Friday, April 4, 2025
spot_imgspot_img
HomeEditors Picksസഖാവ് പി സി കുറുമ്പ: കാരിരുമ്പിന്റെ കരുത്തുള്ള പെൺപോരാളി

സഖാവ് പി സി കുറുമ്പ: കാരിരുമ്പിന്റെ കരുത്തുള്ള പെൺപോരാളി

ഒരു വ്യാഴവട്ടക്കാലം മുൻപ്‌, ഇടതുപക്ഷ ജനാധിപത്യമുന്നണി കൺവീനറും മുതിർന്ന കമ്മ്യൂണിസ്റ്റ്‌ നേതാവുമായ എം എം ലോറൻസ്‌ മലയാളത്തിലെ ഒരു പ്രമുഖ വാരികയ്ക്ക്‌ നൽകിയ ‘അഭിമുഖ’ത്തിൽ ശ്രദ്ധേയമായ ഒരു പ്രസ്താവന നടത്തുകയുണ്ടായി. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഏറ്റവും ക്രൂരമായ പൊലീസ്‌ പീഡനങ്ങൾക്ക്‌ ഇരയാവേണ്ടി വന്നിട്ടുള്ള രണ്ട്‌ വനിതാ വിപ്ലവകാരികൾ കൂത്താട്ടുകുളം മേരിയും പി സി കുറുമ്പയുമാണെന്ന്‌ അദ്ദേഹം പറയുകയുണ്ടായി.

പൊലീസിന്റെ ഭീകരമായ മർദ്ദനമുറകളുടെ മദ്ധ്യത്തിലും തന്റെ പോരാട്ടവീര്യം അടിയറവെയ്ക്കാതെ നിർഭയമായി നേരിട്ട കൂത്താട്ടുകുളം മേരി പുരോഗമനപ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ എന്നും ആവേശം പകരുന്ന ധീരവിപ്ലവകാരിയാണ്‌. കേരളീയർക്ക്‌ അവരെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. എന്നാൽ പി സി കുറുമ്പയെന്ന കീഴാളയുവതിയുടെ മഹത്തായ ത്യാഗത്തിന്റെയും അസാമാന്യമായ പോരാട്ടത്തിന്റെയും ചരിത്രപ്രാധാന്യം നാം വളരെ വൈകിയാണ്‌ മനസിലാക്കുന്നത്‌.

കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഭരണകൂട ഭീകരതയ്ക്കാണ്‌ അവർ ഇരയായത്‌. 1948ൽ കൽക്കട്ട തീസീസിന്റെ പേരിൽ പാർട്ടിയെ നിരോധിക്കുകയും പരസ്യമായ പാർട്ടിപ്രവർത്തനം അസാദ്ധ്യമാക്കുകയും ചെയ്തു. പാർട്ടിപ്രവർത്തകരെയും നേതാക്കളെയും അതിനിഷ്ഠൂരമായാണ്‌ ഭരണകൂടം ഈ കാലഘട്ടത്തിൽ വേട്ടയാടിയത്‌. നിരവധി സഖാക്കൾ രക്തസാക്ഷികളായി. പൊലീസ്‌ മർദ്ദനം കൊണ്ട്‌ ജീവച്ഛവങ്ങളായി മാറിയവർ അനവധിയാണ്‌. വിവരണാതീതമായ കഷ്ടപ്പാടുകൾ ഈ കാലത്ത്‌ സഖാക്കൾക്ക്‌ അനുഭവിക്കേണ്ടിവന്നു. പരസ്യമായ പാർട്ടിപ്രവർത്തനം വിലക്കിയിരുന്നതുകൊണ്ട്‌ നേതാക്കൾ ഒളിവിലിരുന്നാണ്‌ സംഘടനാപ്രവർത്തനം നയിച്ചത്‌.

പാർട്ടിനേതാക്കൾക്ക്‌ ഒളിത്താവളം കണ്ടെത്തുകയെന്നുള്ളത്‌ ശ്രമകരമായ പണിയായിരുന്നു. മുകുന്ദപുരം താലൂക്കിൽ സുരക്ഷിതമായ ഷെൽട്ടറുകൾ ഒരുക്കുന്നതിന്‌ അസാമാന്യമായ ധൈര്യം കാണിച്ചിരുന്ന സഖാവാണ്‌ പി കെ കുമാരൻ. പാർട്ടിയുടെ താലൂക്കിലെ പ്രമുഖ നേതാവായിരുന്ന അദ്ദേഹത്തിന്റെ ത്യാഗപൂർണമായ പ്രവർത്തനങ്ങളെ അന്നത്തെ താലൂക്ക്‌ സെക്രട്ടറിയായിരുന്ന ഇ ഗോപാലകൃഷ്ണമേനോൻ തന്റെ ഓർമ്മക്കുറിപ്പുകളിൽ അനുസ്മരിക്കുന്നുണ്ട്‌. പി കെ കുമാരനേയും പി സി കുറുമ്പയേയും പൊലീസ്‌ അറസ്റ്റ്‌ ചെയ്ത്‌ ഇരിങ്ങാലക്കുട സബ്‌ ജയിലിലടച്ചു. നേതാക്കളെ ഒളിപ്പിക്കാൻ കുമാരനെ സഹായിച്ചുവെന്നാരോപിച്ചാണ്‌ കുറുമ്പയെ പൊലീസ്‌ പിടികൂടിയത്‌.

ഇരിങ്ങാലക്കുട സബ്‌ ജയിൽ ഇതിനകം കേരളത്തിലെ കുപ്രസിദ്ധി നേടിയ ജയിലറകളിൽ ഒന്നായി മാറി കഴിഞ്ഞിരുന്നു. കെ കെ വാരിയർ, സി ജനാർദ്ദനൻ, ഇ ഗോപാലകൃഷ്ണമേനോൻ, വി എസ്‌ മേനോൻ തുടങ്ങി നിരവധി നേതാക്കളെ നിർദ്ദയം തല്ലിച്ചതച്ചത്‌ ഇവിടെ വെച്ചാണ്‌. മർദ്ദകവീരന്മാരായ പാപ്പാളിയും യുപിആർ മേനോനും ശങ്കുണ്ണിയുൾപ്പെടെയുള്ള പൊലീസ്‌ ഉദ്യോഗസ്ഥർ പുതിയ മർദ്ദനമുറകൾ പരീക്ഷിച്ചത്‌ ഇവിടെ വച്ചാണ്‌.പി സി കുറുമ്പയ്ക്കും പി കെ കുമാരനും ഉണ്ടായ അനുഭവം അതിനുമുൻപോ ശേഷമോ മറ്റാർക്കുമുണ്ടായതായി അറിവില്ല. അതുവരെ ഒരാളോടും പ്രയോഗിച്ചിട്ടില്ലാത്ത പീഡനമുറകളാണ്‌ അവരോട്‌ സർക്കിൾ ഇൻസ്പെക്ടർ യുപിആർ മേനോന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ നരാധനന്മാർ പ്രയോഗിച്ചത്‌.

രണ്ടുപേരേയും മർദ്ദിച്ച്‌ അവശരാക്കിയശേഷം നഗ്നരാക്കി അശ്ലീലത്തിന്‌ പ്രേരിപ്പിച്ച ദാരുണമായ സംഭവം ആർക്കും അവിശ്വസനീയമായേ തോന്നൂ. കേവലം ഇരുപത്‌ വയസുപോലും തികഞ്ഞിട്ടില്ലാത്ത പട്ടികജാതി യുവതിക്കുണ്ടായ ദുരനുഭവം ശക്തമായ പ്രതിഷേധത്തിനിടയാക്കി.തിരു-കൊച്ചി നിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇ ഗോപാലകൃഷ്ണമേനോൻ മുഖ്യമന്ത്രി പറവൂർ ടി കെ നാരായണപിള്ളയോട്‌ കൈചൂണ്ടി രോഷാകുലനായി ഈ സംഭവം വിവരിച്ചപ്പോൾ സഭയിലെ മറ്റംഗങ്ങൾ സ്തബ്ധരായി ഇരിക്കുകയായിരുന്നുവെന്ന്‌ ഗോപാലകൃഷ്ണമേനോൻ അനുസ്മരിക്കുന്നുണ്ട്‌. ജയിലിൽനിന്നും പുറത്തുവന്ന പി കെ കുമാരൻ തങ്ങൾക്കേറ്റ അപമാനത്തെക്കുറിച്ച്‌ ഒരു പത്രപ്രസ്താവന നടത്തി.

പാർട്ടി സംസ്ഥാനകമ്മിറ്റി ശക്തമായ പ്രതിഷേധക്കുറിപ്പ്‌ ഇറക്കി. മലയാറ്റൂർ രാമകൃഷ്ണൻ പത്രാധിപരായ ‘ഇടതുപക്ഷം’ എന്ന വാരികയിൽ പി കെ കുമാരൻ വിശദമായ ഒരു ലേഖനം എഴുതി. എന്നാൽ പൊലീസിനെ അപമാനിച്ചുവെന്നാരോപിച്ച്‌ പി കെ കുമാരനെതിരെ പൊലീസ്‌ കള്ളക്കേസ്‌ ചുമത്തി വീണ്ടും അറസ്റ്റു ചെയ്തു.ഇരിങ്ങാലക്കുടയ്ക്കടുത്ത്‌ പുല്ലൂരിൽ ചാത്തന്റെയും കാളിയുടെയും മകളായി ജനിച്ച കുറുമ്പയ്ക്ക്‌ പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ കഴിയാത്ത സാമൂഹ്യ സാഹചര്യമായിരുന്നു അന്ന്‌ നിലവിലുണ്ടായിരുന്നത്‌.

പുല്ലൂർ കശുവണ്ടി കമ്പനിയിലെ തൊഴിലാളിയായ അവർ ട്രേഡ്‌ യൂണിയൻ പ്രവർത്തനത്തിൽ സജീവമായി. പ്രായേണ പാർട്ടിയുടെ ഉശിരയായ പ്രവർത്തകയായി മാറി. ഏത്‌ പ്രക്ഷോഭസമരത്തിന്റെ മുന്നിലും പി സി കുറുമ്പയുണ്ടായിരുന്നു. നിരക്ഷരയായിരുന്നുവെങ്കിലും അടിയുറച്ച പാർട്ടിക്കൂറും വർഗബോധവുമാണ്‌ അവരെ നയിച്ചിരുന്നതെന്ന്‌ കുട്ടംകുളം സമരനായകൻ കെ വി ഉണ്ണി അവരെ കുറിച്ച്‌ ഓർക്കുന്നു.കേരളത്തിലെ നവോത്ഥാനപ്പോരാട്ടങ്ങളിൽ അവിസ്മരണീയമായ ഒന്നാണ്‌ ‘കുട്ടംകുളം സമരം’.

ക്ഷേത്രപ്രവേശനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി കമ്മ്യൂണിസ്റ്റ്‌ പാർട്ടി മുൻകയ്യെടുത്ത്‌ കൊച്ചിരാജ്യത്ത്‌ നടത്തിയ ഐതിഹാസിക പ്രക്ഷോഭമായിരുന്നു അത്‌. കൊടിയ ജാതിവിവേചനത്തിൽ അമർഷം പൂണ്ട ആയിരക്കണക്കിന്‌ പേർ 1946 ജൂൺ 23ന്‌ ചരിത്രപ്രസിദ്ധമായ കൂടൽമാണിക്യം ക്ഷേത്രത്തിന്‌ മുന്നിലുള്ള ‘തീണ്ടൽപ്പലക’ തൂത്തെറിയാൻ ആവേശത്തോടെ മുന്നേറി. പി ഗംഗാധരനും, കെ വി ഉണ്ണിയുമാണ്‌ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയിരുന്നത്‌. ഈ പ്രകടനത്തിന്റെ മുൻനിരയിൽതന്നെ കുറുമ്പ ഉണ്ടായിരുന്നു.

സമരക്കാരെ നേരിടാൻ ഇൻസ്പെക്ടർ ശങ്കുണ്ണിയുടെ നേതൃത്വത്തിൽ നൂറുകണക്കിന്‌ പൊലീസിനെയും എംഎസ്പി ക്കാരെയും വിന്യസിച്ചിരുന്നു. സമരക്കാരും പൊലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. കെ വി ഉണ്ണിയേയും പി ഗംഗാധരനേയും കൈകൾ കൂട്ടികെട്ടി വിളക്കുകാലിൽ കെട്ടിയിട്ട്‌ മർദ്ദിച്ചു. പി സി കുറുമ്പയെയും പൊലീസ്‌ പൊതിരെ തല്ലി. കുറുമ്പയുൾപ്പെടെ 33 പേർക്കെതിരെ കേസെടുത്തു. പിന്നീട്‌ പനമ്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ്‌ കേസ്‌ പിൻവലിച്ചത്‌.‘നടവരമ്പ്‌ കർഷകസമരം’ ജന്മിത്വത്തിനെതിരായി കൊച്ചി രാജ്യത്ത്‌ നടന്ന പ്രധാനപ്പെട്ട ഒരു കർഷകസമരമായിരുന്നു. പരിയേടത്ത്‌ നാരായണമേനോൻ എന്ന ജന്മി തന്റെ കുടികിടപ്പുകാരനായ ചാമിയെന്ന കർഷകത്തൊഴിലാളിയെ കൃഷി ചെയ്യാൻ അനുവദിക്കാതെ ഭൂമിയിൽ നിന്നും ആട്ടിപുറത്താക്കിയതിനെതിരെ നടന്ന ഈ സമരം നൂറ്‌ ദിവസങ്ങൾ നീണ്ടുനിന്നു.

