ആസാദ് സുരേന്ദ്രൻ
സ്വന്തം ചരിത്രം രേഖപ്പെടുത്തുന്നതിൽ തല്പരനല്ലാതിരുന്ന വ്യക്തിയാണ് സ. പി.കെ ചാത്തൻ മാസ്റ്റർ അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ വർഗ്ഗ സമരങ്ങളും,തൻ്റെ ജനതയ്ക്കായി നടത്തിയിട്ടുള്ള സേവനങ്ങളുടെയും സമഗ്രമായ ചരിത്രം ഏറെ കുറെ അജ്ഞാതമാണ്. ഐക്യ കേരളത്തിൻ്റെ രൂപീകരണത്തിന് ശേഷം ഏഷ്യയുടെ ചരിത്രത്തിൽ ആദ്യമായി ബലാറ്റ് പേപ്പറിലൂടെ അധികാരത്തിൽ എത്തി ചരിത്രത്തിൻ്റെ ഭാഗമായി 1957 ലെ ഒന്നാം സിപിഐ സർക്കാർ
എന്നാൽ ആ സർക്കാരിന് എതിരെ 1959- ൽ ആരംഭിച്ച രാഷ്ട്രീയ പ്രക്ഷോഭമായിരുന്നു വിമോചന സമരം. ഭൂവുടമസ്ഥതാബന്ധങ്ങളിൽ സമഗ്രമായ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട കാർഷിക ബന്ധ ബില്ലും, സംസ്ഥാനത്തിന്റെ ഭക്ഷ്യകമ്മി നികത്താൻ സ്വീകരിച്ച നിലപാടുകളും ആയി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും ആ സമരത്തിന് വഴിയൊരുക്കിയ പ്രധാന ഘടകങ്ങളാണ്. അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനോടുള്ള എതിർപ്പ് അതിന്റെ ഏറ്റവും ശ്രദ്ധേയമായ കാരണമായിരുന്നു.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ നവീനതകളെ കുറിച്ച് കേരളത്തിലെ പല പരമ്പരാഗത സമൂഹത്തിലെ വിഭാഗങ്ങൾക്കും ഉണ്ടായ ആശങ്കകൾ ഈ പ്രക്ഷോഭത്തെ സഹായിച്ചു. വിമോചന സമരത്തിൻ്റെ ശരിയേയും ,നൈതികതയെയും സംബന്ധിച്ച ചർച്ചകൾ ഇന്നും കേരള സമൂഹത്തിൽ കെട്ടടങ്ങിയിട്ടില്ലാത്തതാണ്.
വിമോചന സമരം കലുഷിതമായിരുന്ന കേരളത്തിൽ ഉയർന്നുകേട്ട മുദ്രാവാക്യം ആയിരുന്നു
” തമ്പ്രാൻ എന്ന് വിളിപ്പിക്കും
പാളെ കഞ്ഞി കുടിപ്പിക്കും
ചാത്തൻ പൂട്ടാൻ പോകട്ടെ
ചാക്കോ നാട് ഭരിക്കട്ടെ”
ഈ ജാതി നിറഞ്ഞ മുദ്രാവാക്യത്തിൽ അധിക്ഷേപിക്കപ്പെട്ട ചാത്തൻ അന്നത്തെ തദ്ദേശസ്വയംഭരണ, പട്ടികജാതി വകുപ്പ് മന്ത്രി ആയിരുന്ന സ. പി. കെ. ചാത്തൻ മാസ്റ്റർ ആണ്.
കേരളത്തിലെ ദളിത് വിമോചന സമരങ്ങളോടൊപ്പവും, കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളോടൊപ്പവും ചേർത്ത് വായിക്കേണ്ടുന്ന ചുരുക്കം പേരുകളിൽ ഒന്ന് അദ്ദേഹത്തിൻ്റെതാണ്. തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലെ മാടായിക്കോണത്ത് പയ്യപ്പള്ളി വീട്ടിൽ കാവാലന്റെയും ചക്കിയുടെയും മകനായി 1920 ൽ ജനനം. സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചതിനുശേഷം അദ്ദേഹം എറണാകുളത്തെ മഹാരാജാസ് കോളേജിൽ ചേർന്നു. പഠനത്തോടൊപ്പം പൊതുപ്രവർത്തനവും അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭാഗമാക്കി തുടർന്ന് പഠനം പൂർത്തീകരിക്കാതെ തന്റെ നാടായ ഇരിഞ്ഞാലക്കുടയിലേക്ക് തിരിച്ചെത്തി മുഴുവൻ സമയ പൊതുപ്രവർത്തകനായി.
തന്റെ ജനത സംഘടിതരല്ലെന്നും,ശക്തരല്ലെന്നും തിരിച്ചറിഞ്ഞു .അദ്ദേഹം ഇരിഞ്ഞാലക്കുടയിലെ ഓരോ പുലയ മാടങ്ങളിലുമെത്തി സംവദിച്ചു. സമസ്ത കൊച്ചി പുലയർ മഹാസഭയിൽ പ്രവർത്തനമാരംഭിച്ചു .തന്റെ ജനതയുടെ ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ മാത്രമേ കൈവരിക്കാൻ കഴിയൂ എന്ന് തിരിച്ചറിഞ്ഞ് അതിൻറെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി.
മലയാളക്കരയിൽ ആ കാലത്ത് നിറഞ്ഞാടിയിരുന്ന ജാതീയത തന്റെ ജനതയെ പലയിടങ്ങളിൽ നിന്നും ആട്ടിയകറ്റുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞദ്ദേഹം ജാതി ചിന്തകൾക്കെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി 1948 ജൂണിൽ സമസ്ത കൊച്ചി പുലയർ മഹാസഭയുടെ വാർഷിക സമ്മേളനത്തിന് സംഭാവന പിരിക്കാൻ ഇരിഞ്ഞാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപത്തുള്ള കുട്ടൻകുളം റോഡിലിറങ്ങി നടന്ന ദളിത് സ്ത്രീകളെ ഗുണ്ടകൾ മർദ്ദിച്ചു. ഇതിൽ പ്രതിഷേധിച്ച് ഇരിഞ്ഞാലക്കുട അയ്യങ്കാവ് മൈതാനത്ത് ജൂൺ 24ന് സർക്കാരിന്റെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധയോഗം നടത്തിയതിന് ചാത്തൻ മാസ്റ്ററെ ക്രൂരമായി പോലീസ് മർദ്ദിച്ച സംഭവം ഇതിന് ഏറ്റവും ഉത്തമ ഉദാഹരണമാണ് , പാലിയം സമരവും ,കൂടംകുളം സമരം തുടങ്ങിയ സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കുന്നതിന് വേണ്ടിയുള്ള പോരാട്ടങ്ങളിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു.
1948 ൽ സിപിഐയിൽ അംഗമായി സമ്പന്നമായ ബഹുജനബന്ധത്തിന്റെയും ,സംഘാടക മികവിന്റെയും പിൻബലത്തിൽ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം അവമതിക്കാനാകാത്ത പാർട്ടി നേതാവായി വളർന്നു. പോറത്തശ്ശേരി പഞ്ചായത്ത് പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു . 19 54 ൽ തിരുകൊച്ചി നിയമസഭാ അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1957ലെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ ചാലക്കുടി ധ്വയാംഗമണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിൽ എത്തി. ആദ്യ മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ, പട്ടികജാതി വകുപ്പ് മന്ത്രിയുമായി. ആ കാലത്ത് സമുദായ സംഘടന പ്രവർത്തനത്തിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹത്തിന് ആയില്ല അങ്ങനെ പുലയർ മഹാസഭ നിശ്ചലമായി. 1967 ലെ തെരഞ്ഞെടുപ്പിൽ പി. പി ജോർജിനോട് നിസാര വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെട്ടു.
ഇത് അദ്ദേഹത്തെ ഇരുത്തി ചിന്തിപ്പിച്ചു. തൻറെ സമുദായം സംഘടിതരല്ലാത്തതിന്റെ പരിണിതഫലമാണിത് എന്ന് തിരിച്ചറിഞ്ഞ് തിരുവിതാംകൂർ പുലയർ മഹാസഭ, സമസ്ത കൊച്ചി പുലയർ മഹാസഭ എന്നിവയെ ഒന്നിപ്പിച്ച് 1968 ൽ വൃന്ദാവനം സ്കൂളിൽ ചേർന്ന യോഗത്തിൽ പുലയർ മഹാസഭയ്ക്ക് രൂപം നൽകി. അങ്ങനെ കേരളത്തിലെ ഏറ്റവും വലിയ ദളിത് പ്രസ്ഥാനം നിലവിൽ വന്നു ചാത്തൻ മാസ്റ്റർ പ്രഥമ പ്രസിഡന്റുമായി.
1970 ലും 77 ലും കിളിമാനൂരിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു ഈ കാലയളവ് മുഴുവൻ പട്ടികജാതി ,പട്ടികവർഗ്ഗ ജനതയ്ക്ക് വേണ്ടി അഹോരാത്രം അദ്ദേഹം പ്രവർത്തിച്ചു. പട്ടികജാതിക്കാർ പ്രതികളായാൽ സർക്കാർ ചെലവിൽ കേസ് നടത്തണമെന്ന നിയമം അദ്ദേഹം ഉണ്ടാക്കിയത് ഈ കാലത്ത് ആയിരുന്നു. പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമസമിതിയുടെ ചെയർമാനായും, കേരള ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് വൈസ് ചെയർമാൻ ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അധികാരത്തെ എങ്ങനെ സമുദായത്തോട് ചേർത്ത് നിർത്തണം എന്ന് സ്വജീവിതം കൊണ്ട് കാട്ടിത്തന്ന അദ്ദേഹം 1988 ഏപ്രിൽ 22 ന് മരണപ്പെട്ടു.