Monday, May 26, 2025
spot_imgspot_img
HomeOpinionഓർക്കണം; സഖാവ് സി കെ ചന്ദ്രപ്പന്റെ ദീർഘ വീക്ഷണം

ഓർക്കണം; സഖാവ് സി കെ ചന്ദ്രപ്പന്റെ ദീർഘ വീക്ഷണം

ടി ടി ജിസ്‌മോൻ
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി

പി വി അൻവർ എന്ന രാഷ്ട്രീയ ഭാഗ്യാന്വേഷി കോൺഗ്രസ്‌ രാഷ്ട്രീയത്തെ നിയന്ത്രിക്കുകയും വരുതിയിലാക്കുകയുംചെയ്യുന്ന അത്യന്തം വിചിത്രവും സഹതാപാർഹവുമായ കാഴ്ചയിന്ന് പ്രബുദ്ധ കേരളം കണ്ടു കൊണ്ടിരിക്കുമ്പോൾ സി കെ ചന്ദ്രപ്പൻ എന്ന സിപിഐ യുടെ സമുന്നതനായ നേതാവിന്റെ ദീർഘ വീക്ഷണം ഓർക്കാതിരിക്കുന്നതെങ്ങനെ?

രാഷ്ട്രീയ പ്രവർത്തനം സാമൂഹ്യ താല്പര്യങ്ങൾക്ക് വേണ്ടിയുള്ള സമർപ്പണത്തിന്റെ സംസ്കാര രൂപീകരണമാണെന്നിരിക്കെ അധികാര ദുർമോഹവും അഴിമതിയും വഴിപിഴച്ച സാമ്പത്തിക താത്‌പര്യങ്ങളും മാത്രം മുഖ മുദ്രയാക്കി പ്രവർത്തിക്കുന്ന അൻവറിനെ പോലുള്ള കോമാളികൾ രാഷ്ട്രീയ പ്രവർത്തനത്തിനും രാഷ്ട്രീയ പ്രവർത്തകർക്കും ചെറുതല്ലാത്ത അപഖ്യാതി സൃഷ്ടിക്കുമ്പോൾ സഖാവ് സി കെ യുടെ ആർജ്ജവമോത്ത് അഭിമാനം കൊള്ളണം ഓരോ സിപിഐക്കാരനും.

2011 ലെ നിയമ സഭ തെരഞ്ഞെടുപ്പ് കാലത്താണ് സിപിഐയുടെ ഏറനാട് സീറ്റിൽ കണ്ണ് വെച്ച് കൊണ്ട് പി വി അൻവർ അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി സഖാവ് സി കെ ചന്ദ്രപ്പനെ സന്ദർശിക്കുന്നത്. അല്പത്തരത്തിനും വകതിരിവില്ലായ്മക്കും രാഷ്ട്രീയ പ്രവർത്തനമെന്ന പേരിട്ട് പൊതു രംഗത്ത് മേല്‍വിലാസമുണ്ടാക്കി കച്ചവടം നടത്താനുള്ള കുടില വ്യഗ്രതയുമായി നടക്കുന്ന അൻവറിന് പക്ഷെ ആള് തെറ്റി, ജനാധിപത്യത്തെ അർത്ഥ പൂർണ്ണമാക്കുന്ന പ്രബുദ്ധമായ പ്രത്യയ ശാസ്ത്ര ദാർശനിക വിഷയങ്ങളുടെ തീക്ഷ്ണമായ പഠന വേദികൾക്ക് പകരം രൂപപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിലെ മനം മടുപ്പിക്കുന്ന വ്യവസ്ഥാപിത രാഷ്ട്രീയത്തിന്റെ ജീർണ്ണതകളോട് എന്നും അനുരഞ്ജന രഹിത കലഹമുള്ള സഖാവ് സി കെ ക്ക് ‘ഗെറ്റ് ഔട്ട്’ അടിക്കാൻ അധികമാലോചിക്കേണ്ടി വന്നില്ല.