എകെജി, പന്തളം പി.ആർ മാധവൻപിള്ള, ഇ ഗോപാലകൃഷ്ണമേനോൻ, വി വി രാഘവൻ തുടങ്ങിയ നേതാക്കൾ സമരക്കാർക്ക്‌ പിന്തുണയുമായെത്തി. സമരമുഖത്ത്‌ ചാമിക്ക്‌ ധൈര്യം പകർന്ന്‌ കുറുമ്പ ആദ്യാവസാനംവരെ ഉണ്ടായിരുന്നു. കുട്ടംകുളം സമരം നടക്കുന്നതിനു തൊട്ടുമുൻപാണ്‌ സമസ്ത കൊച്ചി പുലയ മഹാസഭയുടെ വാർഷിക സമ്മേളനം ഇരിങ്ങാലക്കുടയിൽ വെച്ച്‌ നടക്കുന്നത്‌.

പി കെ ചാത്തൻ മാസ്റ്ററുടെ നേതൃത്വത്തിലാണ്‌ ഈ സമ്മേളനം നടന്നത്‌. പുലയരുടെ ആത്മാഭിമാനം ഉണർത്തിയ ഒരു സമ്മേളനമായിരുന്നു അത്‌. സമ്മേളനത്തോടനുബന്ധിച്ച്‌ പുലയസ്ത്രീകളുടെ ഒരു പ്രകടനം കുട്ടംകുളം പരിസരത്തുകൂടി നടന്നു. ജാതി പിശാചുക്കളായ ഏതാനും സവർണർ അവരെ മുറുക്കിതുപ്പി അപമാനിച്ചു. ചാത്തൻ മാസ്റ്ററുടെ ഭാര്യ കെ വി കാളി, കെ കെ ചക്കി, കെ കെ അയ്യപ്പന്റെ ഭാര്യ കാളി, പി സി കുറുമ്പ എന്നിവരായിരുന്നു പ്രകടനത്തിന്‌ നേതൃത്വം നൽകിയിരുന്നത്‌.

പുലയസ്ത്രീകൾ സാരിയുടുത്തതാണ്‌ സവർണരെ പ്രകോപിപ്പിച്ചതത്രെ! പ്രതിഷേധം നാടെങ്ങും അലയടിച്ചു. പി കെ കുമാരന്റെ നേതൃത്വത്തിൽ ഇതിനെതിരെ കുട്ടംകുളത്തേക്ക്‌ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു.കുട്ടംകുളം സമരത്തിനുശേഷം നടന്ന പാലിയം സമരത്തിലും കുറുമ്പ പങ്കെടുത്തു. മാസങ്ങൾ നീണ്ടുനിന്ന പാലിയം സമരത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ നാടിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും പ്രകടനങ്ങൾ പോയിരുന്നു. ഇരിങ്ങാലക്കുടയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാരിൽ ഒരു പ്രധാനപ്പെട്ട മുന്നണിപ്പോരാളി കുറുമ്പയായിരുന്നു.

കൊടുങ്ങല്ലൂർ പടാകുളത്തെ ക്യാമ്പിലേക്ക്‌ എത്തിയ സഖാക്കൾ അവിടെനിന്ന്‌ ബാച്ചുകളായാണ്‌ സമരകേന്ദ്രത്തിലേക്ക്‌ പോയിരുന്നത്‌. കെ വി ഉണ്ണിയുടേയും പി കെ കുമാരന്റെയും എം എസ്‌ കുമാരന്റെയും നേതൃത്വത്തിലായിരുന്നു സമരഭടന്മാരുടെ നീക്കം.നിണമണിഞ്ഞ സമരപഥങ്ങൾ താണ്ടിയ കുറുമ്പ അനുഭവങ്ങളുടെ മൂശയിൽ വാർത്തെടുത്ത ഒരൊന്നാന്തരം സമരസഖാവായിരുന്നു. അതുകൊണ്ട്‌ തന്നെ അവസാന ശ്വാസംവരെയും ഒരുതരം ‘നിർമമത്വം’ പുലർത്തിയ സഖാവ്‌ പ്രത്യേകിച്ച്‌ ഒരു പരാതിയും പറയാതെ നിശബ്ദയായി കഴിഞ്ഞുകൂടി. ശരീരം അനുവദിക്കുന്ന കാലത്തോളം അധ്വാനിച്ചു.

ഭർത്താവ്‌ ചാത്തൻ നേരത്തേ മരിച്ചു. മക്കളില്ല. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ സ്വാതന്ത്ര്യസമര പെൻഷൻ അനുവദിച്ചെങ്കിലും ആദ്യത്തെ പെൻഷൻ സംഖ്യ മാത്രമേ വാങ്ങാൻ കഴിഞ്ഞുള്ളൂ. 92-ാ‍ം വയസിൽ, സമരമുഖങ്ങളിൽ കാരിരുമ്പിന്റെ കരുത്ത്‌ കാട്ടിയ ആ വിപ്ലവകാരി ലോകത്തോട്‌ വിടപറഞ്ഞു.

കടപ്പാട്: ടി. കെ സുധീഷ്

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares