാർത്ഥികളടക്കമുള്ളവർ പോലും അവരുടെ കെണിയിൽ കുടുങ്ങുന്നു എന്ന നഗ്ന സത്യം ഉൾ കിടിലത്തോട് കൂടിയാണ് സമീപ കാലത്തെ പല സംഭവ വികാസങ്ങളിൽ നിന്നും പ്രബുദ്ധ കേരളം വായിച്ചെടുത്തത്.
ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) നാഷണൽ ഡ്രഗ് ഡിപെൻഡൻസ് ട്രീറ്റ്മെന്റ് സെന്റർ (NDDTC) മുഖേന സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയം ലഹരി വസ്തുക്കളുടെ ഉപയോഗം സംബന്ധിച്ചുള്ള ഒരു സർവേ 2018 ൽ നടത്തുകയുണ്ടായി. 2019 ൽ പുറത്ത് വന്ന പ്രസ്തുത സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 16 കോടി ആളുകൾ മദ്യവും 3.1 കോടി ആളുകൾ ഏതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരാണെന്ന് കാണുന്നു.
കൗമാര ഘട്ടത്തിലോ യൗവനാരംഭത്തിലോ തുടങ്ങുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമൂഹ്യ സുസ്ഥിതിയേയും പൊതു ജനാരോഗ്യത്തെയും ഉത്പാദന ക്ഷമതയെയും സാമ്പത്തിക വളർച്ചയെയുമെല്ലാമാണ് പുറകോട്ടടിക്കുന്നത്. ലഹരിക്കെതിരായ പോരാട്ടങ്ങളും ക്യാമ്പയിനുകളും ജനകീയ മുന്നേറ്റങ്ങളും ആഗോള വ്യാപകമായി തന്നെ ശക്തമായി നിലനിൽക്കെ വിവിധ രാജ്യങ്ങളിൽ അമ്പരപ്പിക്കും വിധത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ കണക്കുകൾ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം വിളിച്ചോതുന്നു.
വർധിച്ച് വരുന്ന ലഹരി ഉപയോഗം യുവ തലമുറയടക്കമുള്ള സമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സുശക്തവും കാര്യക്ഷമവുമായ പ്രതിരോധ മാർഗ്ഗങ്ങൾ വിവിധ വകുപ്പുകളെ എകോപിപ്പിച്ചു കൊണ്ട് ഫലപ്രദമായി നടപ്പാക്കാൻ അധികാരികൾ തയ്യാറാകണം. ലഹരി ഉപയോഗവും വിപണനവും സൃഷ്ടിക്കുന്ന മാനസിക ശാരീരിക പ്രശ്നങ്ങളെയും സാമൂഹ്യാഘാതങ്ങളെയും കുറിച്ചുള്ള ബോധവത്കരണം വിദ്യഭ്യാസ സ്ഥാപനങ്ങൾ തൊട്ട് തുടങ്ങണം.
വിദ്യാലയങ്ങൾ ലഹരി വിമുക്തമാക്കാൻ ഉദ്ദേശിച്ചുള്ള ‘ഉണർവ്’ പദ്ധതിയുടെയും കോളേജ് തലത്തിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരി സ്വാധീനം ഇല്ലാതാക്കാൻ ലക്ഷ്യം വെച്ചു കൊണ്ടുള്ള ‘നേർക്കൂട്ടം’ കമ്മിറ്റിയുടെയും പ്രവർത്തനങ്ങൾ കേവല പ്രഹസനങ്ങളായി മാറാതെ ലഹരി വസ്തുക്കളുടെ ദൂഷ്യ വശങ്ങളെ കുറിച്ച് ശക്തമായ അവബോധം സൃഷ്ടിക്കാനുതകുന്നതാണെന്ന് ഭരണ കൂടം ഉറപ്പ് വരുത്തണം.
വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ലഹരി ഉപയോഗത്തെ കുറിച്ച് പുറത്തു വരുന്ന വാർത്തകൾ അക്ഷരാർത്ഥത്തിൽ ആശങ്കപ്പെടുത്തുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന വർത്തമാന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും!
ലഹരി വില്പനയുമായി ബന്ധപ്പെട്ട് ഈയടുത്ത കാലങ്ങളിൽ പിടിക്കപ്പെടുന്നവരിൽ നല്ലൊരു വിഭാഗം വിദ്യാർത്ഥികളുണ്ടെന്നതും പല കേസുകളിലും പെൺ കുട്ടികൾ അടക്കം പ്രതികളായി വരുന്നു എന്നതും നടുക്കമുളവാക്കുന്നു. ലഹരി വിമുക്ത നവ കേരള സാക്ഷാത്കാരം ലക്ഷ്യം വെച്ച് കൊണ്ടും യുവജനങ്ങളെ ലഹരി ഉപയോഗത്തിൽ നിന്ന് അകറ്റി നിർത്തുക എന്ന കാഴ്ചപ്പാടോട് കൂടിയും ‘ലഹരിക്കെതിരെ കായിക ലഹരി’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് വ്യത്യസ്ത കായിക മത്സരങ്ങൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കാറുണ്ട്.
2016 ൽ രൂപം നൽകിയ ”കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തി ‘ ലഹരി വസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച മാരക പ്രശ്നങ്ങളെ കുറിച്ച് വ്യക്തമായ ധാരണ സൃഷ്ടിക്കുന്നതിനും ആരോഗ്യ ഭരണ നിർവഹണ സുരക്ഷ മേഖലകളിൽ അതുണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനും ലക്ഷ്യം വെച്ച് കൊണ്ടുള്ളതാണ്.
യുവ തലമുറയുടെ ലഹരി ഉപയോഗം തകർക്കുന്നത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷകളെയും നാളെകളുടെ സ്വപ്‌നങ്ങളെയുമാണെന്നതിനാൽ എ ഐ വൈ എഫ് പോലുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്വം വർത്തമാന കാലത്ത് വർദ്ധിക്കുകയാണ്.
ലഹരിക്കെതിരായ പോരാട്ടത്തിൽ നിതാന്ത ജാഗ്രതയോട് കൂടി മുൻ നിരയിൽ തന്നെ നാം അണി ചെരേണ്ടതുണ്ട്.
ധീര സഖാവ് അൻസിലിന്റെ ഓർമ്മകൾ അത്തരം പോരാട്ടങ്ങൾക്ക് നമുക്ക് കരുത്ത് പകരും!
ലഹരി ഉപയോഗത്തിലേക്കും വിപണനത്തിലേക്കും നയിക്കുന്ന ഘടനാ പരമായ കാരണങ്ങളെ കണ്ടെത്തി
പ്രായോഗികമായ പരിഹാര മാർഗ്ഗങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്. ലഹരിയുടെ ഉപയോഗം മൂലം പീഡനം, മോഷണം, കൊലപാതകം പോലുള്ള ഭീകര കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്ന സാമൂഹ്യ വിരുദ്ധരായി നാളെയുടെ പൗരന്മാർ മാറിക്കൂട!
സാമൂഹ്യ വിരുദ്ധതയല്ല സാമൂഹ്യ പ്രതിബദ്ധതയാകണം മുഖമുദ്ര.