തുടർന്ന് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രതിരൂപമായ സഖാവിനെതിരെ നട്ടാൽ കുരുക്കാത്ത കള്ളങ്ങൾ പ്രചരിപ്പിച്ച ശേഷം ഏറനാട് സ്വതന്ത്ര വേഷത്തിൽ വോട്ട് തേടിയെത്തി അൻവർ. ചന്ദ്രപ്പൻ സഖാവിന്റെ ദീർഘ വീക്ഷണം ശരിയായില്ലെന്ന് വിലയിരുത്തിയ ചില നിഷ്കളങ്കർ കൈ മെയ് മറന്നൊന്ന് സഹായിച്ചപ്പോൾ അൻവർക്ക രണ്ടാമതും സിപിഐക്കാരനായ ഇടത് സ്ഥാനാർഥി നാലാമതുമായി. തീർന്നില്ല, തുടർന്ന് 2014 ൽ വയനാട്ടിൽ പാർലമെന്റ് തെരഞ്ഞെടുപ്പിലും സിപിഐ സ്ഥാനാർഥിക്കിട്ട് കൊട്ടി പുള്ളിക്കാരൻ.

തെരഞ്ഞെടുപ്പിൽ വൻ തോതിൽ പണമിറക്കി വോട്ട് പിടിച്ചു തന്റെ ‘ജന പിന്തുണ’ ബോധ്യപ്പെടുത്തി മുന്നണി സീറ്റ് തരപ്പെടുത്താനുള്ള നാലാം കിട തന്ത്രമായിരുന്നു ഇതെന്ന് തിരിച്ചറിയാതെ അൻവറിന് 2016 ലും 2021ലും നിലമ്പൂർ സീറ്റും നൽകുന്നതാണ് പിന്നീട് നാം കാണുന്നത്.
രാഷ്ട്രീയ വിദ്യഭ്യാസവും പ്രത്യയ ശാസ്ത്ര പ്രബുദ്ധതയും ലവലേശം തൊട്ട് തീണ്ടാത്ത അൻവർ പാർട്ടിക്കും മുന്നണിക്കും ഭരണത്തിനും തന്റെ അജണ്ടകൾക്കനുസൃതമായി നിർവചനം കുറിച്ചപ്പോഴാണ് പലരും അപകടം മണത്ത് സട കുടഞ്ഞെഴുന്നേറ്റത്.

2011 ൽ സഖാവ് സി കെ ചന്ദ്രപ്പനുണ്ടായ വിവേകം അല്പം വൈകിയാണെങ്കിലും ഒടുവിൽ പലർക്കുമുണ്ടായി. ഇടത്ത് നിന്ന് ഇടയുകയും കേരള രാഷ്ട്രീയത്തിൽ എടുക്കാ ചരടായി മാറുകയും ചെയ്തതോടെ ഭിക്ഷാo ദേഹിയായി നടന്ന് ഒട്ടനവധി വാതിലുകളിൽ മുട്ടി നോക്കിയിട്ടും ഗതി കിട്ടാതലഞ്ഞ് ജാതി പറഞ്ഞും മതം പറഞ്ഞുമുള്ള കുത്തിത്തിരിപ്പും പൊളിഞ്ഞ് ഏറ്റവുമൊടുവിൽ ഇന്നലെകളിൽ ഉന്നത നേതാവിന്റെ ഡി എൻ എ യിൽ വരെ സംശയമുന്നയിച്ച പാർട്ടിയെ എത്ര സമർത്ഥമായിട്ടാണ് ഇപ്പോൾ കബളിപ്പിക്കുന്നത്!

നാല് വോട്ടിനും അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നതിനും വേണ്ടി മുൻ കാല ശത്രുവിന്റെ പാദ സേവ ചെയ്യേണ്ടി വരുന്ന കോൺഗ്രസ്സിന്റെ ഗതികേടിൽ സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല. അത് പോലെ അന്നെങ്ങാനും സിപിഐ ഏറനാട്ടിൽ ഈ രാഷ്ട്രീയ മാലിന്യത്തെ മത്സരിപ്പിച്ചിരുന്നെങ്കിൽ സഖാക്കൾക്ക് ഇദ്ദേഹത്തിന്റെ പേരിൽ തല ഉയർത്താൻ കഴിയാതെ വന്നേനെ!
അങ്ങനെ സംഭവിക്കാതിരുന്നത് സഖാവ് സി കെ ചന്ദ്രപ്പന്റെ ആർജ്ജവം കൊണ്ട് മാത്രമാണ്.

പണവും പ്രതാപവും കണ്ട് മഞ്ഞളിച്ച് പാർട്ടി സഖാക്കൾക്കവകാശപ്പെട്ടത് മറ്റുള്ളവർക്ക് വീതം വെച്ചാൽ തീർച്ചയായും ഒടുവിൽ വിരൽ കടിക്കേണ്ടി വരും നിശ്ചയം.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares