1971 ൽ മുപ്പത്തിയാറാം വയസ്സിലാണ് സഖാവ് സി കെ ചന്ദ്രപ്പൻ തലശ്ശേരിയിൽ നിന്നും പാർലമെന്റിൽ എത്തുന്നത്. 77 ൽ കണ്ണൂരിൽ നിന്നും 2004 ൽ തൃശൂരിൽ നിന്നും വിജയിക്കുകയുണ്ടായി. ഇന്ത്യൻ പാർലമെന്റ് കണ്ട എക്കാലത്തെയും മികച്ച പാർലമെന്റേറിയാന്മാരിൽ ഒരാളായിരുന്നു സഖാവ് ചന്ദ്രപ്പൻ. ജനാഭിലാഷങ്ങളുടെയും പോരാട്ടങ്ങളുടെയും പ്രതിഫലന വേദിയായി പാർലമെന്റിനെ മാറ്റിയെടുക്കുന്നതിൽ അനിതര സാധാരണമായ ഇട പെടലാണ് അന്ന് സി കെ ചന്ദ്രപ്പൻ നടത്തിയത്. രാഷ്ട്രീയമായി എതിർ ചേരിയിൽ ഉണ്ടായിരുന്നവർ പോലും സി കെ യുടെ അഭിപ്രായങ്ങൾക്കായി കാതോർക്കുമായിരുന്നു.
പാർലമെന്റേറിയൻ എന്ന രീതിയിൽ ആഗോള വത്കരണത്തിന്റെയും അതിന്റെ പുറകിലുള്ള സാമ്രാജ്യത്വ അജണ്ടയുടെയും ദൂഷ്യ വശങ്ങൾ സഖാവ് പ്രസംഗങ്ങളിലൂടെ ഉദ്ബോധിപ്പിച്ചു. ഉദാര വത്കരണത്തിന്റെയും സ്വകാര്യ വത്കരണത്തിന്റെയും വിനാശകരമായ വശങ്ങൾ ഉദാഹരണങ്ങൾ സഹിതം ജനങ്ങളെ ബോധവത്കരിക്കുന്ന വിധത്തിൽ സമര മുഖങ്ങളിലും സംവാദ വേദികളിലും സി കെ അവതരിപ്പിച്ചു. 18 വയസ്സ് പ്രായമായവർക്ക് വോട്ടവകാശം ലഭ്യമാക്കുന്നതിനും ഭൂപരിഷ്കരണ നിയമം ഭരണ ഘടനയുടെ ഒൻപതാം ഷെഡ്യൂളിൽ ഉൾപെടുത്തുന്നതിനുമായി സഖാവ് പാർലമെന്റിൽ നടത്തിയ പോരാട്ടങ്ങൾ സമാനതകൾ ഇല്ലാത്തതായിരുന്നു.
രാജ്യം അതിന്റെ ഭാവിയെ നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുകയാണ്. രാജ്യത്തിന്റെ ജനാധിപത്യവും മതേതത്വവും സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളെയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഫാസിസം പ്രതിനിധാനം ചെയ്യുന്ന ഭരണ കൂടം തീവ്ര ഹിന്ദുത്വ അജണ്ട ലക്ഷ്യം വെച്ച് ഇന്ത്യൻ ബഹുസ്വരതയെ നിർമ്മാർജ്ജനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായി അവകാശപ്പെടുന്ന ഇന്ത്യ യിൽ ഇന്ന് ജനാധിപത്യം എന്നത് കേവല പ്രഹസനമായി മാറിയിരിക്കുന്നു.
ആർഎസ്-എസ് രൂപീകരണത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കുമെന്ന പ്രഖ്യാപനം സംഘ് പരിവാർ കേന്ദ്രങ്ങൾ ഉയർത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. നരേന്ദ്രമോദിയുടെ രണ്ടാം വരവോടെ, 2019 മുതൽ അതിനുള്ള നീക്കങ്ങൾ ത്വരിതഗതിയിലാക്കി വരികയാണ്. ഇത്തരമൊരു പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങളെ സംരക്ഷിക്കുന്നതിനും ഇന്ത്യയെ വീണ്ടെടുക്കുന്നതിനുമുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ സഖാവ് സി കെ ചന്ദ്രപ്പന്റെ പോരാട്ട വീര്യവും നിശ്ചയ ദാർഢ്യവും ഇടത് പക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് മാതൃകയാണ്.